ബിജെപിക്കുവേണ്ടി തെര. കമ്മീഷൻ വോട്ട് മോഷ്ടിക്കുന്നു: രാഹുൽ ഗാന്ധി
Monday, August 18, 2025 2:32 AM IST
സസാറാം: ബിജെപിക്കുവേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് മോഷ്ടിക്കുന്നുണ്ടെന്ന് രാജ്യത്തിനു മുഴുവൻ അറിയാമെന്നു ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് മോഷ്ടിക്കാനുള്ള അവരുടെ ഗൂഢാലോചന ഇന്ത്യാ സഖ്യം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ സസാറാമില്‍ ആരംഭിച്ച 1300 കിലോമീറ്റര്‍ "വോട്ടർ അധികാര്‍’ യാത്രയുടെ ഉദ്ഘാടനസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു രാഹുൽ.
രാജ്യത്തുടനീളം നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ വോട്ട് മോഷ്ടിക്കപ്പെടുകയാണ്. വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആർ) വഴി ബിഹാറിലിത് നടപ്പാക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും രാഹുൽ ആരോപിച്ചു.

“വോട്ട് മോഷണം ഉന്നയിച്ച എന്നോട് സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷൻ, ഇതേ ആരോപണം നടത്തിയ ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടില്ല. മഹാരാഷ്ട്രയിൽ, ലോക്സഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയ ഇന്ത്യാ സഖ്യം നിയമസഭാ തെരഞ്ഞെടുപ്പിലും ജയിക്കുമെന്നായിരുന്നു എല്ലാ അഭിപ്രായ സർവേകളും പ്രവചിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിനു മാസങ്ങൾക്കുശേഷം നടന്ന തെരഞ്ഞെടുപ്പ് പക്ഷേ ബിജെപി തൂത്തുവാരി. നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ഒരുകോടി പുതിയ വോട്ടർമാരെയാണ് അധികമായി ചേർത്തത്. അവരുടെ വോട്ടെല്ലാം ബിജെപിക്കു പോയി. ലോക്സഭയിൽ ലഭിച്ച വോട്ട് കോൺഗ്രസിനു നിയമസഭയിലും ലഭിച്ചു. ഒരു വോട്ടും കുറഞ്ഞില്ല. അത്തരം കൂട്ടിച്ചേർക്കലുകൾ നടന്നിടത്തെല്ലാം ബിജെപി വിജയിച്ചു” രാഹുൽ ആരോപിച്ചു.
ബിഹാറിലെ തെരഞ്ഞെടുപ്പ് മോഷ്ടിക്കപ്പെടാൻ ജനങ്ങൾ അനുവദിക്കില്ല. പാവപ്പെട്ടവർക്കു വോട്ടിന്റെ അധികാരം മാത്രമാണുള്ളത്. അത് കവർന്നെടുക്കാൻ അനുവദിക്കില്ല. എന്താണു തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യുന്നതെന്ന് ഇപ്പോൾ രാജ്യത്തിനു മുഴുവനറിയാം. ബിഹാർ, മഹാരാഷ്ട്ര, ആസാം, പശ്ചിമബംഗാൾ എന്നിങ്ങനെ എവിടെ വോട്ട് മോഷണം നടന്നാലും പിടികൂടി ജനങ്ങളുടെ മുന്നിൽ വയ്ക്കുമെന്നു രാഹുൽ പറഞ്ഞു.
ഇന്ത്യാ സഖ്യ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകുകയും വീഡിയോ ദൃശ്യങ്ങൾ ആവശ്യപ്പെടുകയും ചെയ്തെങ്കിലും കമ്മീഷൻ നിരസിക്കുകയാണുണ്ടായത്. ഈ യുദ്ധം ഭരണഘടന സംരക്ഷിക്കാനുള്ളതാണ്. ആർഎസ്എസും ബിജെപിയും ഭരണഘടനയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്- രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
നരേന്ദ്ര മോദി സർക്കാരിന്റെ ഏജന്റിനെപ്പോലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പെരുമാറുന്നതെന്നു കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. ഭരണഘടനയ്ക്കും ജനങ്ങളുടെ വോട്ടവകാശത്തിനും ഇതൊരു ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ്, ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, സിപിഐ (എംഎൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, സിപിഎം നേതാവ് സുഭാഷിണി അലി, സിപിഐ നേതാവ് പി. സന്തോഷ്കുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ബിഹാറിലെ 20 ജില്ലകളിലൂടെ കടന്നുപോകുന്ന യാത്ര സെപ്റ്റംബർ ഒന്നിനു പാറ്റ്നയിൽ അവസാനിക്കും. ഭാരത് ജോഡോ യാത്ര പോലെ കാൽനടയായും വാഹനത്തിലുമാണു യാത്ര.