ഒരു സ്ത്രീയെയും അപമാനിച്ചിട്ടില്ല; മലക്കംമറിഞ്ഞ് വി.കെ. ശ്രീകണ്ഠന്
Saturday, August 23, 2025 1:11 AM IST
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പരാതി ഉന്നയിച്ച സ്ത്രീകളെ അപമാനിച്ച സംഭവത്തില്‍ ഖേദംപ്രകടിപ്പിച്ച് വി.കെ. ശ്രീകണ്ഠന് എംപി. പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ്. പരാതിക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടായെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും വി.കെ. ശ്രീകണ്ഠന് വ്യക്തമാക്കി.
“രാഹുല്‍ മാങ്കൂട്ടത്തിലിനെ വെള്ളപൂശാനോ സംരക്ഷിക്കാനോ ഞാന്‍ ശ്രമിച്ചിട്ടില്ല. രാഹുലിനെതിരേ ആരോപണം ഉയര്‍ന്നുവന്നപ്പോള്‍ തന്നെ പാര്‍ട്ടി നടപടിയെടുത്തുവെന്നാണ് പറഞ്ഞത്. രാഹുലിനെതിരായ പരാതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍, പരാതിക്കാരെക്കുറിച്ച് വിശദമായി അന്വേഷിക്കണം, രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണം എന്നാണ് താന്‍ പറഞ്ഞത്’’- ശ്രീകണ്ഠൻ വിശദീകരിച്ചു.
രാഹുലിനെതിരേ പരാതിനല്‍കിയ സ്ത്രീകൾ അര്ധവസത്രം ധരിച്ച് മന്ത്രിമാര്‍ക്കൊപ്പം നില്ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നില്ലേ, വെളിപ്പെടുത്തലിനു പിന്നിലെ രാഷ്ടീയപശ്ചാത്തലം പരിശോധിക്കണം തുടങ്ങിയ പ്രതികരണങ്ങളാണ് വി.കെ. ശ്രീകണ്ഠന് നടത്തിയിരുന്നത്. രാഹുലിനുനേരേ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലാണെന്നും ശ്രീകണ്ഠന് പറഞ്ഞിരുന്നു.