വിലങ്ങാട്: ഉപജീവന നഷ്ടപരിഹാരം ഒന്പത് മാസത്തേക്കുകൂടി നീട്ടും
Thursday, August 21, 2025 2:02 AM IST
തിരുവനന്തപുരം: നാദാപുരം വിലങ്ങാട് ദുരന്ത ബാധിതർക്ക് വയനാട് ചൂരൽമലയിൽ അനുവദിച്ചതിന് സമാനമായ ഉപജീവന നഷ്ടപരിഹാരം ഒമ്പത് മാസത്തേക്കു കൂടി നീട്ടി നൽകാൻ റവന്യു മന്ത്രി കെ. രാജൻ വിളിച്ചു ചേർത്ത യോഗം നിർദേശിച്ചു.
നഷ്ടപരിഹാരം സംബന്ധിച്ച് ലഭ്യമായ പുതിയ പരാതികൾ പരിശോധിച്ച് അർഹരാവർക്കു കൂടി ഉപജീവന നഷ്ടപരിഹാരം നൽകാൻ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർക്ക് മന്ത്രി നിർദേശം നൽകി.
താമസയോഗ്യമായ പ്രദേശങ്ങൾ ഉറപ്പാക്കാൻ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ ലാൻഡ്സ്ലൈഡ് അഡൈ്വസറി കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലയിൽ പരിശോധന നടത്തും. ദുരന്തത്തിൽ തകർന്ന റോഡ്, പാലങ്ങൾ എന്നിവയ്ക്കുള്ള നിർദേശങ്ങൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ട്. ഇതിനുള്ള ഫണ്ട് ഉടൻ ലഭ്യമാക്കും.
ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട 49 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം അനുവദിച്ചു. തുക ലഭ്യമായി മൂന്ന് മാസം കൂടി ചൂരൽമല ദുരന്തബാധിതർക്ക് സമാനമായി ഇവിടെയും 6,000 രൂപ വീതം വീട്ടുവാടകയും ഉറപ്പുവരുത്തും.