കപ്പലപകടം: നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ
കൊച്ചി: കടലിൽ മുങ്ങിയ എംഎസ്സി എല്സ 3 കപ്പലില്നിന്നു പരിസ്ഥിതിക്കടക്കം 9531 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി സര്ക്കാര് ഹൈക്കോടതിയെ അറിയിച്ചു.
ഇതേത്തുടർന്ന് എംഎസ്സി കമ്പനിയുടെ ‘എംഎസ്സി അകിറ്റേറ്റ 2’ കപ്പല് വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്തിടാന് ഹര്ജി പരിഗണിച്ച ജസ്റ്റീസ് എം.എ. അബ്ദുള് ഹക്കീം ഉത്തരവിട്ടു.
സര്ക്കാരിന്റെ മാരിടൈം ക്ലെയിമിന് സെക്യൂരിറ്റിയായി വിഴിഞ്ഞം തുറമുഖത്തുള്ള ‘അകിറ്റേറ്റ’ കപ്പലിന്റെ അറസ്റ്റ് ആവശ്യപ്പെട്ടാണു പരിസ്ഥിതി സ്പെഷല് സെക്രട്ടറി ഹര്ജി നല്കിയത്.
മേയ് 25ന് എല്സ3 മുങ്ങിയതിനെത്തുടര്ന്ന് പരിസ്ഥിതി, ആവാസ മേഖലയിലും സാമ്പത്തിക മേഖലയിലും വന് നഷ്ടമുണ്ടായി. 643 കണ്ടെയ്നറുകളുമായാണു കപ്പല് മുങ്ങിയത്. പ്ലാസ്റ്റിക് നര്ഡില്സ് ഉള്പ്പെടെ ഒഴുകിപ്പരന്നതായും ഹർജിയിൽ പറയുന്നു. ഹര്ജിയില് തീര്പ്പാകുന്നതുവരെ ആറു ശതമാനം പലിശസഹിതം ഇടക്കാല സഹായം അനുവദിക്കണമെന്നാണ് സര്ക്കാരിന്റെ ആവശ്യം.
59.6 ടണ് പ്ലാസ്റ്റിക് തരികള് നീക്കി
കപ്പലില്നിന്നു വീണ 61 കണ്ടെയ്നറുകള് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളുടെ തീരത്തടിഞ്ഞു. 59.6 ടണ് പ്ലാസ്റ്റിക് തരികള് നീക്കം ചെയ്തു. മറൈന് എമര്ജന്സി റസ്പോണ്സ് സെന്ററിന്റെ മേല്നോട്ടത്തില് 600 ഉദ്യോഗസ്ഥരും 300 വോളണ്ടിയര്മാരും യന്ത്രസഹായത്തോടെയും അല്ലാതെയും ശുചീകരണം നടത്തുന്നുണ്ട്.
പരിസ്ഥിതിനാശം 8,626.12 കോടിയുടേത്
സര്ക്കാര് നിയമിച്ച പ്രിന്സിപ്പല് ഇംപാക്ട് അസസ്മെന്റ് ഓഫീസറുടെ കണക്കനുസരിച്ച് മലിനീകരണം മൂലമുള്ള പരിസ്ഥിതിനാശം 8,626.12 കോടിയും പരിസ്ഥിതി പുനര്നിര്മാണ ചെലവ് 526.51 കോടിയും മത്സ്യത്തൊഴിലാളികളുടെ സാമ്പത്തിക നഷ്ടം 526.51 കോടിയുമാണ്.
ക്ലെയിമുകള് മറികടക്കാനുള്ള ലക്ഷ്യത്തോടെ എംഎസ്സിയുടെ കപ്പലുകളുടെ രജിസ്ട്രേഷന് വിവിധ ഉപകമ്പനികളുടെ പേരിലാണെങ്കിലും പ്രവര്ത്തന നിയന്ത്രണവും വിലാസവും എംഎസ്സി കമ്പനിയുടേതാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഹര്ജിയില് പത്തിന് വീണ്ടും വാദം കേള്ക്കും. പരിസ്ഥിതിനാശം, മത്സ്യത്തൊഴിലാളികളുടെ ഉപജീവനനഷ്ടം, കണ്ടെയ്നറുകളില്നിന്നും മറ്റും മാലിന്യം നീക്കാന് വേണ്ട ചെലവ് എന്നിങ്ങനെയാണ് സര്ക്കാര് ക്ലെയിം തുക കണക്കാക്കിയത്.
മാർ അപ്രേം മെത്രാപ്പോലീത്ത കാലംചെയ്തു
തൃശൂർ: അരനൂറ്റാണ്ടിലേറെക്കാലം പൗരസ്ത്യ കൽദായ സുറിയാനിസഭയുടെ ഭാരതത്തിലെ അധ്യക്ഷനായിരുന്ന മാർ അപ്രേം മെത്രാപ്പോലീത്ത(85) കാലംചെയ്തു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് തൃശൂരിലെ സണ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ 9.45നായിരുന്നു അന്ത്യം.
സണ് ആശുപത്രിയിൽനിന്നു തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഇന്നലെ ഉച്ചയോടെ എത്തിച്ച മൃതദേഹം എംബാം ചെയ്തശേഷം സഭയുടെ ആസ്ഥാനമായ തൃശൂർ ശക്തൻനഗറിലെ അരമനയിലെത്തിച്ചു. തുടർന്നു മാർത്ത്മറിയം വലിയപള്ളിയിൽ പൊതുദർശനത്തിനു വച്ചപ്പോൾ അന്ത്യാഞ്ജലിയർപ്പിക്കാൻ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ എത്തിച്ചേർന്നു. ഇന്നും നാളെയും പൊതുദർശനം തുടരും. സംസ്കാരം വ്യാഴാഴ്ച നടക്കും.
വ്യാഴാഴ്ച രാവിലെ ഏഴിനു കുർബാന, 10നു ശുശ്രൂഷ, 11നു നഗരികാണിക്കൽ. ഒരുമണിക്ക് കുരുവിളയച്ചൻപള്ളിയിൽ സംസ്കാരശുശ്രൂഷ എന്നിവ നടക്കും. ഉച്ചകഴിഞ്ഞു മൂന്നിന് അനുശോചനസമ്മേളനവും നടക്കും.
സംസ്കാരച്ചടങ്ങിൽ ഓസ്ട്രേലിയയിൽനിന്നും മറ്റു സിനഡുകളിൽനിന്നുമുള്ള പ്രതിനിധികൾ എത്തിച്ചേരുമെന്ന് സഭാധ്യക്ഷൻ മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത പറഞ്ഞു. കൽദായ സുറിയാനിസഭ ആഗോള അധ്യക്ഷൻ മാർ ആവാ തൃതീയന് എത്തിച്ചേരാൻ സാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
തൃശൂരിലെ മൂക്കൻ കുടുംബത്തിൽ ദേവസി - കൊച്ചുമറിയം ദന്പതിമാരുടെ മകനായി ജനിച്ച ജോർജ് ഡേവിസ് മൂക്കൻ 1965ലാണ് വൈദികനായത്. 28 വയസിൽ മെത്രാനായും എട്ടു ദിവസത്തിനുശേഷം മെത്രാപ്പോലീത്തയായും ചരിത്രം സൃഷ്ടിച്ചു.
ദശാബ്ദങ്ങൾ നീണ്ട സ്തുത്യർഹസേവനം അരനൂറ്റാണ്ടു പിന്നിട്ടശേഷമാണ് സ്ഥാനമൊഴിഞ്ഞത്. കൽദായ സുറിയാനി ആഗോളസഭയുടെ താത്കാലിക പരമാധ്യക്ഷനായും ആറുമാസത്തോളം പ്രവർത്തിച്ചിട്ടുണ്ട്.
ചർച്ച പരാജയം; ഇന്നു സ്വകാര്യ ബസ് സമരം
തൃശൂർ: ഗതാഗതവകുപ്പുമായി ബസുടമകളുടെ സംയുക്തസമിതി നടത്തിയ ചർച്ച പരാജയപ്പെട്ടു. വിവിധ ആവശ്യങ്ങളുന്നയിച്ചു സംസ്ഥാനത്ത് ഇന്നു സ്വകാര്യബസുകൾ സർവീസ് നിർത്തിവച്ച് സൂചനാസമരം നടത്തും.
ബസ് വ്യവസായമേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ചാണ് ഇന്നു സൂചനാപണിമുടക്ക് നടത്താൻ ബസുടമ സംയുക്തസമിതി തീരുമാനിച്ചത്.
22 മുതൽ അനിശ്ചിതകാലസമരവും നടത്താനാണ് സംയുക്തസമിതിയുടെ തീരുമാനം.ദീർഘകാലമായി സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെയും ദീർഘദൂര ബസുകളുടെയും പെർമിറ്റുകൾ യഥാസമയം പുതുക്കിനൽകുക, അർഹരായ വിദ്യാർഥികൾക്കുമാത്രം കണ്സഷൻ നൽകുകയും വിദ്യാർഥികളുടെ യാത്രാനിരക്ക് കാലോചിതമായി വർധിപ്പിക്കുകയും ചെയ്യുക, തൊഴിലാളികൾക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതു പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു സമരം.
സ്വകാര്യ ബസ് ഉടമകളുടെ സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കെഎസ്ആർടിസി അധിക സർവീസുകൾ നടത്തും. ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർക്ക് അവധി നല്കരുതെന്നും ഓഫീസർമാർ യൂണിറ്റുകളിലുണ്ടാകണമെന്നും നിർദേശം നൽകി.
കോന്നിയിൽ പാറമട ഇടിഞ്ഞ് രണ്ടു പേർ അപകടത്തിൽ പെട്ടു
കോന്നി: പയ്യനാമൺ ചെങ്കുളത്ത് ക്വാറിയിൽ പാറ ഇടിഞ്ഞുവീണ് അപകടം. ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലും മണ്ണും പതിച്ചുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ പെട്ടു. ഇതിൽ ഒരാളുടെ മൃതദേഹം കിട്ടി. ഒഡീഷ സ്വദേശി മഹാദേവി(51) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ജാർഖണ്ഡ്് സ്വദേശി അജയ് റായ്ക്കായി തെരച്ചിൽ തുടരുകയാണ്. അടർന്നുവീണ പാറക്കെട്ടുകൾ ഇവരുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. രണ്ടുപേരും കല്ലുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതു കാണാമായിരുന്നുവെങ്കിലും പുറത്തേക്ക് എടുക്കാൻ ബുദ്ധിമുട്ടായി.
