മലയാളി വ്യവസായി പിബിക്കു നൽകിയ കത്ത് മൂടിവച്ചത് എന്തിനെന്നു വ്യക്തമാക്കണം: സതീശൻ
Monday, August 18, 2025 3:22 AM IST
കൊച്ചി: മലയാളി വ്യവസായി പാർട്ടി പോളിറ്റ് ബ്യൂറോയ്ക്ക് നല്കിയ കത്ത് എന്തിനാണ് ഇത്രയും കാലം മൂടിവച്ചതെന്ന് സിപിഎം വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
പിബിക്കു നല്കിയ കത്ത് എങ്ങനെയാണ് പാര്‍ട്ടി സെക്രട്ടറിയുടെ മകനു കിട്ടിയതെന്നും സാന്പത്തിക ഇടപാടിൽ അദ്ദേഹത്തിന്റെ പങ്ക് എന്താണെന്നും സംബന്ധിച്ച യഥാർഥ വസ്തുത പുറത്തു വരണം. സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട റിവേഴ്സ് ഹവാല ഇടപാടുകളില്‍ പാർട്ടിയും മുഖ്യമന്ത്രിയും മറുപടി പറയണമെന്നും സതീശൻ പറവൂരിൽ ആവശ്യപ്പെട്ടു.
ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ കത്തിലൂടെ പുറത്തുവന്നിട്ടുണ്ട്. കേരളത്തിലെ അറിയപ്പെടുന്ന സിപിഎം നേതാക്കളും പ്രമുഖ നേതാവിന്റെ കുടുംബാംഗവും ഉള്‍പ്പെടെ നിരവധി പേര് സാമ്പത്തിക ഇടപാടിന്റെ ഭാഗമാണെന്നാണ് കത്തില്‍ പറയുന്നത്. കടലാസ് കമ്പനി രൂപവത്കരിച്ചാണു തട്ടിപ്പ് നടത്തിയത്.
ചെന്നൈയില്‍ താമസിക്കുന്ന മലയാളി വ്യവസായി 2021ൽ പാർട്ടിക്കു നല്കിയ കത്ത് ഡല്‍ഹി ഹൈക്കോടതിയിലെ കേസില്‍ ഔദ്യോഗിക രേഖയായി മാറിയിരിക്കുകയാണ്. കിംഗ്ഡം സെക്യൂരിറ്റി സര്‍വീസ് എന്ന പേരില്‍ ചെന്നൈയില്‍ കമ്പനി രൂപീകരിച്ച് കോടിക്കണക്കിന് രൂപ എത്തിച്ച് കേരളത്തിലെ സിപിഎം നേതാക്കളുടെ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു എന്നതാണു കത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആരോപണം. ബാങ്ക് അക്കൗണ്ടുകള്‍ മുഖേനതന്നെ വന്‍തുക കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
കേരളത്തില്‍ നടന്ന ഒരു പ്രോജക്ടുമായി ബന്ധപ്പെട്ടും വന്‍തുക കൈമാറ്റം ചെയ്യപ്പെട്ടു. പാര്‍ട്ടി സെക്രട്ടറിയുടെ അടുത്ത ബന്ധുതന്നെ ആരോപണവിധേയനായ ആളുമായി നിരന്തരമായ ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ബിസിനസ് ചെയ്യുന്നുണ്ടെന്നുമുള്ള ആരോപണം വന്നിട്ടുണ്ട്. സിപിഎം നേതാക്കളുടെ അടുത്ത ആളായി അറിയപ്പെട്ടിരുന്ന ആളാണ് ആരോപണവിധേയന്.
സര്‍ക്കാർ പദ്ധതികളുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക കൈമാറ്റം നടന്നിട്ടുള്ളതെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും നിലപാട് വിശദീകരിക്കണം.
മുഖ്യമന്ത്രി വഴിവിട്ട് സ്വജനപക്ഷപാതം കാട്ടി എഡിജിപിയെ രക്ഷിക്കാന്‍ ശ്രമിച്ചെന്ന ഗുരുതര ആരോപണമാണ് വിജിലന്‍സ് കോടതിവിധിയിലുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണു പോലീസിനെ നിയന്ത്രിക്കുന്നത്. എംപിമാര്‍ നിയമസഭയിലേക്കു മത്സരിക്കുന്നുവെന്നത് ചില ചാനലുകള്‍ നല്കുന്ന തെറ്റായ വാര്‍ത്തയാണ്. ഇത് ആ ചാനലുകളുടെ വിശ്വാസ്യത ഇല്ലാതാക്കുമെന്നും സതീശൻ പറഞ്ഞു.