കേരള വ്യോമയാന ഉച്ചകോടി ; കേരളം വ്യോമഗതാഗത ഹബ്ബാകാൻ ഏറെ സാധ്യതകൾ: മുഖ്യമന്ത്രി
Sunday, August 24, 2025 12:52 AM IST
നെടുന്പാശേരി: വ്യോമഗതാഗത ഹബ്ബായി മാറാൻ കേരളത്തിന് ഏറെ സാധ്യതയുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ഫിക്കിയുടെ സഹകരണത്തോടെ സിയാൽ സംഘടിപ്പിച്ച കേരള വ്യോമയാന ഉച്ചകോടി ( കേരള ഏവിയേഷൻ സമ്മിറ്റ് 2025) ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വ്യോമയാന വ്യവസായത്തിൽ സിയാൽ ജനകീയ മാതൃക തീർത്തെന്നും മുഖ്യമന്ത്രി പറഞ്ഞു.
യാത്രാച്ചെലവും പ്രവർത്തനച്ചെലവും കുറച്ച് വിമാനയാത്ര ജനകീയമാക്കണം. വ്യോമയാന വ്യവസായ മേഖലയുടെ വളർച്ചയ്ക്ക് ആസൂത്രിതമായ ഇടപെടൽ നടത്തണം. ദേശീയ, പ്രാദേശിക വ്യോമയാന ചർച്ചകളിൽ കേരളത്തിന്റെ പ്രാതിനിധ്യം ഉറപ്പുവരുത്തും.
നിക്ഷേപ, നവീകരണ സാധ്യതകൾ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എയർപോർട്ട് ഹെൽത്ത് ഓഫീസിനായി (എപിഎച്ച്ഒ) സിയാലിൽ ആരംഭിക്കുന്ന എയർപോർട്ട് ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.
ആരോഗ്യകേന്ദ്രത്തിന്റെ താക്കോൽദാനം റവന്യു മന്ത്രി കെ. രാജൻ നിർവഹിച്ചു. മന്ത്രി പി. രാജീവ് അധ്യക്ഷനായിരുന്നു. ബെന്നി ബെഹനാൻ എംപി, സിയാൽ ഡയറക്ടർമാരായ അരുണ സുന്ദർരാജൻ, എൻ.വി. ജോർജ്, വർഗീസ് ജേക്കബ്, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് ഡോ. എസ്. സെന്തിൽ നാഥൻ, ഫിക്കി സീനിയർ ഡയറക്ടർ മനോജ് മേത്ത എന്നിവരും പങ്കെടുത്തു.
സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് സ്വാഗതവും എയർപോർട്ട് ഡയറക്ടർ ജി. മനു നന്ദിയും പറഞ്ഞു.
എയർ ടാക്സി ഗതാഗതമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കും
നെടുമ്പാശേരി: സീപ്ലെയിൻ, ഹെലികോപ്റ്റർ, ഈവിറ്റോൾ എന്നിവ സമന്വയിപ്പിച്ച് എയർ ടാക്സി ആരംഭിച്ചാൽ കേരളത്തിലെ ഗതാഗതമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ സാധ്യമാകുമെന്ന് നെടുമ്പാശേരിയിൽ ആരംഭിച്ച പ്രഥമ കേരള വ്യോമയാന ഉച്ചകോടി. എയർ ടാക്സി സർവീസ് ആരംഭിക്കുന്നതിൽ സിയാലിനു നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്ന് പാനൽ ചർച്ചയിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായപ്പെട്ടു.
സീപ്ലെയിനുകൾക്ക് ടൂറിസം മേഖലയിൽ നിർണായകസ്വാധീനം ചെലുത്താൻ കഴിയുമെന്നും ജലസ്രോതസുകളും ഡാമുകളും ഉള്ളതിനാൽ കേരളത്തിനിത് ഏറ്റവും അനുയോജ്യമാണെന്നും ഉച്ചകോടിയിൽ പങ്കെടുത്തവർ പറഞ്ഞു.
ഹെലികോപ്റ്റർ ഓപ്പറേഷനായി കൂടുതൽ ഹെലിപാഡുകൾ ആവശ്യമാണ്. ഒറ്റ എൻജിൻ ഹെലികോപ്റ്ററുകൾക്ക് റൂഫ് ടോപ്പുകളിൽനിന്നു പറന്നുയരാനുള്ള അനുമതി നൽകണമെന്നും പാനൽ ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഇവിറ്റോളുകൾക്ക് പറന്നുയരാനും ലാൻഡ് ചെയ്യാനും ചെറിയ റൺവേ മതിയെന്നതിനാൽ കേരളത്തിൽ ഏറെ സാധ്യതയുണ്ട്. കേരളത്തിലെ റോഡുകൾക്ക് ഇരുവശവും സ്ഥലങ്ങൾ ലഭ്യമല്ലാത്തതിനാൽ ചെറിയ ഹെലികോപ്റ്ററുകൾ ഉണ്ടാക്കിയാൽ ഗതാഗതം സുഗമമാകുമെന്നും പാനൽ ചർച്ചയിൽ അഭിപ്രായമുയർന്നു.
തുമ്പി ഏവിയേഷൻ സിഎംഡി ഗ്രൂപ്പ് ക്യാപ്റ്റൻ ഡോ. കെ.എൻ.ജി. നായർ മോഡറേറ്ററായിരുന്നു. തീർഥാടന, വിനോദ സഞ്ചാര കണക്ടിവിറ്റിക്ക് ഹൈബ്രിഡ് എയർ ടാക്സി മികച്ചതാണെന്ന് സർള ഏവിയേഷൻ വൈസ് പ്രസിഡന്റ് പായൽ സതീഷ് പറഞ്ഞു.
സീ പ്ലെയിൻ ഓപ്പറേഷൻ നടത്തുന്നതിനായി കൂടുതൽ അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന് ഡി ഹാവിലാൻഡ് എയർക്രാഫ്റ്റ് ഓഫ് കാനഡ ലിമിറ്റഡ് ഇന്ത്യ ആർഎസ്ഒ പ്രതിനിധി സയ്ദ് കമ്രാൻ ഹുസൈൻ പറഞ്ഞു.
റോഡുകൾക്കായി അടിസ്ഥാനസൗകര്യം ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ സീ പ്ലെയിൻ അനുയോജ്യമാണെന്ന് ചിപ്സൺ സിഎംഡി സുനിൽ നാരായണും അഭിപ്രായപ്പെട്ടു.