കാലാവസ്ഥ പ്രതികൂലമാകുകയും വീണ്ടും പാറമട ഇടിയുകയും ചെയ്ത സാഹചര്യത്തിൽ രാത്രിയിൽ തെരച്ചിൽ അവസാനിപ്പിച്ചു. ഇന്നു രാവിലെ ഇത് പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് പാറമടയിൽ ഹിറ്റാച്ചി ഉപയോഗിച്ചുള്ള ജോലി നടക്കുന്നതിനിടെയാണ് അപകടം. ഹിറ്റാച്ചിയുടെ ഓപ്പറേറ്ററും സഹായിയുമായ ഇതര സംസ്ഥാന സ്വദേശികളാണ് അപകടത്തിൽപെട്ടത്. മലമുകളിൽനിന്നു വീണത് വലിയ പാറക്കെട്ടുകളായത് ദുരന്തത്തിന്റെ രൂക്ഷത വർധിപ്പിച്ചു. തൊഴിലാളികൾ ഉപയോഗിച്ചുവന്ന ഹിറ്റാച്ചി പൂർണമായി തകർന്നു കിടക്കുന്നത് കാണാം.
സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർക്ക് അപകടഭാഗത്തേക്ക് നീങ്ങാൻ ബുദ്ധിമുട്ടായി. ഉച്ചകഴിഞ്ഞ് മൂന്നോടെയുണ്ടായ അപകടം പുറംലോകം അറിഞ്ഞത് ഏറെ വൈകിയാണ്. വൈകുന്നേരമാണ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയത്.
രക്ഷാപ്രവർത്തനം ബുദ്ധിമുട്ടായതോടെ ജില്ലാ ഭരണകൂടം ഇടപെട്ട് എൻഡിആർഎഫ് സംഘത്തെയും സ്ഥലത്ത് എത്തിച്ചു. 27 അംഗ സംഘമാണ് തെരച്ചിലിനെത്തിയത്.
നിപ്പ: കേന്ദ്രസംഘം എത്തും
കോഴിക്കോട്: കേരളത്തില് നിപ്പ മരണം റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തില് കേന്ദ്രസംഘം കേരളത്തിലെത്തും. നാഷണല് ഔട്ട്ബ്രേക്ക് റെസ്പോണ്സ് ടീം സംസ്ഥാനം സന്ദര്ശിക്കും.
നിലവില് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്. മുന്കരുതല് നടപടിയുടെ ഭാഗംകൂടിയായിട്ടാകും കേന്ദ്ര സംഘം കേരളത്തിലെത്തുക.കോഴിക്കോട് സ്വകാര്യ ആശുപത്രിയില് മസ്തിഷ്കമരണം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയായ യുവതിക്കാണ് നിപ്പ സ്ഥിരീകരിച്ചത്.
കേരള സർവകലാശാലാ ജോയിന്റ് രജിസ്ട്രാറെ നീക്കി
തിരുവനന്തപുരം: കേരള സര്വകലാശാലയില് നാടകീയ നീക്കങ്ങള് തുടരുന്നു. കേരള സര്വകലാശാലാ ജോയിന്റ് രജിസ്ട്രാര് പി. ഹരികുമാറിനെ ചുമതലകളില്നിന്നു നീക്കി. വൈസ് ചാന്സലറുടെ താത്കാലിക ചുമതലയുള്ള സിസ തോമസിന്റേതാണ് നടപടി.
അഡ്മിനിസ്ട്രേഷന് ജോയിന്റ് രജിസ്ട്രാര് സ്ഥാനത്തു നിന്ന് അക്കാദമിക് വിഭാഗത്തിലേക്കാണ് മാറ്റിയത്. പകരം ഡോ. മിനി കാപ്പനെ രജിസ്ട്രാറായും ഹേമ ആനന്ദിനെ ജോയിന്റ് രജിസ്ട്രാറായും നിയമിച്ചു.
ഹേമ ആനന്ദിനു ഭരണ വിഭാഗം ചുമതലയും നല്കിയിട്ടുണ്ട്. വൈസ് ചാന്സലറുടെ അനുമതിയില്ലാതെ സസ്പെന്ഷനിലായിരുന്ന രജിസ്ട്രാര്ക്ക് ഹരികുമാര് ചുമതല കൈമാറിയെന്നു കാണിച്ചാണ് നടപടി.
കഴിഞ്ഞ ദിവസം വൈസ് ചാന്സലറുടെ ചുമതല വഹിക്കുന്ന ഡോ. സിസ തോമസ് പിരിച്ചുവിട്ടതിനുശേഷവും തുടര്ന്ന സിന്ഡിക്കറ്റ് യോഗത്തില് ഹരികുമാര് പങ്കെടുത്തിരുന്നു. ഇതില് വിശദീകരണം തേടിയെങ്കിലും ഹരികുമാര് നല്കിയിരുന്നില്ല. ഇതിനു പിന്നാലെയാണ് വൈസ് ചാന്സലര് ഇദ്ദേഹത്തെ ചുമതലകളില് നീക്കിയത്.
ആര്ച്ച്ബിഷപ് ഡോ. വാസിലിന്റെ പൊന്തിഫിക്കല് ഡെലഗേറ്റ് ദൗത്യം അവസാനിച്ചു
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല് ഡെലഗേറ്റ് എന്നനിലയില് ആര്ച്ച്ബിഷപ് ഡോ. സിറില് വാസിലിന്റെ പ്രത്യേക ദൗത്യം അവസാനിച്ചു.
പൗരസ്ത്യ സഭകള്ക്കായുള്ള കാര്യാലയത്തിന്റെ അധ്യക്ഷന് കര്ദിനാള് ക്ലൗദിയോ ഗുജറോത്തിക്ക് ജൂണ് 23ന് അനുവദിച്ച കൂടിക്കാഴ്ചയിലാണ് ലെയോ പതിനാലാമന് മാര്പാപ്പ ഈ തീരുമാനം അറിയിച്ചത്.
സീറോമലബാര് സഭ മേജര് ആര്ച്ച്ബിഷപ്പും അതിരൂപതാധ്യക്ഷനുമായ മാര് റാഫേല് തട്ടിലിനെ കര്ദിനാള് ഗുജറോത്തി ഇക്കാര്യം രേഖാമൂലം അറിയിച്ചു. പൊന്തിഫിക്കല് ഡെലഗേറ്റ് എന്നനിലയില് ആര്ച്ച്ബിഷപ് വാസിലിന്റെ നിസ്വാര്ഥമായ സമര്പ്പണത്തിന് മാര്പാപ്പയുടെ നന്ദി കത്തില് രേഖപ്പെടുത്തിയിട്ടുണ്ട്.
2023 ജൂണ് 23നാണ് ആര്ച്ച്ബിഷപ് വാസിലിനെ അതിരൂപതയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല് ഡെലഗേറ്റായി ഫ്രാന്സിസ് മാർപാപ്പ നിയമിച്ചത്. ആ വര്ഷം ഓഗസ്റ്റ്, ഡിസംബര് മാസങ്ങളില് അദ്ദേഹം അതിരൂപതയില് സന്ദര്ശനം നടത്തി.
കഴിഞ്ഞ ജനുവരി 11ന് അതിരൂപതയുടെ ഭരണച്ചുമതല മേജര് ആര്ച്ച്ബിഷപ്പിനെയും അദ്ദേഹത്തിന്റെ വികാരിയെയും വത്തിക്കാൻ ഏല്പ്പിച്ചിരുന്നെന്ന് സീറോമലബാര് സഭ മേജര് ആര്ക്കി എപ്പിസ്കോപ്പല് ചാന്സലര് റവ. ഡോ. ഏബ്രഹാം കാവില്പുരയിടത്തില് അറിയിച്ചു.
വിഎസിന്റെ ആരോഗ്യനിലയില് മാറ്റമില്ല
തിരുവനന്തപുരം: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.
രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാനുള്ള ശ്രമം തുടരുകയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
‘മഞ്ഞുമ്മല് ബോയ്സ്’ സാമ്പത്തിക തട്ടിപ്പ്: നടൻ സൗബിന് ഷാഹിറിനെ ചോദ്യം ചെയ്തു
മരട്: ‘മഞ്ഞുമ്മല് ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസില് നടന് സൗബിന് ഷാഹിറിനെ പോലീസ് ചോദ്യം ചെയ്തു.
ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴു കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണു മരട് പോലീസ് സൗബിനെയും സഹനിർമാതാക്കളായ ബാബു ഷാഹിര്, ഷോണ് ആന്റണി എന്നിവരെയും ചോദ്യം ചെയ്തത്.
ഇന്നലെ രാവിലെ 11.30 ഓടെ അഭിഭാഷകനൊപ്പമാണ് ഇവര് സ്റ്റേഷനില് ഹാജരായത്. ചോദ്യം ചെയ്യല് രണ്ടു മണിക്കൂറോളം നീണ്ടു. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പോലീസിനോടു കൃത്യമായി പറഞ്ഞിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിനുശേഷം സൗബിന് ഷാഹിര് പ്രതികരിച്ചു.
സിനിമയുടെ നിർമാണത്തിനായി ചെലവാക്കിയ തുകയുടെ ഉറവിടത്തെക്കുറിച്ചും ചിത്രത്തിന്റെ കളക്ഷന് തുകയെക്കുറിച്ചുമുള്ള വിവരങ്ങള് പോലീസ് ഇവരില്നിന്നു ശേഖരിച്ചു. സാമ്പത്തിക തട്ടിപ്പെന്ന പരാതിയില് ചോദ്യംചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് പോലീസ് മുമ്പ് രണ്ടുതവണ നോട്ടീസ് നല്കിയെങ്കിലും മുന്കൂര് ജാമ്യം തേടി സൗബിനും സഹനിര്മാതാക്കളും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നു നിരീക്ഷിച്ച കോടതി ഇവര്ക്ക് മുന്കൂര് ജാമ്യം നല്കുകയായിരുന്നു. അറസ്റ്റ് ചെയ്താല് ജാമ്യത്തില് വിടണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇതെത്തുടര്ന്നാണ് പോലീസ് സ്റ്റേഷനില് മൂന്നുപേരും ഹാജരായത്.
