മോട്ടോർ വാഹന വകുപ്പിൽ അധിക തസ്തികകൾ: മുഖ്യമന്ത്രിക്ക് പരാതി
Tuesday, August 19, 2025 2:04 AM IST
സി.എസ്. ദീപു
തൃശൂർ: സാന്പത്തിക പ്രതിസന്ധികൾക്കിടെ മോട്ടോർ വാഹന വകുപ്പിൽ എംവിഐമാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും അധിക തസ്തിക സൃഷ്ടിക്കാനുള്ള നീക്കത്തിനെതിരേ മുഖ്യമന്ത്രിക്കു പരാതി.
2018ൽ 1,500 കോടി ചെലവിട്ടു സേഫ് കേരള പദ്ധതി രൂപവത്കരിച്ച് 262 പേരെ നിയമിച്ചു. ഏതാനും മാസങ്ങൾക്കുമുന്പ് 70 എംവിഐമാരെ വീണ്ടും സേഫ് കേരള പദ്ധതിയുടെ ഭാഗമായി നിയമിച്ചു. നിലവിൽ 198 എംവിഐമാർ, 14 ജോയിന്റ് ആർടിഒമാർ, 510 എഎംവിഐ തസ്തികകൾ എന്നിവ സൃഷ്ടിക്കാനുള്ള ശിപാർശകളാണു പരിഗണിക്കുന്നത്.
മന്ത്രിയുടെയും, ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഓരോ എംഎൽഎമാരുടെയും ശിപാർശകളുടെ അടിസ്ഥാനത്തിൽ തസ്തികകൾ സൃഷ്ടിക്കുന്നതു പരിഗണിക്കണമെന്നു ചൂണ്ടിക്കാട്ടിയാണു ട്രാൻസ്പോർട്ട് കമ്മീഷണർ ട്രാൻസ്പോർട്ട് സെക്രട്ടറിക്കു കത്തുനൽകിയിരിക്കുന്നത്. ഇതുമായി മുന്നോട്ടുപോകാനുള്ള ശ്രമങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്. അധിക ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള നീക്കം സർക്കാരിനു വൻ സാന്പത്തിക ബാധ്യതയുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.
നിലവിൽ മോട്ടോർ വാഹന വകുപ്പിലെ എംവിഐ, എഎംവിഐ തസ്തികയിലുള്ളവർക്കു ഡ്രൈവിംഗ് ടെസ്റ്റുകളല്ലാതെ കാര്യമായ ജോലികളില്ലെന്ന ആരോപണമുണ്ട്. നേരത്തേ എൻഫോഴ്സ്മെന്റ്, ചെക്ക്പോസ്റ്റുകൾ എന്നിവിടങ്ങളിൽ നിരവധി പേരെ നിയമിച്ചിരുന്നു. കേന്ദ്ര നിർദേശപ്രകാരം ചെക്പോസ്റ്റുകളിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുകയും ഷിഫ്റ്റ് അടിസ്ഥാനത്തിലാക്കുകയും ചെയ്തു.
ആർടി ഓഫീസുകളിനിന്നു വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നത് ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സെന്ററുകളിലേക്കു മാറ്റുന്നതിന്റെ ഭാഗമായി 26 ടെസ്റ്റിംഗ് സെന്ററുകളുടെ ടെൻഡർ പൂർത്തിയായി.
ഡ്രൈവിംഗ് ടെസ്റ്റുകൾ അക്രഡിറ്റഡ് ഡ്രൈവർ ട്രെയിനിംഗ് സെന്ററുകളിലേക്കും മാറ്റാൻ നീക്കമുണ്ട്. ചുരുക്കത്തിൽ ആർടി ഓഫീസ്, സബ് ആർടി ഓഫീസുകൾ എന്നിവിടങ്ങളിലെ എംവിഐ, എഎംവിഐ എന്നിവർക്ക് കാര്യമായ ജോലിയില്ല.
ഈ ഉദ്യോഗസ്ഥരെ ഓരോ ജില്ലയിലെയും വാഹന പരിശോധനയ്ക്ക് എൻഫാഴ്സ്മെന്റ് ആർടി ഓഫീസിലേക്കു മാറ്റേണ്ട സാഹചര്യമാണ്. ഈ വസ്തുതകൾ മറച്ചുവച്ചാണു പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതെന്നു ടോറസ് ടിപ്പർ അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.