സിപിഎം കത്ത് വിവാദം: വീണ്ടും പ്രതികരണവുമായി ഷര്‍ഷാദ്
Wednesday, August 20, 2025 2:23 AM IST
കണ്ണൂര്‍: സിപിഎം കത്ത് വിവാദവുമായി ബന്ധപ്പെട്ട് മുഹമ്മദ് ഷര്‍ഷാദ് ഫേസ്ബുക്കില്‍ പ്രതികരണവുമായി രംഗത്തെത്തി. താന്‍ വ്യവസായി അല്ല, ഒരു ബിസിനസുകാരന് മാത്രമാണെന്നും മാധ്യമങ്ങള്‍തന്നെയാണ് പലപ്പോഴും വ്യവസായിയായി തന്നെ ചിത്രീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹി ഹൈക്കോടതിയില്‍ രാജേഷ് കൃഷ്ണ ഫയല്‍ ചെയ്ത കേസില്‍ ചില മാധ്യമസ്ഥാപനങ്ങളോടൊപ്പം തന്നെയും പ്രതിയായി ഉള്‍പ്പെടുത്തിയതാണ് വിവാദത്തിനു തുടക്കമെന്നാണ് ഷര്‍ഷാദ് പറയുന്നത്.
മാധ്യമങ്ങള്‍ക്ക് സ്വാഭാവികമായും കേസ് റിപ്പോര്‍ട്ട് ചെയ്യേണ്ടി വന്നപ്പോള്‍ തന്നെയും ബന്ധപ്പെട്ട് പ്രതികരണം തേടുകയായിരുന്നുവെന്നും അതാണ് ഇപ്പോള്‍ വളച്ചൊടിച്ച് ആരോപണങ്ങളാക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
“ഞാന്‍ ആരെയും സാമ്പത്തികമായി പറ്റിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയിലും ചാനലുകളിലും തുറന്നുപറയുന്നവനാണ് ഞാന്‍. ബാങ്ക് വായ്പാ പ്രശ്നവുമായി ബന്ധപ്പെട്ട് എനിക്കെതിരേ പ്രചരിക്കുന്ന ജപ്തി ആരോപണം വാസ്തവവിരുദ്ധമാണ്. കുടുംബം തകര്‍ത്തവനെ ഞാന്‍ ഒരിക്കലും വെറുതെ വിടില്ല.
പാര്‍ട്ടിക്കുള്ളില്‍ പരാതി നല്കിയതും അതിന്റെ അടിസ്ഥാനത്തില്‍ നടപടികളുണ്ടായതും വാസ്തവമാണ്. സ്വന്തം കുടുംബജീവിതത്തിലെ പ്രതിസന്ധികള്‍, കുട്ടികളെ കാണാന്‍ കഴിയാത്ത സാഹചര്യം, വ്യാജ പ്രചാരണങ്ങള്‍ എന്നിവയെല്ലാം എന്നെ ബാധിച്ചിട്ടുണ്ട്’’ - അദ്ദേഹം പോസ്റ്റില്‍ പരാമര്‍ശിച്ചു.
മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ച് പ്രചരിപ്പിച്ചതായും താന്‍ പറഞ്ഞത് വാസ്തവമാണെന്നും ബോധമുള്ള മലയാളികള്‍ക്ക് അത് മനസിലായി എന്നും ഷര്‍ഷാദ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.