‘മഞ്ഞുമ്മല് ബോയ്സ്’ സിനിമയുടെ ലാഭത്തിന്റെ 40 ശതമാനം നല്കാമെന്നു പറഞ്ഞ് ഏഴു കോടി രൂപ കൈപ്പറ്റിയതിനുശേഷം കബളിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി അരൂര് വലിയവീട്ടില് സിറാജാണു മരട് പോലീസില് പരാതി നല്കിയത്.
മുടക്കിയ ഏഴു കോടി രൂപയോ ലാഭവിഹിതമോ തിരിച്ചുനല്കിയില്ലെന്നും പരാതിയില് വ്യക്തമാക്കിയിരുന്നു. തുടര്ന്ന് ഇതില് അന്വേഷണത്തിന് എറണാകുളം മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ക്രിമിനല് ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല് തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് നിര്മാതാക്കള്ക്കെതിരേ ചുമത്തിയത്.
വെള്ളിയാഴ്ച വരെ വ്യാപക മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ വ്യാപക മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വെള്ളിയാഴ്ച വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കർണാടക തീരത്ത് മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തി. അതേസമയം കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.
ബംഗാൾ ഉൾക്കടലിൽ അടിക്കടിയുണ്ടാകുന്ന ന്യൂനമർദങ്ങളാണ് വടക്കൻ കേരളത്തിൽ മഴ കനക്കാനിടയാക്കുന്നത്. അറബിക്കടലിൽ ഗുജറാത്ത് മുതൽ കർണാടക തീരം വരെ രൂപപ്പെട്ട ന്യൂനമർദ പാത്തിയും കേരളത്തിൽ മഴ ശക്തിപ്പെടാൻ കാരണമാകുന്നുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഹര്ജി പിന്വലിച്ച് രജിസ്ട്രാര് ; സസ്പെന്ഷന് റദ്ദാക്കിയ നടപടി ചാന്സലര് മുന്പാകെ ചോദ്യം ചെയ്യാമെന്നു ഹൈക്കോടതി
കൊച്ചി: കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്ര വിവാദത്തെത്തുടര്ന്നു തന്നെ സസ്പെൻഡ് ചെയ്ത കേരള സര്വകലാശാല വിസിയുടെ നടപടി ചോദ്യം ചെയ്തു രജിസ്ട്രാര് ഡോ. കെ.എസ്. അനില്കുമാര് ഹൈക്കോടതിയിൽ നല്കിയ ഹര്ജി പിന്വലിച്ചു.
വിസിയുടെ സസ്പെന്ഷന് ഉത്തരവ് സിന്ഡിക്കറ്റ് റദ്ദാക്കിയ പശ്ചാത്തലത്തിലാണു ഹര്ജി പിന്വലിക്കാന് അനില്കുമാര് ഹൈക്കോടതിയില് അപേക്ഷ നല്കിയത്. രജിസ്ട്രാറുടെ ആവശ്യം ജസ്റ്റീസ് ഡി.കെ. സിംഗ് അനുവദിച്ചു.
സസ്പെന്ഷന് റദ്ദാക്കിയ സിന്ഡിക്കറ്റ് തീരുമാനം അംഗീകരിക്കുന്നില്ലെന്ന നിലപാടാണു വിസി സ്വീകരിച്ചത്. എന്നാല്, സിന്ഡിക്കറ്റ് തീരുമാനത്തെ ചാന്സലറടക്കം ഉചിതമായ അധികാരി മുമ്പാകെ ചോദ്യം ചെയ്യാമെന്നു കോടതി വ്യക്തമാക്കി.
ഭാരതാംബയുടെ ചിത്രം വേദിയില് സ്ഥാപിച്ചതിനെത്തുടര്ന്ന് ജൂണ് 26ന് സര്വകലാശാല സെനറ്റ് ഹാളില് ചാന്സലറായ ഗവര്ണര് പങ്കെടുക്കേണ്ട ചടങ്ങ് റദ്ദാക്കാന് രജിസ്ട്രാര് നിര്ദേശിച്ചിരുന്നു. ചിത്രം നീക്കാന് സംഘാടകര് തയാറാകാത്തതിനെത്തുടര്ന്ന് രജിസ്ട്രാര് അന്നത്തെ പരിപാടിക്ക് അനുമതി നിഷേധിച്ചു.
എന്നാല്, ഗവര്ണര് പങ്കെടുക്കുന്ന ചടങ്ങ് തന്റെ അറിവില്ലാതെ റദ്ദാക്കാന് ശ്രമിച്ചുവെന്നതിന്റെ പേരില് വൈസ് ചാന്സലര് ഡോ. മോഹനന് കുന്നുമ്മല് രജിസ്ട്രാറെ സസ്പെന്ഡ് ചെയ്തു. ഈ നടപടി ചോദ്യം ചെയ്താണ് അടിയന്തര ഹര്ജിയുമായി രജിസ്ട്രാര് കോടതിയെ സമീപിച്ചത്. ഹര്ജിയില് വിസിയോടു കോടതി വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഞായറാഴ്ച സിന്ഡിക്കറ്റ് ചേര്ന്ന് വിസി പുറപ്പെടുവിച്ച സസ്പെന്ഷന് ഉത്തരവ് റദ്ദാക്കിയത്. തുടര്ന്നാണു ഹര്ജി പിന്വലിക്കുന്നതായി രജിസ്ട്രാര് കോടതിയെ അറിയിച്ചത്.
ആർ. രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റില് കോടതിയലക്ഷ്യ നടപടി
കൊച്ചി: കേരള സര്വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷനുമായി ബന്ധപ്പെട്ട കോടതി ഉത്തരവിനു പിന്നാലെ സിന്ഡിക്കറ്റംഗവും മുന് എംഎല്എയുമായ ആര്. രാജേഷ് ഫേസ്ബുക്കില് ഇട്ട പോസ്റ്റിന്റെ പേരില് സ്വമേധയാ ക്രിമിനല് കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന് ഹൈക്കോടതി. ഹര്ജി പരിഗണിക്കവെ, രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ കോടതി രൂക്ഷമായി വിമര്ശിച്ചതിനു പിന്നാലെയാണു നടപടി.
‘ഹൈക്കോടതിയില് ഇരിക്കുന്നത് നീതിദേവതയാണ്, കാവിക്കൊടിയേന്തിയ സ്ത്രീയല്ല’ എന്ന തലക്കെട്ടില് കുറിച്ച പോസ്റ്റിനെയാണു കോടതി വിമര്ശിച്ചത്. പോസ്റ്റ് ന്യായാധിപന്റെ സല്പ്പേരിനെയും കോടതിയെയുമാണ് കളങ്കപ്പെടുത്തുന്നത്.
സര്വകലാശാല നിയമനവുമായി ബന്ധപ്പെട്ട രാജേഷിന്റെ ഹര്ജി കോടതിയുടെ പരിഗണനയിലുണ്ട്. ഇതു വിധി പറയാന് മാറ്റിയിരിക്കുകയാണ്. ഇതിന്റെ പേരില് സമ്മര്ദം ചെലുത്താനുള്ള ശ്രമമായി കാണേണ്ടിവരും. ഇത് അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
പാലക്കാട് ജില്ലയിൽ ഹൈറിസ്ക് സന്പർക്കത്തിൽ 52 പേർ
പാലക്കാട്: ജില്ലയില് നിപ്പ കേസില് ഹൈറിസ്ക് സമ്പര്ക്കത്തില് 52 പേരുണ്ടെന്നു മന്ത്രി വീണാ ജോര്ജ്. മസ്തിഷ്കജ്വരമുണ്ടായ കേസുകള് പരിശോധിക്കും. ആശങ്കപ്പെടേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നും അവര് പറഞ്ഞു. പാലക്കാട് ഗവ. മെഡിക്കല് കോളജില് നിപ്പ അവലോകനത്തിനുശേഷം മാധ്യമപ്രവര്ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയില് ആദ്യമായാണു നിപ്പ സ്ഥിരീകരിച്ചത്. നിപ്പ ബാധിച്ച യുവതി ഗുരുതരാവസ്ഥയിലാണ്. മോണോ ക്ലോണല് ആന്റിബോഡി നല്കിയിട്ടുണ്ട്. 173 പേരാണ് സമ്പര്ക്കപ്പട്ടികയിലുള്ളത്. പ്രാഥമികസമ്പര്ക്കത്തില് 100 പേരാണുള്ളത്. സെക്കന്ഡറി സമ്പര്ക്കത്തില് 73 പേരുണ്ട്. ലോ റിസ്ക് വിഭാഗത്തില് 48 പേരാണുള്ളത്. പാലക്കാടും മഞ്ചേരിയിലുമായി 12 പേരാണ് ഐസലേഷനിലുള്ളത്.
നിപ്പബാധിതമേഖലയിലെ അസ്വാഭാവികമരണങ്ങള്കൂടി പരിശോധിക്കുമെന്നു മന്ത്രി കൂട്ടിച്ചേര്ത്തു. ഇതിനായി ഹൗസ് സര്വേ നടത്താനാണ് തീരുമാനം. രോഗിയുടെ മൊബൈല് ടവര് ലൊക്കേഷന് പോലീസ് പരിശോധിച്ചപ്പോള് യുവതിയുമായി സമ്പര്ക്കപ്പട്ടികയിലുള്ള ഒരു വ്യക്തിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളുടെ അവസാന ടവര് ലൊക്കേഷന് മലപ്പുറം ജില്ലയാണെന്നാണു മനസിലാവുന്നത്. ഇയാള് മണ്ണാര്ക്കാട് ക്ലിനിക്കിലേക്കു വന്ന ഇതരസംസ്ഥാനക്കാരനാണെന്നാണു നിഗമനം. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്കൂടി പരിശോധിച്ച് പോലീസിന്റെ നേതൃത്വത്തില് ഇയാളെ കണ്ടെത്താനാണു തീരുമാനം.
