എഡിജിപിയുടെ അനധികൃത സ്വത്തുസന്പാദന കേസ്: അന്വേഷിക്കാൻ പുതിയ സംഘം ?
സ്വന്തം ലേഖകൻ
Monday, August 18, 2025 3:22 AM IST
തിരുവനന്തപുരം: അനധികൃത സ്വത്തു സന്പാദന കേസിൽ എഡിജിപി എം.ആർ. അജിത്കുമാറിന് ക്ലീൻചിറ്റ് നൽകിയ വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് വിജിലൻസ് കോടതി തള്ളിയതിനു പിന്നാലെ പുതിയ അന്വേഷണസംഘം വന്നേക്കും. പരാതിക്കാരുടെ മൊഴി അടക്കം വിജിലൻസ് അന്വേഷണസംഘം രേഖപ്പെടുത്താത്ത സാഹചര്യത്തിൽ 30നു കോടതി നേരിട്ട് മൊഴിയെടുക്കുന്നുണ്ട്.
ഇതിനു പിന്നാലെ കോടതി നിർദേശാനുസരണം പുതിയ വിജിലൻസ് അന്വേഷണസംഘത്തെ നിയോഗിക്കേണ്ടി വരുമെന്നാണു കരുതപ്പെടുന്നത്. വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാമിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകും എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ രൂപീകരിക്കുക. കോടതി നിർദേശിച്ചാൽ പിന്നീട് കേസെടുത്ത് അന്വേഷണം നടത്താൻ സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കേണ്ടി വരില്ലെന്നാണു കരുതുന്നത്.
ഹർജിക്കാരന്റെ മൊഴിയെടുക്കാതെ ആരോപണവിധേയനായ എഡിജിപി എം.ആർ. അജിത്കുമാറിന്റെ മാത്രം മൊഴി രേഖപ്പെടുത്തി അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച നടപടി നിയമപരമല്ലെന്ന വിമർശനം ഉയർന്നിരുന്നു. അതേസമയം വിജിലൻസ് കോടതി നിലപാടിനെതിരേ ഹൈക്കോടതിയെ സമീപിക്കുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്. അന്വേഷണ റിപ്പോർട്ട് തള്ളിയ വിജിലൻസ് കോടതി വിധിക്കെതിരേ അപ്പീൽ നൽകുന്ന കാര്യമാണ് സർക്കാർ പരിഗണനയിലുള്ളത്. വിജിലൻസ് കോടതി ഉത്തരവ് വിജിലൻസ് മാന്വവലിനു വിരുദ്ധമാണെന്നാണ് സർക്കാർ വിലയിരുത്തൽ.
വിജിലൻസ് കോടതി ഉത്തരവിലെ, മുഖ്യമന്ത്രിക്കെതിരായ പരാമർശം നീക്കം ചെയ്യാൻ ഹൈക്കോടതിയെ സമീപിക്കുന്നതും ആലോചനയിലുണ്ട്. വിജിലൻസ് കോടതി ഹർജിക്കാരന്റെ മൊഴി രേഖപ്പെടുത്തുന്നതിനു മുന്പ് ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നതിന്റെ സാധ്യതകളാണു പരിശോധിക്കുന്നത്.