കണ്ണൂരിലും കാസർഗോട്ടും തെരുവുനായ 20 പേരെ കടിച്ചുകീറി
Wednesday, August 20, 2025 2:23 AM IST
കണ്ണൂർ, കാസർഗോഡ് ജില്ല കളിൽ വീണ്ടും തെരുവുനായയുടെ ആക്രമണം. കണ്ണൂർ നഗരത്തിൽ സബ് ജയിൽ പരിസരം, കാൽടെക്സ് ഭാഗങ്ങളിൽനിന്നാണ് 14 പേർക്ക് തെരുവുനായയുടെ കടിയേറ്റത്. ഇവരെല്ലാം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവത്തിന്റെ തുടക്കം.
മൂന്നു പേർക്ക് സബ് ജയിൽ പരിസരത്തുനിന്നാണ് നായയുടെ കടിയേറ്റത്. കാൾടെക്സിൽവച്ച് 11 പേർക്കും കടിയേറ്റു. ഗോപിക (20) പാപ്പിനിശേരി, നിസാർ (25) താവക്കര, ഫ്രാൻസിസ് (73), പ്രതാപ് (25) കണ്ണപുരം, സുഹൈൽ (42) മാതമംഗലം, പദ്മനാഭൻ (64) ബ്ലാത്തൂർ, മോഹനൻ, സീമ, ചാന്ദ്നി, പ്രീത, സുധ തുടങ്ങിയവർക്കാണ് നായയുടെ കടിയേറ്റത്.
കാസർഗോഡ് നീർച്ചാൽ ഏണിയാർപ്പിൽ തെരുവുനായയുടെ ആക്രമണത്തിൽ ആറുപേർക്ക് പരിക്കേറ്റു. വീടിന്റെ സിറ്റൗട്ടിൽ കളിക്കുകയായിരുന്ന മൂന്നുവയസുകാരി നവന്യ, ബിർമിനടുക്ക അങ്കണവാടിയിലെ ജീവനക്കാരി ജോൺസി എന്ന അശ്വതി(48), ഏണിയാർപ്പ് ലൈഫ് വില്ലയിലെ റിസ്വാന(19), കുദുക്കോളിയിലെ ഷാൻവി(10), ചന്ദ്രൻ(38), ബദിയടുക്കയിലെ ഗണേഷ്(31) എന്നിവർക്കാണ് കടിയേറ്റത്. തിങ്കളാഴ്ച വൈകുന്നേരം 5.30ഓടെയാണ് പാഞ്ഞെത്തിയ തെരുവുനായ വഴിനീളെ ആക്രമണം നടത്തിയത്.
നവന്യയെ കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.