പാലക്കാട് മെഡിക്കല് കോളജ് പൂര്ണസജ്ജമാണ്. കോഴിക്കോട്ട് മരിച്ചയാളില് നിപ്പ കണ്ടെത്തിയ ഫോറന്സിക് സര്ജനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ആരോഗ്യമേഖലയുടെ പ്രവര്ത്തനവിജയമാണ് കോഴിക്കോടു കണ്ടത്.
നിപ്പ ബാധിച്ച് എല്ലാവരും മരിച്ചു എന്നതു വ്യാജമാണ്. യൂത്ത് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് മാങ്കൂട്ടത്തില് പറഞ്ഞതു തെറ്റാണ്. മരണനിരക്ക് 33 ശതമാനമായി 2018 ല് കുറയ്ക്കാന് സാധിച്ചു. ലോകത്തുതന്നെ കേരളത്തിലാണ് ഇങ്ങനെ കുറയ്ക്കാന് സാധിച്ചത്. ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഇത്തരം പ്രസ്താവനകള് പാടില്ലെന്നും വ്യാജപ്രചാരണം നടത്തുന്നവര്ക്കെതിരേ കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് മന്ത്രിക്കായി ഒരുക്കിയത്. ആശുപത്രിപരിസരത്തും മന്ത്രി പോകുന്ന വഴികളിലും യൂത്ത് കോണ്ഗ്രസും ഇവരെ പ്രതിരോധിക്കാന് സിപിഎം - ഡിവൈഎഫ്ഐ പ്രവര്ത്തകരും തമ്പടിച്ചുവെങ്കിലും അനിഷ്ടസംഭവങ്ങളൊന്നുമില്ലാതെ മന്ത്രി മലപ്പുറത്തേക്കു പോയി.
നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസവും ആദരവും കാത്തുസൂക്ഷിക്കപ്പെടണം: ഉപരാഷ്ട്രപതി
കളമശേരി: രാജ്യത്തെ നീതിന്യായ വ്യവസ്ഥയില് ജനങ്ങള് അര്പ്പിക്കുന്ന വിശ്വാസവും ആദരവും കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്കര്. കളമശേരി നാഷണല് യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്സ്ഡ് ലീഗല് സ്റ്റഡീസില് (നുവാല്സ്) വിദ്യാര്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
നീതിന്യായ സംവിധാനങ്ങളുടെ സ്വതന്ത്രമായ നിലനില്പ്പ് കാലത്തിന്റെ ആവശ്യമാണ്. അതോടൊപ്പം ഈ വ്യവസ്ഥിതിയിലുള്ള പ്രശ്നങ്ങളെ ചോദ്യം ചെയ്യുന്നതിനും നേരിടുന്നതിനുമുള്ള ആര്ജ്വവും നമുക്കുണ്ടാകണം.
ഷേക്സ്പിയറിന്റെ ജൂലിയസ് സീസറില് പറയുന്നതുപോലെയുള്ള ഒരു ഐഡ്സ് ഓഫ് മാര്ച്ചിന് സമാനമായ സംഭവം നമ്മുടെ രാജ്യത്തെ നീതിന്യായ മേഖലയിലും ഉണ്ടായി. കഴിഞ്ഞ മാര്ച്ച് 15 ന് അതിരാവിലെ ഒരു ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്നിന്നും കണക്കില്പ്പെടാത്ത പണം കണ്ടെത്തി. എന്നാല് ഇതുവരെ ഒരു എഫ്ഐആറും ഈ കേസില് രജിസ്റ്റര് ചെയ്തിട്ടില്ല. സര്ക്കാരിനാകട്ടെ ഇതില് ഇടപെടുന്നതില് നിയമപരമായി പരിമിതികളുണ്ട്. ന്യായാധിപരുടെ അവകാശങ്ങള് സംരക്ഷിക്കപ്പെടേണ്ടതുതന്നെയാണ്.
എന്നാല് ഇത്തരം സംഭവങ്ങള് ആശങ്കകള് സൃഷ്ടിക്കുന്നു. നിലവില് രാജ്യത്തെ നിയമസംവിധാനങ്ങളിലെ സുതാര്യതയും ഉത്തരവാദിത്വ സ്വഭാവവും കൂടുതല് മെച്ചപ്പെടുത്താന് സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ നേതൃത്വത്തില് ശ്രമങ്ങള് നടത്തിവരികയാണ്- ഉപരാഷ്ട്രപതി പറഞ്ഞു.
നുവാല്സ് കാമ്പസില് ഉപരാഷ്ട്രപതിയും ഭാര്യ ഡോ. സുധേഷ് ധന്കറും ചേര്ന്ന് വൃക്ഷത്തൈകള് നട്ടു. ചടങ്ങില് മന്ത്രി പി. രാജീവ്, നുവാല്സ് വൈസ് ചാന്സലര് പ്രഫ. ജി.ബി. റെഡ്ഢി തുടങ്ങിയവര് പങ്കെടുത്തു.
ഭിന്നശേഷി വിദ്യാര്ഥികള്ക്ക് മധുരം നല്കി ഉപരാഷ്ട്രപതി
കൊച്ചി: സെന്റര് ഫോര് എംപവര്മെന്റ് ആന്ഡ് എന്റിച്ച്മെന്റിന്റെ (സിഫി) നേതൃത്വത്തില് തന്നെ കാണാന് നുവാല്സില് എത്തിയ 15 ഭിന്നശേഷി വിദ്യാര്ഥികളെ മധുരം നല്കിയാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്കര് സ്വീകരിച്ചത്.
സിഫി ചെയര്പേഴ്സണ് ഡോ. പി.എ. മേരി അനിതയുടെ നേതൃത്വത്തില് എത്തിയ ഭിന്നശേഷിക്കാരായ കുട്ടികളോടും അവരുടെ രക്ഷിതാക്കളോടും ഉപരാഷ്ട്രപതി ക്ഷേമവിവരങ്ങള് തിരക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തു.
മാർ ഈവാനിയോസ് ഓർമപ്പെരുന്നാൾ തീർഥാടന പദയാത്രകൾക്കു തുടക്കം
തിരുവനന്തപുരം: ധന്യൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 72-ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളിൽ നിന്നു ള്ള തീർഥാടന പദയാത്രകൾക്ക് തുടക്കമാകുന്നു.
റാന്നി പെരുനാട്ടിൽനിന്ന് ആരംഭിക്കുന്ന പ്രധാന പദയാത്ര വ്യാഴാഴ്ച മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ബിഷപ് സാമുവേൽ മാർ ഐറേനിയോസ്, ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റം എന്നിവർ പങ്കെടുക്കും.
രാവിലെ 6.30ന് കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ കുർബാന നടക്കും. തുടർന്ന് ആരംഭിക്കുന്ന പദയാത്രയ്ക്ക് മലങ്കര കാത്തലിക്ക് യൂത്ത് മൂവ്മെന്റ് (എംസിവൈഎം.) സഭാതല സമിതിയും തിരുവനന്തപുരം മേജർ അതിരൂപതാ, പത്തനംതിട്ട രൂപതാ സമിതികളും സംയുക്തമായി നേതൃത്വം നൽകും. വൈകുന്നേരം പത്തനംതിട്ടയിൽ സമാപിക്കുന്ന പദയാത്ര തുടർന്ന് അടൂർ, കൊട്ടാരക്കര, ആയൂർ, പിരപ്പൻകോട് വഴി തിരുവനന്തപുരത്ത് എത്തിച്ചേരും.
മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ജന്മഗൃഹമായ മാവേലിക്കര പുതിയകാവിൽനിന്ന് ആരംഭിക്കുന്ന പദയാത്ര നാളെ രാവിലെ മാവേലിക്കര ബിഷപ് മാത്യൂസ് മാർ പോളികാർപ്പസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് പദയാത്ര കറ്റാനം, പഴകുളം, കടന്പനാട്, പുത്തൂർ, കല്ലുവാതുക്കൽ, ആറ്റിങ്ങൽ വഴി 14ന് വൈകുന്നേരം കബറിങ്കൽ എത്തിച്ചേരും.
തിരുവല്ല സെന്റ് ജോണ്സ് കത്തീഡ്രലിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര നാളെ രാവിലെ ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്യും. ഇന്നലെ മൂവാറ്റുപുഴയിൽനിന്ന് ബിഷപ് യൂഹോനോൻ മാർ തിയഡോഷ്യസ് ഉദ്ഘാടനം ചെയ്ത പദയാത്ര ഇന്നു വൈകുന്നേരം തിരുവല്ലയിൽ എത്തിച്ചേരും. ഈ പദയാത്രകൾ 11ന് വൈകുന്നേരം അടൂരിൽ പ്രധാന പദയാത്രയോട് ചേരും.
13ന് മാർത്താണ്ഡത്തുനിന്ന് ആരംഭിക്കുന്ന പദയാത്ര ബിഷപ് വിൻസെന്റ് മാർ പൗലോസും പാറശാലയിൽനിന്ന് ആരംഭിക്കുന്ന പദയാത്ര ബിഷപ് തോമസ് മാർ യൗസേബിയോസും ഉദ്ഘാടനം ചെയ്യും. കേരളത്തിന് പുറത്ത് പുത്തൂർ, പൂന, ഒറീസ, ഡൽഹി, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് എത്തിച്ചേരുന്ന തീർഥാടകർ 14ന് രാവിലെ പിരപ്പൻകോടുനിന്ന് പ്രധാന പദയാത്രയോടു ചേരും.
ഈ വർഷം ഗൾഫ് മേഖലയിൽ നിന്നുള്ള തീർഥാടകരും പദയാത്രയിൽ പങ്കുചേരും. 14ന് വൈകുന്നേരം അഞ്ചിന് എല്ലാ പദയാത്രകളും പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ കബറിടത്തിൽ എത്തിച്ചേരും. വള്ളിക്കുരിശ് വഹിച്ചും കാഷായവസ്ത്രം ധരിച്ചുമാണ് തീർഥാടകർ പദയാത്രയിൽ അണിചേരുന്നത്.
