കാർഷികമേഖല വളർച്ചയുടെ പാതയിൽ: മുഖ്യമന്ത്രി
Monday, August 18, 2025 3:08 AM IST
തൃശൂർ: കേരളത്തിലെ കാർഷികമേഖല ദേശീയ ശരാശരിയുടെ ഇരട്ടിയിലധികം വളർച്ച കൈവരിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സാന്പത്തികവർഷം ദേശീയതലത്തിൽ 2.1 ശതമാനമാണു വളർച്ചയെങ്കിൽ കേരളത്തിൽ 4.65 ശതമാനമാണ്. വരുമാനത്തിൽ അന്‍പതുശതമാനം വർധനയുണ്ടാക്കാൻ നിരവധി പ്രവർത്തനങ്ങൾ കൃഷിവകുപ്പ് ഏറ്റെടുത്തു നടപ്പാക്കി. മിഷൻ-2026, മിഷൻ-2033 എന്നിവ ഇതിനു സഹായിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൃഷിമന്ത്രി പി. പ്രസാദ് അധ്യക്ഷനായി. മുതിർന്ന കർഷകൻ ജോസഫ് പള്ളൻ, കർഷകത്തൊഴിലാളി എ.ആർ. സംഗീത എന്നിവരെ മന്ത്രി കെ. രാജൻ ആദരിച്ചു. കർഷക അവാർഡ് ജേതാക്കളുടെ വിജയഗാഥ കോർത്തിണക്കിയ ഹരിതഗാഥ പുസ്തകത്തിന്റെ പ്രകാശനം മന്ത്രി ആർ. ബിന്ദു നിർവഹിച്ചു.
സംസ്ഥാന കർഷക അവാർഡ് ജേതാക്കൾക്ക് മന്ത്രിമാരായ പി. പ്രസാദും കെ. രാജനും ചേർന്ന് പുരസ്കാരങ്ങൾ വിതരണം ചെയ്തു.മേയർ എം.കെ. വർഗീസ്, എംഎൽഎമാരായ പി. ബാലചന്ദ്രൻ, എൻ.കെ. അക്ബർ, എ.സി. മൊയ്തീൻ, മുരളി പെരുനെല്ലി, യു.ആർ. പ്രദീപ്, സനീഷ് കുമാർ ജോസഫ്, വി.ആർ. സുനിൽകുമാർ, സേവ്യർ ചിറ്റിലപ്പിള്ളി, സ്റ്റേറ്റ് ഹോട്ടികൾച്ചർ മിഷൻ ഡയറക്ടർ സജി ജോണ്‍, കേരള കാർഷിക സർവകലാശാല രജിസ്ട്രാർ ഡോ. എ. സക്കീർ ഹുസൈൻ എന്നിവർ പങ്കെടുത്തു. രാവിലെ വിദ്യാർഥി കോർണറിൽനിന്ന് ആരംഭിച്ച ഘോഷയാത്രയോടെയാണു പരിപാടികൾക്കു തുടക്കം കുറിച്ചത്.