വനിതാ കക്ഷിയോട് അപമര്യാദയായി പെരുമാറിയ ജഡ്ജിയെ സസ്പെൻഡ് ചെയ്തു
Wednesday, August 27, 2025 2:22 AM IST
കൊല്ലം: കുടുംബ കോടതിയിലെത്തിയ പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ജഡ്ജിയെ ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തു.
നിലവില്‍ കൊല്ലം എംഎസിടി ജഡ്ജിയായിരുന്ന വി. ഉദയകുമാറിനെയാണു ഹൈക്കോടതി രജിസ്ട്രാര്‍ (ഡിസ്ട്രിക്ട് ജുഡീഷറി) നിക്സണ് എം. ജോസഫ് സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. കൊല്ലം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ടുകളും ഉദയകുമാറിനെതിരേ ലഭിച്ച രേഖാമൂലമുള്ള പരാതികളും പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.
കഴിഞ്ഞ 19നായിരുന്നു സംഭവം. കുടുംബ കോടതി ജഡ്ജിയുടെ ചേംബറില്‍ എത്തിയ വനിതാ കക്ഷിയോടാണ് അദ്ദേഹം അപമര്യാദയായി പെരുമാറിയത്. തുടര്‍ന്ന് യുവതി ജില്ലാ ജഡ്ജിക്കു പരാതി നല്‍കുകയും ഈ പരാതി ഹൈക്കോടതിക്ക് കൈമാറുകയും ചെയ്തു. പരാതി ലഭിച്ച് അടുത്തദിവസം ജഡ്ജിയെ സ്ഥലം മാറ്റി ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ചവറ കുടുംബ കോടതി ജഡ്ജിയായിരിക്കുന്പോഴാണ് വി. ഉദയകുമാറിനെ എംഎസിടി കോടതിയിലേക്കു സ്ഥലം മാറ്റിയത്. ജഡ്ജി എംഎസിടിയില്‍ ചുമതലയേറ്റെടുത്തെങ്കിലും അവധിയില്‍ പോയിരിക്കുകയായിരുന്നു. അഡീഷണൽ ജില്ലാ ജഡ്ജിക്ക് കൊല്ലം എംഎസിടി ജഡ്ജിയുടെ ചുമതല കൈമാറാനും നിർദേശിച്ചിട്ടുണ്ട്.