ഭരണ സംവിധാനങ്ങള്‍ കുട്ടനാടിനെ അവഗണിക്കുന്നു: മാര്‍ തറയിൽ
Monday, August 18, 2025 3:22 AM IST
മങ്കൊമ്പ്: ജനങ്ങളെ തെരുവില്‍ ഇറക്കുന്ന ഭരണ വ്യവസ്ഥിതിയുടെ പേരാണോ ജനാധിപത്യമെന്നും ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യത്ത് ജനങ്ങള്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി തെരുവിറങ്ങേണ്ടി വരുന്നത് ഭൂഷണമാണോയെന്നും ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍.
അതിരൂക്ഷമായ വെള്ളപ്പൊക്കവും കാര്‍ഷിക പ്രതിസന്ധിയും മൂലം ജീവിതം ദുഃസഹമായിരിക്കുന്ന കുട്ടനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കര്‍ഷകദിനത്തില്‍ മങ്കൊമ്പ് തെക്കേക്കരയില്‍ നടത്തിയ കുട്ടനാട് ഐക്യദാര്‍ഢ്യ ധര്‍ണയില്‍ സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച്ബിഷപ്.
ജനങ്ങളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അതിനു നന്നായി പരിഹാരം കാണുകയാണ് ജനാധിപത്യ ഭരണസംവിധാനത്തില്‍ ഭരണാധികാരികള്‍ ചെയ്യേണ്ടത്. വര്‍ഷങ്ങളായി കുട്ടനാടിന്റെ പ്രശ്നങ്ങളുമായി രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കു മുമ്പില്‍ പോകുന്നുണ്ട്. പരിഹാരം എന്തൊക്കെയാണെന്ന് അവര്‍ക്കുമറിയാം. എന്നാല്‍ പരിഹാരം കാണുന്നില്ല. മറ്റൊരു രാജ്യത്തായിരുന്നെങ്കില്‍ കുട്ടനാടിനെ പൊന്നുപോലെ സംരക്ഷിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസം സാധ്യത പരിഗണിക്കുന്നില്ല
ലോകത്തിലെതന്നെ മനോഹരവും സാധ്യതകള്‍ നിറഞ്ഞതുമായ കുട്ടനാടിനെ അധികാരികള്‍ അവഗണിച്ച് സാധാരണ ജന ജീവിതം ദുഷ്കരമാക്കി നിഷ്ക്രിയത്വം പാലിക്കുന്നു. കുട്ടനാട്ടിലെ നൂറുകണക്കിനു വീടുകളില്‍നിന്നു നാലുമാസത്തിലധികമായി വെള്ളമിറങ്ങുന്നില്ല. കേരളത്തിന് ആയിരക്കണക്കിനുകോടി വരുമാനം നേടത്തക്കവിധമുള്ള വലിയ ടൂറിസം സാധ്യതയുള്ള പ്രദേശമാണ് കുട്ടനാട്. ഐക്യരാഷ്ട്രസഭയുടെപോലും ശ്രദ്ധനേടിയ കുട്ടനാട് കേരളത്തിലായതുകൊണ്ടാണ് ഇത്രയും അവഗണിക്കപ്പെട്ടുകിടക്കുന്നത്. കൃഷി ചെയ്തു സമ്പദ്ഘടനയെ പരിപോഷിപ്പിച്ച കര്‍ഷകര്‍ ഇന്ന് വലിയ പ്രതിസന്ധിയിലാണ്.
ചങ്ങനാശേരി അതിരൂപതയുടെ നാല്‍പ്പതു ശതമാനത്തോളം വരുന്ന വിശ്വാസ സമൂഹം ജീവിക്കുന്ന പ്രദേശമാണ് കുട്ടനാട്. സര്‍ക്കാര്‍ സംവിധാനങ്ങളൊന്നും കാര്യക്ഷമല്ലാതിരുന്ന കാലത്ത് കുട്ടനാട്ടിൽ ആരോഗ്യ, വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായി പ്രവര്‍ത്തിക്കാന്‍ സഭാസംവിധാനത്തിനു കഴിഞ്ഞിട്ടുണ്ട്. കുട്ടനാട് വികസനസമിതി, ചാസ്, ക്രിസ് എന്നീ സംഘടനകള്‍ കുട്ടനാടിന്റെ വളര്‍ച്ചയ്ക്കായി വികസനത്തിനുമായി പ്രവര്‍ത്തിച്ച ഒരു ചരിത്രം ചങ്ങനാശേരി അതിരൂപതയ്ക്കുണ്ട്.
സ്വാമിനാഥന് റിപ്പോര്‍ട്ട് നടപ്പാക്കാനായില്ല
മങ്കൊമ്പുകാരന്തന്നെയായ ഡോ. സ്വാമിനാഥന് 2007ല്‍ കുട്ടനാടിനെ സംബന്ധിച്ച് സമര്‍പ്പിച്ച സമഗ്രമായ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം 1847കോടിയുടെ പാക്കേജ് നടപ്പാക്കാന്‍ പോലും കഴിയാതെപോയത് അധികാരികളുടെ ഉത്തരവദിത്വ രാഹിത്യമാണ്. വഴികള്‍ പറഞ്ഞുകൊടുത്ത് ഫണ്ട് അനുവദിച്ചിട്ടും ഇതിനെ പുറംതള്ളിയ അധികാരികളാണ് കേരളത്തിലുള്ളത്.
പ്രളയാനന്തര പാക്കേജും പ്രയോജനപ്പെട്ടില്ല
2018ലെ മഹാമാരിക്കുശേഷം 2019ല്‍ സംസ്ഥാന സര്‍ക്കാര്‍ കുട്ടനാടിനുവേണ്ടി സജ്ജമാക്കിയ സമഗ്രമായ പാക്കേജും നടപ്പാക്കുന്നില്ല. കുട്ടനാടിന്റെ സുസ്ഥിരമായ നിലനില്‍പ്പിന് കുട്ടനാടന്‍ ജനത ഒറ്റകെട്ടായി രംഗത്തിറങ്ങണമെന്നും മാര്‍ തോമസ് തറയില്ആഹ്വാനംചെയ്തു.