ഭൂമി വ്യാജരേഖ ചമച്ച് കൈക്കലാക്കിയെന്ന കേസ്: റവന്യുസെക്രട്ടറിയും കളക്ടറും പ്രതിപ്പട്ടികയിൽ
കൊച്ചി: വ്യാജരേഖ ചമച്ച് വരാപ്പുഴ അതിരൂപതയുടെ 67 സെന്റ് സ്ഥലം കൈക്കലാക്കിയെന്ന പരാതിയില് ഏലൂര് പോലീസ് അന്വേഷണം ആരംഭിച്ചു.
അതിരൂപത പ്രൊക്യുറേറ്റര് കളമശേരി ജുഡീഷല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില് സമര്പ്പിച്ച ഹര്ജിയില് കോടതി നിർദേശപ്രകാരം ഈ മാസം രണ്ടിനു രജിസ്റ്റര് ചെയ്ത കേസിലാണ് പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. 2011 കാലഘട്ടത്തില് ഉണ്ടായിരുന്ന റവന്യു സെക്രട്ടറിയും എറണാകുളം കളക്ടറും അടക്കം 19 പേരെ പ്രതിചേര്ത്താണു പോലീസ് കേസെടുത്തത്.
തൃപ്പൂണിത്തുറ ലാന്ഡ് റവന്യു സ്പെഷല് തഹസില്ദാരാണു കേസിലെ ഒന്നാം പ്രതി. റവന്യു സെക്രട്ടറി 11-ാം പ്രതിയും ജില്ലാകളക്ടർ 14-ാം പ്രതിയുമാണ്. രജിസ്ട്രേഷന് വകുപ്പിലെ ഇന്സ്പെക്ടര് ജനറല്, റവന്യു വകുപ്പ് കമ്മീഷണര്, ലാന്ഡ് റവന്യു ഡെപ്യൂട്ടി കളക്ടര്, ഫോര്ട്ടുകൊച്ചി ആര്ഡിഒ, പറവൂര് തഹസില്ദാര്, ഏലൂര് വില്ലേജ് ഓഫീസര്, ആലങ്ങാട് സബ് രജിസ്ട്രാര് എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.
രണ്ടാം പ്രതിയായ മഞ്ഞുമ്മല് സ്വദേശിയും ഏഴാം പ്രതിയായ പന്തളം സ്വദേശിയും വ്യാജരേഖകള് ചമച്ച് 2011ല് അതിരൂപതയുടെ ഏലൂരിലുള്ള സ്ഥലം സ്വന്തം പേരില് രജിസ്റ്റര് ചെയ്തെടുത്തെന്നും തുടര്ന്ന് ഇതു മറ്റ് ഏഴുപേര്ക്ക് വില്പന നടത്തിയെന്നുമാണ് കേസ്.
പറവൂര് സബ് രജിസ്ട്രാര് ഓഫീസിലാണ് ഈ സ്ഥലം രജിസ്റ്റര് ചെയ്തത്. പൊതുജന സേവകരായ ഉദ്യോഗസ്ഥര് കുറ്റത്തിനു സഹായികളായി നിന്നുവെന്നും ഇതിലൂടെ വരാപ്പുഴ അതിരൂപതയ്ക്ക് ഭൂമി നഷ്ടമായെന്നും എഫ്ഐആറില് പറയുന്നു.
സ്ഥലത്തിനു വാക്കാല് പട്ടയം ലഭിച്ചുവെന്ന് ധരിപ്പിച്ചാണു രജിസ്ട്രേഷന് നടന്നിട്ടുള്ളതെന്നാണ് പോലീസിനു ലഭിച്ച പ്രാഥമിക വിവരം.
സ്റ്റേഷൻ മാസ്റ്റർമാരെ റെയിൽവേ അധിക ജോലികളിൽനിന്ന് ഒഴിവാക്കും
എസ്.ആർ. സുധീർ കുമാർ
കൊല്ലം: സ്റ്റേഷൻ മാസ്റ്റർമാരെ അധിക ജോലികളിൽ നിന്ന് ഒഴിവാക്കാൻ റെയിൽവേ ബോർഡ് തത്വത്തിൽ തീരുമാനിച്ചു. സെപ്റ്റംബർ ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ ഇനി മുതൽ സ്റ്റേഷൻ മാസ്റ്റർമാരുടെ ചുമതല ട്രെയിനുകളുടെ പ്രവർത്തന നിയന്ത്രണവും സുരക്ഷയും മാത്രമായിരിക്കും.
സ്റ്റേഷൻ വഴി കടന്നുപോകുന്ന ട്രെയിനുകളുടെ വിവരങ്ങൾ ശേഖരിച്ച് അടുത്ത സ്റ്റേഷനിലേക്ക് കൈമാറുക, സിഗ്നലിംഗ് സംവിധാനത്തിൽ കൃത്യത ഉറപ്പ് വരുത്തുക തുടങ്ങിയവ ആയിരിക്കും സ്റ്റേഷൻ മാസ്റ്റർമാരിൽ നിക്ഷിപ്തമാകുന്ന പ്രധാന ഉത്തരവാദിത്വങ്ങൾ.
ഇതു സംബന്ധിച്ച് റെയിൽവേയുടെ ഓപ്പറേഷൻസ് വിഭാഗവും കൊമേഴ്സ്യൽ വിഭാഗവും തമ്മിൽ ചർച്ച നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം നടപ്പിലാക്കാൻ പോകുന്നത്. നിലവിൽ കൊമേഴ്സ്യൽ സെക്ഷനുമായി ബന്ധപ്പെട്ട ജോലികളും നിരവധി സ്റ്റേഷനുകളിൽ സ്റ്റേഷൻ മാസ്റ്റർമാർ തന്നെ ചെയ്യേണ്ടി വരുന്നുണ്ട്.
ടിക്കറ്റ് വിൽപ്പന, ട്രെയിനുകളുടെ യാത്രാ വിവരങ്ങൾ അനൗൺസ് ചെയ്യൽ, കോച്ച് പൊസിഷൻഅടക്കമുള്ള വിവരങ്ങൾ യാത്രക്കാർക്ക് കൈമാറൽ തുടങ്ങിയവ പലയിടത്തും സ്റ്റേഷൻ മാസ്റ്റർമാർ തന്നെയാണ് നിർവഹിക്കുന്നത്.
കഴിഞ്ഞ ഏതാനും വർഷത്തെ ട്രെയിൻ അപകടങ്ങൾ വിശദമായി പരിശോധിച്ചപ്പോൾ അവയിൽ ചിലതിന്റെ കാരണം സ്റ്റേഷൻ മാസ്റ്റർമാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നായിരുന്നു വിലയിരുത്തൽ.
ഇത്തരം വീഴ്ചകൾക്ക് പിന്നിൽ അവരുടെ അധിക ജോലികളാണെന്നും അന്വേഷണ റിപ്പോർട്ടുകളിലടക്കം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് സ്റ്റേഷൻ മാസ്റ്റർമാരുടെ ജോലിഭാരം ലഘൂകരിക്കാൻ തറയിൽവേ തീരുമാനം എടുത്തിട്ടുള്ളത്.
കേരളത്തിന്റെ ‘നിധി’യെ ഇനി ജാര്ഖണ്ഡ് കാക്കും
കൊച്ചി: ചികിത്സാച്ചെലവ് താങ്ങാനാകാതെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് ജാര്ഖണ്ഡ് സ്വദേശികളായ മാതാപിതാക്കള് ഉപേക്ഷിച്ച പിഞ്ചുകുഞ്ഞ് ‘നിധി’ മാതാപിതാക്കളുടെ നാട്ടിലേക്കു മടങ്ങി.
ഇന്നലെ രാവിലെ എറണാകുളം സൗത്ത് റെയില്വേ സ്റ്റേഷനില്നിന്ന് ജില്ലാ ശിശു ക്ഷേമ സമിതിയുടെ ഉദ്യോഗസ്ഥരും പോലീസും ആലപ്പുഴ- ധന്ബാദ് എക്സ്പ്രസിലാണ് കുഞ്ഞുമായി ജാര്ഖണ്ഡിലേക്കു തിരിച്ചത്. ജില്ലാ ശിശു സംരക്ഷണ സമിതി ഓഫീസര് കെ.എസ്. സിനിയുടെ നേതൃത്വത്തില് ഏഴംഗ സംഘമാണു യാത്രതിരിച്ചത്. പശ്ചിമബംഗാള് സിഡബ്ല്യുസിക്ക് കൈമാറാനുള്ള മറ്റൊരു കുഞ്ഞും ഇവര്ക്കൊപ്പമുണ്ട്.
ഉപേക്ഷിച്ചുപോയ മാതാപിതാക്കള്ക്കു കുട്ടിയെ നോക്കാന് സാമ്പത്തികശേഷിയില്ലാത്തതിനാല് ജാര്ഖണ്ഡ് ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ കൈമാറും. കുഞ്ഞിനെ മാതാപിതാക്കള്ക്കു കൈമാറുന്ന കാര്യത്തില് സംസ്ഥാന ശിശുക്ഷേമ സമിതി ജാര്ഖണ്ഡ് ശിശുക്ഷേമ സമിതിയില്നിന്ന് അഭിപ്രായം തേടിയിരുന്നുവെന്ന് സിഡബ്ല്യുസി ചെയര്മാന് വിന്സെന്റ് ജോസഫ് പറഞ്ഞു. കുട്ടിയെ സംരക്ഷിക്കാന് ആവശ്യമായ സാമ്പത്തികസ്ഥിതി മാതാപിതാക്കള്ക്ക് ഇല്ല എന്നാണ് അവര് അറിയിച്ചത്.
ഒരിക്കല് കുട്ടിയെ ഉപേക്ഷിച്ചുപോയ ചരിത്രമുള്ളതിനാല് ജാര്ഖണ്ഡ് സിഡബ്ല്യുസിക്കുതന്നെ കുട്ടിയെ കൈമാറാന് തീരുമാനിക്കുകയായിരുന്നു. തുടര്ന്ന് നടപടിക്രമങ്ങള് വേഗത്തില് പൂര്ത്തിയാക്കി. കഴിഞ്ഞ ആറു മാസത്തോളം കേരള വനിതാ-ശിശുക്ഷേമ വകുപ്പിന്റെ പരിരക്ഷയിലായിരുന്നു കുട്ടി.
