വിസി നിയമനം: ഗവർണർ റിവ്യു ഹർജി നൽകും
Wednesday, August 20, 2025 2:23 AM IST
തിരുവനന്തപുരം: സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിനുള്ള സുപ്രീംകോടതി വിധിക്കെതിരേ ഗവർണർ റിവ്യു ഹർജി സമർപ്പിക്കും.
യുജിസി പ്രതിനിധിയെ ഒഴിവാക്കി വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപീകരിച്ചുള്ള ഉത്തരവിനെതിരേയാ ണ് സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകുക.
പുനഃപരിശോധനാ ഹർജി സമർപ്പിക്കുന്ന കാര്യം യുജിസിയെയും അറിയിക്കും. അക്കാദമിക് വിദഗ്ധരല്ലാത്തവർ സെർച്ച് കമ്മിറ്റിയിലുണ്ടാകുന്നത് യുജിസി ചട്ടങ്ങൾക്കു വിരുദ്ധമാണെന്ന കാര്യവും ചൂണ്ടിക്കാട്ടും.
അക്കാദമിക് വിദഗ്ധനല്ലാത്ത, വിരമിച്ച ജഡ്ജിയെ സേർച്ച് കമ്മിറ്റിയുടെ അധ്യക്ഷനാക്കിയതും നിയമനത്തിൽ മുഖ്യമന്ത്രിക്കു പ്രധാന ചുമതല നൽകുന്നതും യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടും. ഇതു സംബന്ധിച്ചു ഗവർണർ കൂടുതൽ നിയമോപദേശം തേടും.