ശുഭാംശു ശുക്ല ഇന്ത്യയിൽ
സ്വന്തം ലേഖകൻ
Monday, August 18, 2025 2:32 AM IST
ന്യൂഡൽഹി: നാസയുടെ ആക്സിയോം-4 ബഹിരാകാശ ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ല ഇന്ത്യയിൽ തിരിച്ചെത്തി.
അമേരിക്കയിൽനിന്ന് ഇന്നലെ പുലർച്ചെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്്ട്ര വിമാനത്താവളത്തിൽ എത്തിയ ശുഭാംശുവിനെ കുടുംബാംഗങ്ങളും കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ തുടങ്ങിയവരും ചേർന്ന് സ്വീകരിച്ചു. ഏകദേശം ഒരു വർഷത്തിനുശേഷം ഇന്ത്യയിലേക്ക് എത്തുന്ന ശുഭാംശുവിനെ സ്വീകരിക്കാൻ ദേശീയപതാകയുമേന്തി നിരവധി ആളുകൾ വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽപ്പുണ്ടായിരുന്നു.
സ്പേസ് എക്സ് ഡ്രാഗണിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ നാലംഗസംഘത്തിലെ ഒരാളായിരുന്ന ശുഭാംശു ജൂലൈ 15നാണ് ഭൂമിയിൽ തിരിച്ചെത്തിയത്. രാകേഷ് ശർമക്ക് ശേഷം ബഹിരാകാശ യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനെന്ന അതുല്യ നേട്ടവും സ്വന്തമാക്കി.
ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം ചെലവഴിച്ച ഇന്ത്യക്കാരനെന്ന നേട്ടവും അദ്ദേഹത്തിന് സ്വന്തമായി. ശുഭാംശുവിന്റ നേട്ടവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ലോക്സഭയിൽ പ്രത്യേക ചർച്ച നടക്കും. ശുഭാംശു നേരിട്ടെത്തി അനുഭവം പങ്കുവയ്ക്കും. ഓഗസ്റ്റ് 23ന് നടക്കുന്ന ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളിൽ അദ്ദേഹം പങ്കെടുക്കും.