സിന്‍ഡിക്കറ്റ് യോഗം ; വിസിയുടെ അപ്പീല്‍ ഹർജി ഡിവിഷൻ ബെഞ്ച് തള്ളി
Friday, August 22, 2025 2:16 AM IST
കൊച്ചി: സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ ഗവ. സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന ആവശ്യം തള്ളിയ സിംഗിള്‍ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരേ വിസി നല്കിയ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.
സര്‍ക്കാര്‍ പ്രതിനിധികളായ ധനകാര്യ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറിമാരും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറും തുടര്‍ച്ചയായി സിന്‍ഡിക്കേറ്റ് യോഗങ്ങളില്‍നിന്നു വിട്ടുനില്‍ക്കുന്നത് പ്രതിസന്ധിക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജിയിലെ ഇടക്കാല ആവശ്യം തള്ളിയത് ചോദ്യം ചെയ്ത് വൈസ് ചാന്‍സലര്‍ ഡോ.കെ. ശിവപ്രസാദ് നല്കിയ അപ്പീല്‍ ഹര്‍ജിയാണ് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് പരിഗണിച്ചത്.
സാങ്കേതിക സര്‍വകലാശാലയുടെ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും ഇടക്കാല ഉത്തരവിന്മേല് അപ്പീല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നുമായിരുന്നു സര്‍ക്കാർ വാദം.