ബസുകൾ വൃത്തിയാക്കാൻ കരാർ നൽകാനൊരുങ്ങി കെഎസ്ആർടിസി
പ്രദീപ് ചാത്തന്നൂർ
Monday, August 18, 2025 3:08 AM IST
ചാത്തന്നൂർ: കെഎസ്ആർടിസി ബസുകൾ കഴുകി വൃത്തിയാക്കുന്നതിന് സ്ഥാപനങ്ങൾക്ക് കരാർ നല്കും. ഇതിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു. ബസുകൾ വൃത്തിയും വെടിപ്പുമുള്ളതാക്കാനും ഭംഗിയുള്ളതായി സൂക്ഷിക്കാനുമാണ് ബസ് ക്ലീനിംഗ് ജോലി സ്ഥാപനങ്ങൾക്ക് കരാർ നല്കുന്നത്.
കെഎസ്ആർടിസി സ്റ്റേഷനുകളിലെ ടോയ് ലറ്റുകൾ വൃത്തിയായും ശുചിത്വമുള്ളതായും പരിപാലിക്കാൻ ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന സുലഭ് എന്ന എൻജിഒയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതേ മാതൃകയിലായിരിക്കും ബസുകളും പരിപാലിക്കാൻ ചുമതലപ്പെടുത്തുന്നത്. കെഎസ്ആർടിസി ബസുകൾ നിലവിൽ കഴുകി വൃത്തിയാക്കുന്നുണ്ട്. ദിവസവും രണ്ടായിരം ബസുകൾ കഴുകി വൃത്തിയാക്കുന്നതായാണ് കണക്ക്. ചീഫ് ഓഫീസിന്റെ അനുമതിയോടെ ഓരോ ഡിപ്പോകളിലും പ്രാദേശികതലത്തിൽ നിയമിക്കുന്നവരാണ് ഇപ്പോൾ ബസുകൾ കഴുകി വൃത്തിയാക്കുന്നത്. 400ഓളം പേരാണ് രാത്രിയിൽ ഈ ജോലി ചെയ്തുകൊണ്ടിരിക്കുന്നത്.
ഇവർക്ക് ചെയ്യുന്ന ജോലി അനുസരിച്ചാണ് കൂലി. ഫുൾ ക്ലീനിംഗിന് ഒരു ബസിന് 70 രൂപയാണ് നിരക്ക്. ബസിനകവും പുറവും ഷട്ടർ ഉൾപ്പെടെ തുടച്ച് കഴുകുന്നതാണ് ഫുൾ ക്ലീനിംഗ്. കഴുകി വൃത്തിയാക്കുന്നതിന് 50 രൂപയും തുടച്ച് വൃത്തിയാക്കുന്നതിന് 20 രൂപയുമാണ് നിരക്ക്. ഓരോ ബസും ഏത് രീതിയിൽ വൃത്തിയാക്കണമെന്ന് ഡിപ്പോ അധികൃതർ നിർദേശം നല്കും.
ഒരാൾക്ക് പ്രതിദിനം 800 രൂപ വരെ കൂലി കിട്ടാറുണ്ട്. ഇവരുടെ ജോലി തൃപ്തികരമല്ലെന്ന കണ്ടെത്തലും വൃത്തിയാക്കുന്ന ബസുകളുടെ കണക്കുകൾ ശരിയല്ലെന്നുമുള്ള വിലയിരുത്തലും കരാർ നല്കുന്നതിന് പിന്നിലുണ്ട്. ഈ ജോലി കരാർ നല്കുന്നതോടെ നിലവിലുള്ളവരുടെ ജോലി നഷ്ടപ്പെടും. കരാർ സ്ഥാപനങ്ങളുടെ ജോലി നിരീക്ഷിക്കാൻ സംവിധാനവുമൊരുക്കും. ഇപ്പോൾ പല കാരണങ്ങളാൽ നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവരെയായിരിക്കും നിരീക്ഷകരായി ചുമതലപ്പെടുത്തുക.