ഗര്‍ഭഛിദ്രത്തിനു പ്രേരിപ്പിച്ചെന്ന പരാതി: രാഹുലിനെതിരേ തത്കാലം കേസെടുക്കില്ല
Saturday, August 23, 2025 1:11 AM IST
കൊച്ചി: നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനു പ്രേരിപ്പിച്ചെന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ പരാതിയില്‍ തത്കാലം കേസെടുക്കാനില്ലെന്ന നിലപാടില്‍ പോലീസ്.
മാധ്യമവാര്ത്തകള്ക്കപ്പുറം പരാതിക്കാരന് കൂടുതല്‍ തെളിവുകള്‍ ഹാജരാകാത്ത സാഹചര്യത്തില്‍ കേസെടുത്താല്‍ കോടതിയില്‍ തിരിച്ചടിയാകുമെന്നുള്ള നിയമോപദേശത്തിന്റെ പശ്ചാത്തലത്തിലാണിത്. കൂടുതല്‍ തെളിവുകള്‍ പരാതിക്കാരന് ഹാജരാക്കിയാല്‍ മാത്രം തുടര്‍നടപടി സ്വീകരിച്ചാല്‍ മതിയെന്നുമാണ് പോലീസിന് ലഭിച്ചിട്ടുള്ള നിയമോപദേശം.
രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നതിനു പിന്നാലെയാണ് അദ്ദേഹത്തിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ടു അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യന്‍ എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയത്.
സംഭവവുമായി ബന്ധപ്പെട്ട മാധ്യമവാര്ത്തകളാണു പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുള്ളത്. രാഹുലിനെതിരേ ബാലാവകാശ കമ്മീഷനിലും അഡ്വ. ഷിന്റോ പരാതി നല്‍കിയിട്ടുണ്ട്.