വോട്ട് കൊള്ള: ചോദ്യങ്ങൾക്ക് ഉത്തരമില്ല, ന്യായീകരണം
സനു സിറിയക്
Monday, August 18, 2025 2:32 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പു കമ്മീഷനെതിരേ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച “വോട്ട് ചോരി’’ ആരോപണം അപ്പാടെ തള്ളി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. വോട്ട് കൊള്ള പോലുള്ള പരാമർശങ്ങൾ ഭരണഘടനയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് രാഹുലിന്റെ ആരോപണത്തിനു മറുപടിയായി മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വോട്ട് കൊള്ള എന്ന കള്ളക്കഥ പ്രചരിപ്പിക്കുകയാണ്. ആരോപണത്തിൽ പ്രതിപക്ഷ നേതാവ് സത്യവാങ്മൂലം സമർപ്പിക്കണം. ഇല്ലെങ്കിൽ രാജ്യത്തോടു മാപ്പു പറയണം. ഏഴ് ദിവസത്തിനുള്ളിൽ സത്യവാങ്മൂലം സമർപ്പിച്ചിക്കാൻ ഗ്യാനേഷ് കുമാർ വെല്ലുവിളിക്കുകയും ചെയ്തു. ഇല്ലെങ്കിൽ ആരോപണങ്ങൾ എല്ലാം തെറ്റാണെന്ന് അർഥമാക്കും.
രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി തെരഞ്ഞെടുപ്പു കമ്മീഷനെ ഉപയോഗിക്കുകയാണ്. കമ്മീഷനെ സംബന്ധിച്ചിടത്തോളം പ്രതിപക്ഷമോ ഭരണപക്ഷമോ എന്നില്ല, എല്ലാവരും തുല്യരാണ്. പ്രത്യയശാസ്ത്രമോ ബന്ധമോ പരിഗണിക്കാതെ എല്ലാ രാഷ്ട്രീയ പാർട്ടികളെയും നിയമത്തിനു കീഴിൽ തുല്യമായി പരിഗണിക്കുമെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു. രാഹുൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയില്ലെങ്കിലും ആരോപണവിധേയമായ കാര്യങ്ങളെയെല്ലാം ന്യായീകരിച്ചുകൊണ്ടായിരുന്നു കമ്മീഷന്റെ വാർത്താ സമ്മേളനം.
രാഹുലിന്റെ വോട്ട് കൊള്ള ആരോപണത്തിനു പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ ശക്തമായ പ്രചാരണം പ്രതിപക്ഷം ആരംഭിച്ചിരുന്നു. കമ്മീഷൻ മൗനം പാലിക്കാതെ ആരോപണങ്ങൾക്കു മറുപടി നൽകണമെന്നായിരുന്നു കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. ഇതിനു മറുപടിയെന്നോണമാണ് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർതന്നെ മാധ്യമങ്ങൾക്കു മുന്നിൽ ആരോപങ്ങളെല്ലാം ഒന്നടങ്കം നിഷേധിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കൊപ്പം തെരഞ്ഞെടുപ്പു കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പ്രതിപക്ഷം നിരന്തരം ഉന്നയിക്കുന്ന ബിഹാറിലെ സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തെയും തെരഞ്ഞെടുപ്പു കമ്മീഷൻ ന്യായീകരിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മിക്ക രാഷ്ട്രീയപാർട്ടികളും ആവശ്യപ്പെടുന്ന പുതുക്കലാണ് പ്രത്യേക തീവ്ര പരിഷ്കരണത്തിലൂടെ (എസ് ഐ ആർ സ്പെഷൽ ഇന്റൻസീവ് റിവിഷൻ) തെരഞ്ഞെടുപ്പു കമ്മീഷൻ ബിഹാറിൽ നടപ്പാക്കിയത്.
