വെഡ്ഡിംഗ് ആന്‍ഡ് മൈസ്: സമഗ്രനയം വേണം
Monday, August 18, 2025 3:08 AM IST
കൊച്ചി: വെഡ്ഡിംഗ് ആന്‍ഡ് മൈസ് (മീറ്റിംഗ്സ് ഇന്‍സെന്റീവ്സ്, കോണ്‍ഫറന്‍സസ്, എക്സിബിഷന്‍സ്) രംഗത്ത് സമഗ്ര നയം, പ്രമോഷന് ബ്യൂറോ, രാജ്യാന്തര പ്രചാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി മുന്നോട്ടു പോകാന്‍ ആഹ്വാനം ചെയ്ത് മൈസ് ഉച്ചകോടിക്കു സമാപനമായി. സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയാണു ത്രിദിന വെഡ്ഡിംഗ് ആന്‍ഡ് മൈസ് ഉച്ചകോടി നടത്തിയത്.
വെഡ്ഡിംഗ്-മൈസ് രംഗത്ത് കേരളത്തെ രാജ്യത്തെ ഒന്നാംനിരയില്‍ കൊണ്ടുവരാന്‍ തക്കവിധമുള്ള സമഗ്ര നയം അനിവാര്യമാണെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത കേരള ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന് പറഞ്ഞു.
വെഡ്ഡിംഗ് മൈസ് രംഗത്ത് രാജ്യത്തെ അളവുകോലായി കേരളം മാറുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന കെടിഎം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ് പറഞ്ഞു. സംസ്ഥാനത്തെ പ്രധാനപ്പെട്ട നഗരങ്ങളില്‍ മൈസ് പ്രമോഷന് ബ്യൂറോകള്‍ സ്ഥാപിക്കണമെന്ന ആവശ്യം കെടിഎം അവതരിപ്പിച്ചതായും അദ്ദേഹം അറിയിച്ചു.
ആകെ 6,623 ബിസിനസ് കൂടിക്കാഴ്ചകളാണ് ഉച്ചകോടിയില്‍ നടന്നത്.