ഫയൽ അദാലത്ത്: മന്ത്രിമാരും സെക്രട്ടറിമാരും അടിയന്തര യോഗം വിളിക്കണം
Thursday, August 21, 2025 2:02 AM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലും വകുപ്പ് അധ്യക്ഷന്മാരുടെ കാര്യാലയങ്ങളിലും ഫയൽ അദാലത്ത് പ്രഖ്യാപിച്ച് ഒന്നര മാസം പിന്നിട്ടിട്ടും പിന്നാക്കം നിൽക്കുന്ന വകുപ്പുകളിൽ മന്ത്രിമാർ അടിയന്തരയോഗം വിളിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം.
ഫയൽ തീർപ്പാക്കലിൽ മുന്പ് തീരുമാനിച്ച പ്രകാരം പുരോഗതി കൈവരിക്കാത്ത വകുപ്പുകളിൽ യോഗം വിളിക്കാൻ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരെയും സെക്രട്ടറിമാരെയും മന്ത്രിസഭ ചുമതലപ്പെടുത്തി. രണ്ടാഴ്ച മുൻപു ചേർന്ന മന്ത്രിസഭയിലും ഫയൽ തീർപ്പാക്കൽ വേഗത്തിലാക്കാൻ നിർദേശിച്ചിട്ടും പല വകുപ്പുകളിലും നടപ്പാകാത്ത സാഹചര്യത്തിലാണ് അടിയന്തര നിർദേശം.
2025 മേയ് 31 വരെ കുടിശികയുള്ള ഫയലുകൾ തീർപ്പാക്കാൻ ജൂലൈ ഒന്നുമുതൽ ഓഗസ്റ്റ് 31 വരെ ഫയൽ അദാലത്ത് പ്രഖ്യാപിച്ചിരുന്നു. ഫയൽ അദാലത്തിന്റെ പുരോഗതി മന്ത്രിസഭായോഗം വിലയിരുത്തി. പല വകുപ്പുകളിലും ഉദ്ദേശിച്ച രീതിയിൽ പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണു വിലയിരുത്തൽ.
റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി പൂർത്തീകരിക്കാൻ വിവിധ വകുപ്പുകൾ സമർപ്പിച്ച പദ്ധതികളും അംഗീകരിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ പത്തനംതിട്ട ജില്ലയിലെ മൂന്നു റോഡുകൾ, കൊല്ലത്തെ ഒൻപത് റോഡുകൾ, തദ്ദേശ വകുപ്പിന്റെ വട്ടവട പഞ്ചായത്തിലെ മൂന്നു റോഡുകൾ എന്നീ പ്രവൃത്തികളാണ് അംഗീകരിച്ചത്.