എറണാകുളം-പാലക്കാട് മെമുവിൽ കോച്ച് കൂട്ടിയില്ല, യാത്രാദുരിതം തുടരും
Monday, August 18, 2025 3:08 AM IST
കൊച്ചി:എറണാകുളം-പാലക്കാട് മെമു യാത്രക്കാരോട് അവഗണന തുടർന്ന് റെയിൽവ. നിത്യവും വലിയ തിരക്ക് അനുഭവപ്പെടുന്ന ട്രെയിനിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യത്തോട് അധികൃതർ മുഖം തിരിഞ്ഞു നിൽക്കുകയാണ്.
രാവിലെ പാലക്കാട്ടുനിന്നു എറണാകുളത്തേക്കും ഉച്ചകഴിഞ്ഞു തിരിച്ചുമുള്ള മെമു സർവീസ് സ്ത്രീകൾ ഉൾപ്പടെ ജോലിക്കാർ വലിയ തോതിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. പല ദിവസങ്ങളിലും അപകടകരമായ രീതിയിൽ തൂങ്ങിക്കിടന്നാണു പലരുടെയും യാത്ര. എറണാകുളം-ഷൊർണൂർ പാസഞ്ചറിലെ കോച്ചുകൾ വർധിപ്പിച്ച മാതൃകയിൽ പാലക്കാട്-എറണാകുളം മെമുവിലും അധികകോച്ചുകൾ വേണമെന്നാണു യാത്രക്കാരുടെ ആവശ്യം.
ഈ റൂട്ടിൽ മെമു ആരംഭിച്ചതു മുതൽ ചൊവ്വാഴ്ചകളിൽ സർവീസ് ഇല്ല. സർവീസ് ആഴ്ചയിൽ എല്ലാ ദിവസവും വേണമെന്ന ആവശ്യവും യാത്രക്കാർ കാലങ്ങളായി ഉയർത്തുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല.
അതേസമയം, കോട്ടയം വഴിയുള്ള മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം 16 ആക്കുമെന്നു റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. നിലവിൽ കോട്ടയം വഴി 8, 12 കോച്ചുകളുള്ള മെമുവുമാണു സർവീസ് നടത്തുന്നത്. ഇവയ്ക്കു പകരം ഇനി 16 കോച്ചുകളുള്ള മെമു ട്രെയിനുകൾ ഓടിത്തുടങ്ങും.