കഴിഞ്ഞ ജനുവരി 29നാണ് എറണാകുളം ജനറല് ആശുപത്രിയില് കോട്ടയത്തെ ഫിഷ് ഫാമിൽ ജീവനക്കാരായ ജാര്ഖണ്ഡ് സ്വദേശികളായ മംഗളേശ്വരിനും രഞ്ജിതയ്ക്കും 900 ഗ്രാം തൂക്കവുമായി പെണ്കുഞ്ഞ് പിറന്നത്.
ആരോഗ്യനില വഷളായതിനെത്തുടര്ന്ന് കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. തുടര്ചികിത്സയ്ക്കുള്ള രണ്ടു ലക്ഷം രൂപ കണ്ടെത്താന് കഴിയാതെ വന്നതോടെ ജനുവരി 31 ന് രാത്രി മാതാപിതാക്കള് നവജാതശിശുവിനെ ആശുപത്രിയില് ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
കുട്ടിയുടെ ചികിത്സ ഏറ്റെടുത്ത സര്ക്കാര് അവളെ എറണാകുളം ജനറല് ആശുപത്രിയിലേക്കു മാറ്റി. ആശുപത്രിരേഖകളില് ബേബി ഓഫ് രഞ്ജിത എന്നറിയപ്പെട്ട ആ കുഞ്ഞിന് മന്ത്രി വീണാ ജോര്ജ് ‘നിധി’ എന്ന് പേരുമിട്ടു.
കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടതോടെ ഒന്നര മാസത്തിനുശേഷം ഏപ്രില് 10 ന് അവളെ ശിശുക്ഷേമ സമിതി ഏറ്റെടുത്ത് അങ്കമാലിയിലെ ശിശുഭവനിലേക്കു മാറ്റി. തുടര്ന്ന് പോലീസ് മാതാപിതാക്കളെ കണ്ടെത്തി. കുട്ടിയെ ഏറ്റെടുക്കാന് അവര് സന്നദ്ധത അറിയിച്ചെങ്കിലും കുഞ്ഞിനെ സംരക്ഷിക്കാനുള്ള സാമ്പത്തികസ്ഥിതി ഇവര്ക്കില്ലെന്ന് കണ്ടെത്തുകയായിരുന്നു.
ഉപരാഷ്ട്രപതി മടങ്ങി
കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദര്ശനത്തിനുശേഷം ഉപരാഷ്ട്രപതി ജഗ്ദീപ് ധന്കര് ഡല്ഹിക്കു മടങ്ങി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് നെടുമ്പാശേരി വിമാനത്താവളത്തില്നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില് മടങ്ങിയ ഉപരാഷ്ട്രപതിക്ക് ഗവര്ണര് രാജേന്ദ്ര വിശ്വനാഥ് അര്ലേക്കറുടെ നേതൃത്വത്തില് യാത്രയയപ്പ് നല്കി.
മന്ത്രി പി. രാജീവ്, അബ്ദുൾ വഹാബ് എംപി, ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക്, ഡിജിപി രവാഡ എ. ചന്ദ്രശേഖര്, ജില്ലാ കളക്ടര് എന്.എസ്.കെ. ഉമേഷ്, റൂറല് എസ്പി എം.ഹേമലത, സിയാല് എംഡി എസ്.സുഹാസ്, സ്റ്റേറ്റ് പ്രോട്ടോകോള് ഓഫീസര് എം.എസ്. ഹരികൃഷ്ണന് തുടങ്ങിയവരും യാത്രയയയ്ക്കാൻ എത്തിയിരുന്നു.
നേരത്തേ നാഷണല് യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്സ്ഡ് ലീഗല് സ്റ്റഡീസില് (നുവാല്സ്) വിദ്യാര്ഥികളുമായി ആശയവിനിമയം നടത്തിയ ഉപരാഷ്ട്രപതി ഇതിനുശേഷം വ്യോമസേനാ ഹെലികോപ്റ്ററില് ഗുരുവായൂര് ക്ഷേത്ര ദര്ശനത്തിനായി പുറപ്പെട്ടു. ക്ഷേത്രദര്ശനം പൂര്ത്തിയാക്കി നെടുമ്പാശേരി വിമാനത്താവളത്തില് എത്തിയശേഷമാണ് ഡല്ഹിക്കു മടങ്ങിയത്.
പുരപ്പുറ സോളാർ: കരട് ചട്ടത്തിൽ തെളിവെടുപ്പ് ഇന്നു മുതൽ
തിരുവനന്തപുരം: പുനരുപയോഗ ഊർജത്തെ സംബന്ധിച്ചുള്ള 2025 ലെ കരട് റെഗുലേഷനിൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ പൊതുതെളിവെടുപ്പ് ഇന്നു മുതൽ ആരംഭിക്കും. ഇന്ന് മുതൽ 11 വരെയാണ് ഓണ്ലൈനായി തെളിവെടുപ്പ് നടക്കുന്നത്.
ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ നാളത്തെ തെളിവെടുപ്പ് 16-ാം തീയതിയിലേക്ക് മാറ്റിയതായി കമ്മീഷൻ അറിയിച്ചു. തെളിവെടുപ്പ് ഓണ്ലൈനായാണ് നടക്കുന്നതെങ്കിലും പൊതുജനങ്ങൾക്ക് അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും 14 വരെ രേഖാമൂലം അറിയിക്കാൻ അവസരമുണ്ട്.
പുനരുപയോഗ ഊർജവും അനുബന്ധ കാര്യങ്ങളും സംബന്ധിച്ച 2020 ലെ ചട്ടങ്ങളുടെ കാലാവധി ഈ വർഷം അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ കരട് രൂപീകരിച്ചത്. എന്നാൽ കരട് ചട്ടങ്ങളിലെ വ്യവസ്ഥകളിൽ സോളാർ ഉപയോക്താക്കൾ അടക്കമുള്ളവർക്ക് കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. വൈദ്യുതി ചെലവിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാണ് പലരും പുരപ്പുറ സോളാർ സ്ഥാപിച്ചത്. എന്നാൽ പുതിയ നിയന്ത്രണങ്ങൾ വരുന്പോൾ സാന്പത്തികഭാരം വർധിക്കുമോ എന്ന ആശങ്കയിലാണ് ഇവർ.
സോളാർ ഉപയോക്താക്കൾക്കുള്ള നിലവിലെ നെറ്റ് മീറ്ററിംഗ് പരിധി 1000 കിലോവാട്ടാണ്. ഇത് മൂന്നു കിലോവാട്ടായി പരിമിതപ്പെടുത്തുന്നതാണ് കരടിലെ നിർദേശം. മൂന്ന് കിലോവാട്ടിനും അഞ്ച് കിലോവാട്ടിനും ഇടയിലുള്ള സൗരോർജ പ്ലാന്റുകളിൽ ബാറ്ററി സ്ഥാപിക്കണമെന്നും അല്ലെങ്കിൽ ഗ്രോസ് മീറ്ററിംഗിലേക്ക് മാറണമെന്നും കരടിൽ വ്യവസ്ഥയുണ്ട്.
പുരപ്പുറ സോളാറിൽ നിന്നും കെഎസ്ഇബിയിലേക്ക് നൽകുന്ന വൈദ്യുതിക്ക് പകരമായി അതേ അളവിൽ വൈദ്യുതി ഉപയോഗിക്കാമെന്നതാണ് നെറ്റ് മീറ്ററിംഗിന്റെ പ്രത്യേകത. എന്നാൽ ഗ്രോസ് മീറ്ററിംഗ് വന്നാൽ ചെറിയ തുകയ്ക്ക് സോളാർ വൈദ്യുതി കെഎസ്ഇബിക്ക് നൽകേണ്ടി വരും.
തിരികെ വാങ്ങുന്ന വൈദ്യുതിക്ക് കൂടുതൽ വിലയും നൽകേണ്ടി വരും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സോളാർ ഉപയോക്താക്കളും കന്പനികളും അടക്കം പുതിയ റെഗുലേഷനെതിരേ അതിശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്.
യൂത്ത് ഫ്രണ്ട് സെക്രട്ടേറിയറ്റ് മാര്ച്ച് ഇന്ന്
കോട്ടയം : കേരളത്തിലെ ആരോഗ്യമേഖലയെ തകര്ത്തു തരിപ്പണമാക്കിയ ഇടതുപക്ഷ സര്ക്കാരിന്റെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് ഇന്ന് സെക്രട്ടേറിയറ്റ് മാര്ച്ച് നടത്തും.
തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില് നിന്ന് രാവിലെ 10.30 ന് ആരംഭിക്കുന്ന സെക്രട്ടറിയേറ്റ് മാര്ച്ചിന്റെ ഉദ്ഘാടനം കേരള കോണ്ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് മോന്സ് ജോസഫ് എംഎല്എ നിര്വഹിക്കും. സംസ്ഥാന പ്രസിഡന്റ് കെ.വി. കണ്ണന് അധ്യക്ഷത വഹിക്കും.
വര്ക്ക്ഷോപ്പ് ജീവനക്കാരന് ഷോക്കേറ്റ് മരിച്ചു
ചങ്ങനാശേരി: ടോറസ് ലോറിയുടെ ഇരുമ്പുകാരിയര് ഉയര്ത്തി ടയര് പുറത്തേക്ക് എടുക്കുമ്പോള് വൈദ്യുതി ലൈനില് തട്ടി ഷോക്കേറ്റ് വര്ക്ക്ഷോപ്പ് ജീവനക്കാരമായ യുവാവ് മരിച്ചു.
