പാര്‍ട്ടിയുടെ സുപ്രധാന പദവി വഹിക്കുന്ന ആദ്യ ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാര്‍
സ്വന്തം ലേഖകന്‍
Monday, August 18, 2025 3:08 AM IST
തിരുവനന്തപുരം: സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായതോടെ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലിരിക്കേ രാഷ്ട്രീയ പാര്‍ട്ടിയുടെ സുപ്രധാന പദവി വഹിക്കുന്ന ആദ്യ ആളായി ചിറ്റയം ഗോപകുമാര്‍ മാറും. ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലിരിക്കേ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വം വഹിക്കാന്‍ പാടില്ലെന്ന നിയമമോ ചട്ടമോ നിലവില്‍ ഇല്ല. എന്നാല്‍ ഭരണഘടനാ പദവി വഹിക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വമോ പദവികളോ പാടില്ലെന്ന കീഴ് വഴക്കം സാധാരണയായി സ്പീക്കര്‍മാരും ഡെപ്യൂട്ടി സ്പീക്കര്‍മാരും പാലിക്കാറുണ്ട്.
എന്നാല്‍ ഇക്കാര്യത്തില്‍ ചിറ്റയം ഗോപകുമാറും സിപിഐ നേതൃത്വവും സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. ധാര്‍മിതകയുടെ പേരില്‍ ചിറ്റയം ഗോപകുമാറിന് ഡെപ്യൂട്ടി സ്പീക്കര്‍ പദവി രാജിവയ്ക്കാം. രണ്ടു പദവികള്‍ ഒരേ സമയം വഹിക്കേണ്ടതില്ലെന്ന നിര്‍ദേശം സിപിഐക്കു നല്കാനുമാകും. ഇതിനാല്‍ ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി ഒഴിയുമോ എന്ന ചോദ്യം നിര്‍ണായകമാണ്.
സ്പീക്കര്‍ നിഷ്പക്ഷനാകണമെന്നു പറയാറുണ്ടെങ്കിലും ഡെപ്യൂട്ടി സ്പീക്കറുടെ കാര്യത്തില്‍ ഇത്തരം ഒന്നും രേഖപ്പെടുത്തിയിട്ടില്ല. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു ശേഷമുള്ള അംഗങ്ങളുടെ പ്രസംഗം തുടങ്ങുക ഡെപ്യൂട്ടി സ്പീക്കറുടെ രാഷ്ട്രീയ പ്രസംഗത്തോടെയാണ്. സര്‍ക്കാരിനെ അനുകൂലിച്ചാണ് ഡെപ്യൂട്ടി സ്പീക്കര്‍ പ്രസംഗിക്കുക.
സംവരണ മണ്ഡലമായ അടൂരിനെയാണ് ചിറ്റയം ഗോപകുമാര്‍ പ്രതിനിധീകരിക്കുന്നത്. 2011 മുതല്‍ നിയമസഭാംഗമാണ് ചിറ്റയം ഗോപകുമാര്‍. സിപിഐ ജില്ലാ സെക്രട്ടറി പദവിക്കു വേണ്ടി ഡെപ്യൂട്ടി സ്പീക്കര്‍ പദവി രാജിവച്ചാല്‍ പകരം സിപിഐയുടെ വൈക്കത്തു നിന്നുള്ള നിയമസഭാഗം സി.കെ. ആശയാകും പകരമെത്താന്‍ സാധ്യത. വനിതയെന്ന പരിഗണനയും പട്ടിക ജാതി സംവരണവും ആശയ്ക്കു തുണയാകും. നിലവിലെ സീനിയര്‍ അംഗങ്ങളില്‍ ഒരാളെന്ന പരിഗണനയും ഇവര്‍ക്കുണ്ട്.