ജീവനക്കാർക്ക് 4500 രൂപ ബോണസ്, 3000 രൂപ ഉത്സവബത്ത
Tuesday, August 26, 2025 1:50 AM IST
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വർധിപ്പിച്ചു. ഇത്തവണ 4500 രൂപ ബോണസ് ലഭിക്കും.
ബോണസിന് അർഹത ഇല്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയിൽനിന്നും 3000 രൂപയായി ഉയർത്തി നൽകുമെന്നും ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു.
സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവബത്ത 250 രൂപ വർധിപ്പിച്ച് 1250 രൂപയാക്കി. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും.
സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട് ടൈം, കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്.കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ-സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും 250 രൂപവീതം വർധിപ്പിച്ചു.
ക്ഷാമബത്ത, ക്ഷാമാശ്വാസം ഉത്തരവായി
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെയും കുടുംബപെൻഷൻകാരുടെയും ക്ഷാമാശ്വാസവും മൂന്നു ശതമാനം വീതം വർധിപ്പിച്ചു കൊണ്ട് സർക്കാർ ഉത്തരവായി. ഇതോടെ ക്ഷാമബത്തയും ക്ഷാമാശ്വാസവും 15 ശതമാനത്തിൽ നിന്ന് 18 ശതമാനമായി വർധിച്ചു.
വർധിപ്പിച്ച ക്ഷാമബത്ത ഓഗസ്റ്റിലെ ശന്പളത്തോടൊപ്പവും ക്ഷാമാശ്വാസം സെപ്റ്റംബറിലെ പെൻഷനോടൊപ്പവും ലഭിക്കും. എന്നാൽ കുടിശിക സംബന്ധിച്ച് പരാമർശങ്ങളൊന്നുമില്ല. സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, എയ്ഡഡ് സ്കൂൾ ജീവനക്കാർ, സ്വകാര്യ കോളജുകൾ, പോളിടെക്നിക്കുകൾ, മുഴുവൻ സമയ കണ്ടിജന്റ് ജീവനക്കാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർക്കാണ് വർധിപ്പിച്ച ക്ഷാമബത്തയുടെ പ്രയോജനം ലഭിക്കുന്നത്.