2.40 കോടി സ്വാഹ! ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് വീണ്ടും
Monday, August 25, 2025 3:36 AM IST
കാഞ്ഞങ്ങാട്: ഡിജിറ്റല്‍ അറസ്റ്റ് ചെയ്തെന്ന് ഭീഷണിപ്പെടുത്തി കാഞ്ഞങ്ങാട്ടെ റിട്ട. മുഖ്യാധ്യാപകന്റെയും ഭാര്യയായ ഹോമിയോ ഡോക്ടറെയും കബളിപ്പിച്ച് സൈബര്‍ തട്ടിപ്പുസംഘം തട്ടിയെടുത്തത് 2.40 കോടി രൂപ. ഈ മാസം എട്ടിനാണ്, ന്യൂഡല്‍ഹിയിലെ ട്രായിയില്നിന്നാണെന്നു പറഞ്ഞ് ആദ്യം ഫോണ്‍വിളിയെത്തിയത്. പിന്നാലെ മുംബൈ സിബിഐയിൽനിന്നാണെന്നു പറഞ്ഞു വീഡിയോ കോളുമെത്തി.
പോലീസ് യൂണിഫോമിട്ട ഒരാളാണ് വീഡിയോ കോളില്‍ പ്രത്യക്ഷപ്പെട്ടത്. ഹിന്ദിയില്‍ സംസാരിക്കുകയും ഒപ്പം മലയാള പരിഭാഷകനെത്തുകയും ചെയ്തു. എന്നാല്‍, മലയാളം പരിഭാഷകനെ നേരില്‍ കാണാനായില്ല. ഭാര്യയുടെ കനറാ ബാങ്ക് അക്കൗണ്ടിലേക്ക് 20 ലക്ഷം രൂപ 2022 മുതല്‍ വന്നിട്ടുണ്ടെന്നു സംഘം പറഞ്ഞു.
അത്തരം അക്കൗണ്ടില്ലെന്ന് അറിയിച്ചപ്പോള്‍, ഭാര്യയുടെ ആധാര്‍ കാര്‍ഡിന്റെ കോപ്പി അവര്‍ വാട്സാപ്പ് കോളില്‍ കാണിച്ച് വിശ്വാസ്യത നേടി. രണ്ടു കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് നരേഷ് ഗോയല്‍ എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അയാള്‍ ഉള്‍പ്പെടെ 247 ആളുകള്‍ ഈ കേസില്‍ ഉണ്ടെന്നും ഭാര്യ അതിലൊരാളാണെന്നും റിട്ട. മുഖ്യാധ്യാപകനോടു പറഞ്ഞു. ഭാര്യയുടെ അക്കൗണ്ട് പരിശോധിച്ചശേഷം നരേഷ് ഗോയലുമായി ബന്ധമുണ്ടോ എന്നു പരിശോധിക്കണമെന്നാണ് അറിയിച്ചത്. ഒരു കത്തെഴുതി രണ്ടു പേരുടെയും ഫോട്ടോ ഒപ്പിട്ട് അയച്ചുകൊടുക്കാന്‍ പറഞ്ഞു.
കോടതിയില്‍ നല്കാനാണെന്നു പറഞ്ഞതോടെ ഇത് വിശ്വസിച്ച ദമ്പതികള്‍ അയച്ചുകൊടുത്തു. പിന്നീട് പല നമ്പറുകളില്‍ നിന്നും വീഡിയോ കോള്‍ വന്നു. അക്കൗണ്ട് വ്യക്തത വരുത്താന്‍ എന്നാണു പറഞ്ഞത്. പിന്നീട് രണ്ടു പേരുടെയും മുഴുവന്‍ അക്കൗണ്ട് വിവരങ്ങളും അതിലുള്ള തുകയും അവര്‍ ചോദിച്ചു. ഹൊസ്ദുര്‍ഗ് കോ-ഓപ്പറേറ്റീവ് ബാങ്കിലും ഹൊസ്ദുര്‍ഗ് കോഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റിയിലും ഉള്ള അക്കൗണ്ട് വിവരങ്ങള്‍ കൈമാറി.
അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കാന്‍ ഇലക്ട്രോണിക് ഫണ്ട് കൈമാറ്റസംവിധാനമായ ആര്‍ടിജിഎസ് (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്) വഴി അവരുടെ അക്കൗണ്ടിലേക്കു പണം കൈമാറ്റം ചെയ്യണമെന്നു പറഞ്ഞു. ഇതോടെ രണ്ടു ബാങ്കുകളിലെ അക്കൗണ്ടുകളും കാഞ്ഞങ്ങാട് പുതിയകോട്ടയിലെ കര്‍ണാടക ബാങ്കിലേക്കു മാറ്റി. അധ്യാപകന്റെ അക്കൗണ്ടുകളില്‍ ഉള്ള 64 ലക്ഷവും 1,26,67,000 രൂപയും കര്‍ണാടക ബാങ്കിലേക്കു മാറ്റാന്‍ അപേക്ഷ നല്കി.
അതിനിടെ കേസ് നടക്കുന്നതിനാല്‍ അക്കൗണ്ടുകളിലെ പണം അയച്ചു കൊടുക്കാന്‍ സുപ്രീംകോടതിയുടെ വിധിയാണെന്നു സൂചിപ്പിക്കുന്ന കത്തും ഇവര്‍ക്കു കൈമാറി. ഇതോടെ ഫോണ്‍ വിളിച്ചവരുടെ നിര്‍ദേശപ്രകാരം കര്‍ണാടക ബാങ്കില്‍നിന്നു പണം വിവിധ ബാങ്കുകളിലേക്കു മാറ്റി. ഐസിഐസിഐ, മസ്കോട്ട് മാനേജ്മെന്റ് സൊല്യൂഷന്‍സ്, യെസ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയ ബാങ്കുകളിലേക്കാണു ദമ്പതികള്‍ പണം അയച്ചുകൊടുത്തത്. ഈ മാസം 21 വരെ വിവിധ ദിവസങ്ങളില്‍ തട്ടിപ്പ് സംഘം ബന്ധപ്പെട്ടിരുന്നു.
അധ്യാപകന് തന്റെ അക്കൗണ്ടുകളിലെ മുഴുവന്‍ തുകയും അയച്ചുകൊടുത്ത് കഴിഞ്ഞപ്പോഴായിരുന്നു ഭാര്യയുടെ അക്കൗണ്ടുകളിലെ പണംകൂടി അയയ്ക്കാന്‍ ആവശ്യപ്പെട്ടത്. ഇതോടെ റിട്ട. മുഖ്യാധ്യാപകന്‍ അടുത്ത ബന്ധുവിനെ വിവരം അറിയിച്ചു.
ഇദ്ദേഹം പണം അയയ്ക്കരുതെന്നു പറഞ്ഞതോടെ തുടര്‍ന്ന് പണം അയച്ചില്ല. നടപടികള്‍ അതീവരഹസ്യസ്വഭാവമുള്ളതാണെന്നും തങ്ങളുടെ അനുവാദമില്ലാതെ വീടുവിട്ട് പുറത്തുപോകരുതെന്നും സംഘം പറഞ്ഞിരുന്നു. കബളിപ്പിക്കപ്പെട്ടതായി മനസിലായതോടെ റിട്ട. മുഖ്യാധ്യാപകന്‍ പരാതി നല്കി. കാസര്‍ഗോഡ് സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.