ചങ്ങനാശേരി ബൈപാസ് റോഡില് തിരുമല സ്ക്വയറിനു സമീപം മാരുതി വാനില് പ്രവര്ത്തിച്ചിരുന്ന വര്ക്ക്ഷോപ്പിലെ ജീവനക്കാരന് മാമ്പുഴക്കേരി നെടിയകാലപറമ്പില് സിജോ രാജു (28) ആണ് മരിച്ചത്. ഷോക്കേറ്റു റോഡില്വീണ സിജോയെ നാട്ടുകാര് ചേര്ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇന്നലെ രാവിലെയായിരുന്നു അപകടം. ടയര് മാറുന്നതിന് എത്തിയ ടോറസ് ലോറിയുടെ ഇരമ്പുകാരിയര് ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ച് ഉയര്ത്തി അതില്നിന്നും ടയര് പുറത്തെടുക്കുമ്പോള് 11കെവി വൈദ്യുതി ലൈനില് തട്ടുകയായിരുന്നുവെന്ന് പോലീസും കെഎസ്ഇബി ഉദ്യോഗസ്ഥരുംപറഞ്ഞു. ലോറിയുടെ കാരിയറില്നിന്നും ടയര് വലിച്ചെടുക്കാന് ശ്രമിക്കുമ്പോഴാണ് സിജോയ്ക്ക് ഷോക്കേറ്റത്.
ആദിവാസി കുടുംബങ്ങൾ: സജീവ ഇടപെടല് വേണമെന്ന് ഷൗക്കത്തിനോടു കോടതി
കൊച്ചി: നിലമ്പൂര് മുണ്ടേരി ഉള്വനത്തില് ഒറ്റപ്പെട്ടു കഴിയുന്ന ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്ന ആവശ്യത്തില് ഹര്ജിക്കാരനായ ആര്യാടന് ഷൗക്കത്തിനു നിര്ദേശങ്ങളുമായി ഹൈക്കോടതി.
2023 ലാണ് ഹര്ജി നല്കിയത്. എന്നാല് ഹര്ജിക്കാരന് ഇപ്പോള് എംഎല്എയായ സാഹചര്യത്തില് വിഷയത്തില് സജീവ ഇടപെടല് വേണമെന്ന് ചീഫ് ജസ്റ്റീസ് നിതിന് ജാംദാര്, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുള്പ്പെട്ട ഡിവിഷന് ബെഞ്ച് പറഞ്ഞു. കോടതിയുടെ നിര്ദേശത്തിന് കാത്തുനില്ക്കാതെതന്നെ ജനസേവനത്തില് പോസിറ്റീവ് സമീപനം പ്രതീക്ഷിക്കുകയാണെന്നും വ്യക്തമാക്കി.
പ്രദേശത്തെ ആദിവാസികള് ആശ്രയിച്ചിരുന്ന പാലം പ്രളയത്തില് തകര്ന്നെങ്കിലും പുനര്നിര്മിച്ചിട്ടില്ലെന്ന് ഹര്ജിയില് ചൂണ്ടിക്കാട്ടിയിരുന്നു. പാലം നിര്മാണം ഓഗസ്റ്റ് 20ന് പൂര്ത്തിയാക്കുമെന്നാണ് സര്ക്കാര് നേരത്തേ അറിയിച്ചിരുന്നത്.
എന്നാല് നിര്മാണ പുരോഗതി അറിയിക്കാൻ ഇന്നലെ സര്ക്കാരിനു കഴിഞ്ഞില്ല. ഇത്രയും ദിവസത്തിനകം പാലം എങ്ങനെ പൂര്ത്തിയാക്കുമെന്ന് കോടതി ചോദിച്ചു. കനത്ത മഴ കാരണമാണു നിര്മാണപ്രവര്ത്തനങ്ങള് വൈകുന്നതെന്ന് സര്ക്കാര് വാദിച്ചു. എന്നാല് മഴ പ്രതീക്ഷിച്ചിരുന്നതാണല്ലോയെന്ന് കോടതി പറഞ്ഞു.
യോഗ സര്ട്ടിഫിക്കറ്റിന് നിയമന യോഗ്യത; സര്ക്കാര് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: കേരള യോഗ അസോസിയേഷന് നല്കുന്ന യോഗ സര്ട്ടിഫിക്കറ്റുകള്ക്ക് സ്പോര്ട്സ് കൗണ്സില് നല്കിയ തുല്യാംഗീകാരവും കോഴ്സ് പാസായവരെ യോഗ ഇന്സ്ട്രക്ടര്മാരായി നിയമിക്കാന് അനുമതി നല്കിയ സര്ക്കാര് ഉത്തരവും ഹൈക്കോടതി റദ്ദാക്കി.
കണ്ണൂര് കേന്ദ്രമായി പ്രവൃത്തിക്കുന്ന യോഗ ടീച്ചേഴ്സ് അസോസിയേഷന് പ്രസിഡന്റ് ടി.പി. അശോക് കുമാര് നല്കിയ ഹർജിയിലാണ് ജസ്റ്റീസ് ഹരിശങ്കര് വി. മേനോന്റെ ഉത്തരവ്.
2016ല് സ്ഥാപിച്ച സ്വകാര്യ സംഘടനയായ അസോസിയേഷന് നടത്തുന്ന കോഴ്സുകള്ക്ക് അംഗീകാരം നല്കിയ നടപടി തെറ്റാണെന്നായിരുന്നു ഹര്ജിക്കാരനുവേണ്ടി ഹാജരായ അഡ്വ. ടി. ആസഫലിയുടെ വാദം.
അസോസിയേഷന്റെ യോഗ സര്ട്ടിഫിക്കറ്റുള്ളവരെ തദ്ദേശസ്ഥാപനങ്ങളില് ഇന്സ്ട്രക്ടര്മാരായി നിയമിച്ചതും ചൂണ്ടിക്കാട്ടി. അസോസിയേഷന്റെ യോഗ കോഴ്സിന് സര്വകലാശാലയുടെ കോഴ്സിന് തുല്യമായ അംഗീകാരം നല്കിയതിനു വിശദീകരണം നല്കാന് സര്ക്കാരിനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
എംഎസ്സി എൽസ 3 അപകടം: എൻഐഒ പഠനം നടത്തും
കൊച്ചി: കൊച്ചി പുറംകടലിൽ ലൈബീരിയൻ ചരക്കുകപ്പൽ എംഎസ്സി എൽസ 3 തീപിടിച്ചു മുങ്ങിയ സംഭവത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി (എൻഐഒ) പഠനം നടത്തും.
കപ്പൽ മുങ്ങിയതിനെത്തുടർന്നു വിവിധ മേഖലകളിലുണ്ടായ ആഘാതമാണ് പഠനവിധേയമാക്കുക.
അതേസമയം കപ്പലിൽനിന്നുള്ള എണ്ണ വീണ്ടെടുക്കൽ അടുത്ത മാസം ആദ്യം ആരംഭിച്ചേക്കും. രക്ഷാപ്രവർത്തനത്തിന് സ്മിറ്റ് സാൽവേജിന്റെ നേതൃത്വത്തിൽ 30 അംഗ ദൗത്യസംഘത്തിനുള്ള പരിശീലനം പുരോഗമിക്കുകയാണ്. കപ്പൽ മുങ്ങിയ സ്ഥലത്ത് എണ്ണപ്പാട കണ്ടെത്താൻ കനറ മേഘ കപ്പൽ 24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ട്.
പുകയടങ്ങാതെ വാൻഹായ് 503
ബേപ്പൂരിനു സമീപം കടലിൽ തീപിടിച്ച വാൻഹായ് 503 കപ്പലിന്റെ പല ഭാഗത്തുനിന്നും പുക ഇപ്പോഴും ഉയരുന്നു. ഇന്ത്യൻ തീരത്തുനിന്ന് നിലവിൽ 135 നോട്ടിക്കൽ മൈൽ അകലെയാണു കപ്പൽ.
ഇന്ധന ടാങ്കുകൾക്കു സമീപത്തെ നാലാംനമ്പർ അറയിലെ താപനില താഴ്ത്താൻ സാധിക്കാത്തത് ആശങ്ക ഉയർത്തുന്നുണ്ട്. വീണ്ടും തീപിടിക്കാൻ സാധ്യതയുള്ളതിനാൽ കപ്പലിനെ തണുപ്പിക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് സാൽവേജ് കമ്പനി. അഡ്വാന്റിസ് വിർഗോ, എസ്സിഐ പന്ന, വാട്ടർ ലില്ലി എന്നീ ടഗ്ഗുകളാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുള്ളത്.
എൻജിൻ മുറിയിൽ കയറിയ വെള്ളം വറ്റിക്കുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. കപ്പൽ നിലവിൽ ഇന്ത്യയുടെ പ്രത്യേക സാമ്പത്തികമേഖലയ്ക്കു പുറത്താണ്.
മന്ത്രിമാർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നതിൽ പുതുമയില്ലെന്ന് മന്ത്രി സജി ചെറിയാൻ
പത്തനംതിട്ട: സ്വകാര്യ ആശുപത്രികളിൽ മന്ത്രിമാർ ചികിത്സ തേടുന്നതിൽ പുതുമയല്ലെന്ന് മന്ത്രി സജി ചെറിയാൻ. താൻ സർക്കാർ മെഡിക്കൽ കോളജിലും സ്വകാര്യ ആശുപത്രിയിലും പോകാറുണ്ട്.
2019ൽ ഡെങ്കിപ്പനി വന്ന് താൻ മരിക്കും എന്ന അവസ്ഥയുണ്ടായപ്പോൾ സർക്കാർ ആശുപത്രിയിൽ നിന്നും അമൃത ആശുപത്രിയിലേക്ക് മാറ്റി. 14 ദിവസം ബോധമില്ലാതെ അവിടെ കഴിഞ്ഞശേഷമാണ് താൻ രക്ഷപെട്ടതെന്ന് മന്ത്രി പറഞ്ഞു.
സ്വകാര്യ മേഖലയിൽ ആധുനിക സാങ്കേതിക വിദ്യകൾ കൂടുതൽ ഉപയോഗിക്കുന്നുണ്ട്. അത്രയും സംവിധാനങ്ങൾ ഉപയോഗിക്കാനുള്ള ശേഷി സ്വകാര്യ മേഖലയിൽ ഇല്ല. ആദ്യം മെച്ചപ്പെട്ട ചികിത്സ എവിടെ ലഭിക്കുന്നുവോ ആളുകൾ അവിടേക്ക് പോകും.
അതിനർഥം പൊതുആരോഗ്യ മേഖല മോശമാണെന്നല്ല. സർക്കാർ ആശുപത്രികളെയാണ് സാധാരണക്കാരായ കൂടുതൽ ആളുകൾ ആശ്രയിക്കുന്നത്. പൊതുആരോഗ്യ മേഖലയെ തകർക്കുകയും അതിൽ മന്ത്രി വീണാ ജോർജിനെ ബലിയാടാക്കാനാണ് ശ്രമം.
