സിപിഎം നേതാക്കളുടെ ലണ്ടനിലെ സാന്പത്തിക ഇടപാട്: പരാതി ചോർന്നതിൽ വിവാദം
സ്വന്തം ലേഖകൻ
Monday, August 18, 2025 3:22 AM IST
തിരുവനന്തപുരം: സിപിഎം നേതാക്കളും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുമായി ലണ്ടനിലെ മലയാളി വ്യവസായിയായ രാജേഷ് കൃഷ്ണ നടത്തിയ സാന്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പോളിറ്റ് ബ്യൂറോയ്ക്ക് സ്വകാര്യ വ്യക്തി നൽകിയ രഹസ്യ പരാതി ചോർന്നതുമായി ബന്ധപ്പെട്ടു പുതിയ വിവാദം. സിപിഎമ്മിന്റെ സംഘടനാ സംവിധാനത്തിന്റെ സാന്പത്തിക ഭദ്രതയെ തന്നെ ചോദ്യം ചെയ്യപ്പെടുന്ന വിവാദത്തിൽ മുഖ്യമന്ത്രിയോ മന്ത്രിമാരോ അടക്കമുള്ള നേതാക്കളൊന്നും പ്രതികരിച്ചില്ല.
നേതാക്കളുമായുള്ള സാന്പത്തിക ഇടപാടുകളുടെ പേരിൽ ആരോപണവിധേയനായ വ്യക്തി തന്നെയാണ് ചോർന്ന പരാതി, മറ്റൊരു മാനനഷ്ടക്കേസിൽ തെളിവായി ഹൈക്കോടതിയിൽ എത്തിച്ചതും വിവാദം ആളിക്കത്തിച്ചതും. പരാതി ചോർത്തിയത് സംസ്ഥാനത്തെ സിപിഎം നേതൃത്വത്തിലെ ബന്ധുവിന്റെ പേരിലേക്കും നീണ്ടു.
പത്തനംതിട്ട സ്വദേശിയും എസ്എഫ്ഐ മുൻ ജില്ലാ ഭാരവാഹിയും ലണ്ടൻ വ്യവസായിയു മായ രാജേഷ് കൃഷ്ണയ്ക്ക് സംസ്ഥാനത്തെ മന്ത്രിമാർ അടക്കമുള്ളവരുമായി സാന്പത്തിക ഇടപാടുകളുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ചെന്നൈയിലെ വ്യവസായി 2021 ലാണ് പോളിറ്റ് ബ്യൂറോയ്ക്ക് പരാതി നൽകിയത്.
വിദേശത്തെ ചില കടലാസ് സ്ഥാപനങ്ങളുമായി ചേർന്നു സംസ്ഥാന സർക്കാർ പദ്ധതികളിൽനിന്നു പണം തട്ടുകയും ചെന്നൈയിൽ രജിസ്റ്റർ ചെയ്ത കന്പനി വഴി ഈ പണം നേതാക്കളുടെയും മന്ത്രിമാരുടെയും അക്കൗണ്ടുകളിലേക്ക് എത്തിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. എന്നാൽ, പാർട്ടി നേതൃത്വം ഇക്കാര്യത്തിൽ നടപടിയൊന്നും സ്വീകരിക്കാതെ രഹസ്യമാക്കി വച്ചു.
മധുര പാർട്ടി കോണ്‍ഗ്രസ് പ്രതിനിധിയായി ലണ്ടനിലെ വിവാദ വ്യവസായി എത്തിയെങ്കിലും ഇയാൾക്കെതിരേ സാന്പത്തികമുൾപ്പെടെയുള്ള ആരോപണം ഉയർന്ന സാഹചര്യത്തിൽ പാർട്ടി കോണ്‍ഗ്രസിൽ പങ്കെടുപ്പിക്കാതെ മടക്കി അയച്ചിരുന്നു. സിപിഎം പിബി അംഗമായിരുന്ന അശോക് ധാവ്ളെയ്ക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു വിവാദ വ്യവസായിയെ പാർട്ടി കോണ്‍ഗ്രസിൽനിന്നു വിലക്കിയത്.
പിബിക്ക് കൊടുത്ത രഹസ്യപരാതി ചോർന്നതിനെതിരേ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിക്ക് നൽകിയ പരാതിയിലാണ്, ഇതിന് പിന്നിൽ സിപിഎം സംസ്ഥാന നേതാവിന്റെ ബന്ധുവാണെന്ന ആരോപണം ഉയർന്നത്. നേതാക്കൾക്കെതിരേ ഉയർന്ന വിദേശ സാന്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിട്ടുണ്ട്.