ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പലിനു ക്ലാര്‍ക്കിന്റെ പണിയും; പ്രതിഷേധവുമായി അധ്യാപക സംഘടനകള്‍
Monday, August 18, 2025 3:08 AM IST
പത്തനംതിട്ട: ഹയര്‍ സെക്കൻഡറിയില്‍ ക്ലറിക്കല്‍ ജോലികള്‍ കുറവാണെന്നും അത് പ്രിന്‍സിപ്പല്‍ തന്നെ ചെയ്യേണ്ടതെന്നും വിവാദ പരാമര്‍ശവുമായി ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവിനെതിരേ അധ്യാപക സംഘടനകള്‍.
ക്ലാര്‍ക്ക്, ലൈബ്രേറിയന്‍, മിനിസ്റ്റീരിയല്‍ തസ്തികകളിലേക്ക് നിയമനം ആവശ്യപ്പെട്ടു മാനേജ്മെന്റുകള്‍ നല്കിയ അപേക്ഷകള്‍ക്കുള്ള മറുപടിയിലാണ് ജോയിന്റ് സെക്രട്ടറി ഒപ്പു വച്ച വിവാദ പരാമര്‍ശം.
ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പലിനും അധ്യാപകര്‍ക്കും ജോലി ഭാരം കുറവാണെന്നും ക്ലറിക്കല്‍, ലൈബ്രേറിയന്‍ ജോലികള്‍ ഇവര്‍ ചെയ്യണമെന്നുമാണ് വാദം.
ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങള്‍ കേരളത്തിലുണ്ട്. ഏകജാലക പ്രവേശനം, പരീക്ഷാ ജോലികള്‍, സ്കോളര്‍ഷിപ്പുകള്‍ ,ബിആര്‍സി, ആര്‍ഡിഡി വിവരശേഖരണം, ശമ്പളബില്ലുകള്‍, ഇ ഗ്രാന്റ്സ്, ബിംസ, മറ്റ് ട്രഷറി ഇടപാടുകള്‍ തുടങ്ങി നിരവധി ഓഫീസ് ജോലികള്‍ നിര്‍വഹിക്കാന്‍ ഒരു ജീവനക്കാരന് പോലുമില്ലാതെയാണ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടി.
വിദ്യാര്‍ഥികളുടെ ക്ലാസ് റൂമുകള്‍, ടോയ്ലറ്റുകള്, സ്കൂള്‍ പരിസരം എന്നിവ ശുചീകരിക്കാനും സംവിധാനമില്ല. സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്ന പരാമര്‍ശങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും ജോലിക്കാരെ നിയമിക്കാന്‍ നടപടി സ്വീകരിക്കണമെന്നും എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.