അടിസ്ഥാനപരമായി എല്ലാ വോട്ടർമാരും രാഷ്ട്രീയ പാർട്ടികളും ബിഎൽഒമാരും സുതാര്യമായ രീതിയിൽ ഒരുമിച്ചു പ്രവർത്തിച്ചാണ് വോട്ടർപട്ടിക പരിഷ്കരണം സാധ്യമാക്കിയത്. ഇതിനെതിരേ ഉയരുന്ന ആരോപണങ്ങൾ ആശയക്കുഴപ്പം ഉണ്ടാക്കുന്നതിനുള്ള ബോധപൂർവമായ നടപടിയാണെന്നും കമ്മീഷൻ പറഞ്ഞു. ഏഴ് കോടിയിലധികം വോട്ടർമാർ പട്ടികയിൽ ഉൾപ്പെട്ടപ്പോൾ കമ്മീഷന്റെയോ വോട്ടർമാരുടെയോ വിശ്വാസ്യതയെ ചോദ്യം ചെയ്യരുതെന്നും ഗ്യാനേഷ് കുമാർ വ്യക്തമാക്കി.
ആരോപണം ഒരു വർഷത്തിനുശേഷം
തെരഞ്ഞടുപ്പു കഴിഞ്ഞ് ഒരു വർഷം പിന്നിട്ട ശേഷമാണ് വോട്ട് കൊള്ള ആരോപണവുമായി രാഹുൽ ഗാന്ധി രംഗത്തു വരുന്നത്. ഫലം പ്രഖ്യാപിച്ച് 45 ദിവസത്തിനുള്ളിൽ രാഷ്ട്രീയ പാർട്ടികൾക്ക് സുപ്രീംകോടതിയിൽ തെരഞ്ഞെടുപ്പു ഹർജി നല്കാൻ നിയമമുള്ളപ്പോൾ ഒരു വർഷം പിന്നിട്ട ശേഷമുള്ള ആരോപണത്തിന്റെ ഉദ്ദേശ്യം മനസിലാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.
45 ദിവസത്തെ സമയപരിധി പിന്നിട്ടശേഷം കേരളത്തിലായാലും കർണാടകയിലായാലും ബിഹാറിലായാലും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കരുത്. ഈ സമയത്ത് ഒരു സ്ഥാനാർഥിയോ രാഷ്ട്രീയ പാർട്ടിയോ ഒരു ക്രമക്കേടും കണ്ടെത്താതിരുന്ന സാഹചര്യത്തിൽ ആരോപണങ്ങൾക്ക് പിന്നിലെ ഉദ്ദേശ്യം എല്ലാവർക്കും മനസിലാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു.
ഒന്നിനും തെളിവില്ല
രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്ന യാതൊരു തെളിവും നൽകുന്നില്ലെന്നാണ് കമ്മീഷൻ പറയുന്നത്. വ്യാജ ആരോപണങ്ങളെ കമ്മീഷൻ ഭയക്കുന്നില്ല. ഒന്നര ലക്ഷം ആളുകൾ കള്ളവോട്ട് ചെയ്തുവെന്നാണ് ആരോപണമെങ്കിൽ തെളിവുകളില്ലാതെ ഈ വോട്ടർമാർക്കെല്ലാം നോട്ടീസ് നൽകണോ എന്നും കമ്മീഷൻ ചോദിച്ചു.
വോട്ടർപട്ടികയിൽ വീട്ടുനന്പറിന്റെ സ്ഥാനത്ത് പൂജ്യം രേഖപ്പെടുത്തിയിരിക്കുന്നു എന്ന രാഹുലിന്റെ വെളിപ്പെടുത്തലിനും കമ്മീഷന് വിശദീകരണമുണ്ട്. രാജ്യത്തെ കോടിക്കണക്കിൽ ആളുകളുടെ വീട്ടുനന്പറിന് മുന്നിൽ പൂജ്യം നന്പറാണ് ചേർത്തിരിക്കുന്നത്. കാരണം അവരുടെ പഞ്ചായത്തോ മുനിസിപ്പാലിറ്റിയോ അവർ താമസിക്കുന്ന വീടിനു നന്പർ നൽകിയിട്ടില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.