അത് അംഗീകരിക്കാനാകില്ല. പൊതുജനാരോഗ്യത്തെയും വീണാ ജോർജിനെയും സംരക്ഷിക്കുകയാണ് എൽഡിഎഫ് ലക്ഷ്യമെന്ന് സജി ചെറിയാൻ പറഞ്ഞു.
പാത്രിയാർക്കീസ് പദവിക്കടുത്തുവരെ...
തൃശൂർ: അസീറിയൻ ചർച്ച് ഓഫ് ദി ഈസ്റ്റിന്റെ പാത്രിയാർക്കീസാവാൻവരെ സാധ്യത കല്പിക്കപ്പെട്ടയാളാണ് മാർ അപ്രേം മെത്രാപ്പോലീത്ത. ആദ്യ നോമിനേഷനിൽ പതിനാലിൽ ഒന്പതു വോട്ടുനേടിയയാൾ.
മാർ ദിൻഹ പാത്രിയാർക്കീസായപ്പോൾ സീനിയർ മെത്രാപ്പോലീത്തയായ മാർ അപ്രേമാണ് അഭിഷേകച്ചടങ്ങുകൾക്കു നേതൃത്വം നൽകിയത്. മാർ ദിൻഹ നാലാമൻ കാലംചെയ്തപ്പോൾ സഭയുടെ താത്കാലിക പരമാധ്യക്ഷനായും പ്രവർത്തിച്ചു. മാർ ദിൻഹയ്ക്കു പിൻഗാമിയെ തേടുന്പോൾ അസീറിയൻ സഭയ്ക്ക് ഇരുപതോളം ബിഷപ്പുമാരുണ്ടെങ്കിലും 14 പേർക്കായിരുന്നു വോട്ടവകാശം.
ആദ്യഘട്ട നോമിനേഷനിൽ ബിഷപ്പുമാർ രഹസ്യബാലറ്റുവഴി മുന്നോട്ടുവച്ച പേരുകളിൽ മൂന്നു ബിഷപ്പുമാരാണുണ്ടായിരുന്നത്. കൂടുതൽ നോമിനേഷൻ (ഒന്പത്) ലഭിച്ചതു മാർ അപ്രേം മെത്രാപ്പോലീത്തയ്ക്കായിരുന്നു.
ഇറാക്കിൽനിന്നുള്ള ബിഷപ് മാർ ഗീവർഗീസായിരുന്നു രണ്ടാംസ്ഥാനത്ത്. മൂന്നാം സ്ഥാനത്തുവന്ന ബിഷപ് തന്നെ ഒഴിവാക്കണമെന്ന് അഭ്യർഥിച്ചതോടെ രണ്ടുപേരായി. തെരഞ്ഞെടുക്കപ്പെട്ടതു മാർ ഗീവർഗീസാണ്. മാർ ഗീവർഗീസ് പാത്രിയാർക്കീസായപ്പോഴും മുഖ്യകാർമികൻ മാർ അപ്രേംതന്നെയായിരുന്നു.
സഭയുടെ ആഗോള സൂനഹദോസ് തൃശൂരിൽ നടത്തി ആഗോളസഭയിലെ ബിഷപ്പുമാരുടെയും ഇന്ത്യയിലെതന്നെ വിശ്വാസികൾക്കിടയിലും മതിപ്പുണ്ടാക്കാൻ മാർ അപ്രേമിനു കഴിഞ്ഞിരുന്നു.
മാർ അപ്രേമിന്റെ വേർപാട് തീരാനഷ്ടം: മാർ തട്ടിൽ
കൊച്ചി: കൽദായ സുറിയാനി സഭയുടെ ഇന്ത്യ മുഴുവന്റെയും മെത്രാപ്പോലീത്തയായിരുന്ന മാർ അപ്രേമിന്റെ സംഭാവനകൾ നിസ്തുലമാണെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ സീറോമലബാർ സഭയുടെ അനുശോചനവും പ്രാർഥനയും അറിയിക്കുന്നു.
തൃശൂരിന്റെ ആത്മീയ- സാംസ്കാരിക മണ്ഡലത്തിൽ നിറസാന്നിധ്യമായിരുന്നു മാർ അപ്രേം. താരതമ്യേന ചെറുപ്രായത്തിൽ മെത്രാപ്പോലീത്ത പദവിയിലെത്തിയ അദ്ദേഹം മികച്ച ഭരണകർത്താവും ആത്മീയനേതാവുമായിരുന്നു.
പൗരസ്ത്യ ദൈവശാസ്ത്രത്തിൽ വലിയ അവഗാഹമുണ്ടായിരുന്ന അദ്ദേഹം പൗരസ്ത്യ സുറിയാനി ഭാഷാപണ്ഡിതൻ എന്നനിലയിലും എഴുപതിൽപ്പരം ഗ്രന്ഥങ്ങളുടെ രചയിതാവ് എന്നനിലയിലും വലിയ സംഭാവനകൾ വൈജ്ഞാനിക രംഗത്ത് നൽകിയിട്ടുണ്ട് .
മാർ അപ്രേം മെത്രാപ്പോലീത്തയുടെ വിയോഗത്തിൽ ദുഃഖിക്കുന്ന കൽദായ സുറിയാനി സഭയോടും മാർ ഔഗേൻ മെത്രാപ്പോലീത്തയുൾപ്പെടെ സഭാ നേതൃത്വത്തോടുമുള്ള അനുശോചനം അറിയിക്കുന്നു. കാലം ചെയ്ത മാർ അപ്രേം തിരുമേനിയെ പ്രാർഥനയിൽ ഓർക്കുന്നതായും മേജർ ആർച്ച്ബിഷപ് അറിയിച്ചു.
മാര് അപ്രേം സജീവമായിരുന്ന ആത്മീയവ്യക്തിത്വം: കെസിബിസി
കൊച്ചി : കല്ദായ സുറിയാനി സഭയുടെ ഇന്ത്യയിലെ വലിയ മെത്രാപ്പോലീത്തയായിരുന്ന മാര് അപ്രേം തൃശൂരില് മാത്രമല്ല, കേരള ക്രൈസ്തവസഭയിലാകെ നിറഞ്ഞുനിന്ന ആത്മീയ വ്യക്തിത്വമായിരുന്നെന്ന് കെസിബിസി.
അദ്ദേഹത്തിന്റെ സുദീര്ഘമായ മെത്രാന്ശുശ്രൂഷ കല്ദായ സുറിയാനി സഭയ്ക്കും കേരളത്തിലെ ക്രൈസ്തവ സഭകള്ക്കും ആത്മീയ ഉണര്വും ചൈതന്യവുമേകി. നിരവധി ആത്മീയ ഗ്രന്ഥങ്ങളിലൂടെ സഭയ്ക്ക് അദ്ദേഹം വിശ്വാസവെളിച്ചം പകര്ന്നു.
പിന്ഗാമിയായ മാര് ഔഗേന് മെത്രാപ്പോലീത്തയോടും കല്ദായ സുറിയാനി സഭയോടും കെസിബിസിയുടെ ആഴമായ അനുശോചനവും പ്രാര്ഥനകളും അറിയിക്കുന്നതായി കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയില് പറഞ്ഞു.
സഭൈക്യരംഗത്ത് നിസ്തുല സംഭാവനകള് നല്കിയ വ്യക്തി: മാര് തോമസ് തറയില്
ചങ്ങനാശേരി: മാര് അപ്രേം മെത്രാപ്പോലീത്താ സഭൈക്യരംഗത്തു നല്കിയ സേവനങ്ങളും സംഭാവനകളും നിസ്തുലങ്ങളാണെന്നു ചങ്ങനാശേരി ആര്ച്ച്ബിഷപ് മാര് തോമസ് തറയില്.
സീറോമലബാര് സഭയും അസീറിയന് സഭയും ഒരേ സുറിയാനി പാരമ്പര്യം പുലര്ത്തുന്നതിനാല് മാര് അപ്രേം മെത്രാപ്പോലീത്താ സഹോദരീ സഭയായി സീറോമലബാര് സഭയെ കരുതുകയും ചങ്ങനാശേരി അതിരൂപതയോടും മാര് ജോസഫ് പവ്വത്തില് പിതാവിനോടും ഊഷ്മള ബന്ധം പുലര്ത്തുകയും ചെയ്തിരുന്നു.
സഭൈക്യസംരംഭങ്ങളെ ശക്തിപ്പെടുത്തിയ മാര് അപ്രേം മെത്രാപ്പോലീത്തായുടെ വിയോഗത്തില് ചങ്ങനാശേരി അതിരൂപതയുടെ അനുശോചനങ്ങളും പ്രാര്ഥനകളും അറിയിക്കുന്നതായും മാര് തോമസ് തറയില് പറഞ്ഞു.
ക്രൈസ്തവർക്ക് തീരാനഷ്ടം: മാർ ആൻഡ്രൂസ് താഴത്ത്
തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനിസഭയുടെ മുൻഅധ്യക്ഷൻ മാർ അപ്രേം മെത്രാപ്പോലീത്തയുടെ ദേഹവിയോഗം ക്രൈസ്തവർക്കു തീരാനഷ്ടമെന്നു സിബിസിഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത്. തൃശൂരിലെ എക്യുമെനിക്കൽ പ്രസ്ഥാനത്തിന്റെ പ്രാരംഭകരിൽ പ്രധാനിയായിരുന്നു അദ്ദേഹം.
സഭകൾ തമ്മിലുള്ള ഐക്യത്തിനുവേണ്ടി നിരന്തരം പ്രവർത്തിച്ചു. തൃശൂരിലെ എല്ലാ വിഭാഗം ജനങ്ങളുമായി ആഴത്തിലുള്ള ബന്ധം സൂക്ഷിച്ചു.
തൃശൂർ അതിരൂപതയുമായി ദൃഢമായ സ്നേഹബന്ധം കാത്തുസൂക്ഷിച്ചെന്നും മാർ താഴത്ത് അനുശോചനസന്ദേശത്തിൽ പറഞ്ഞു.
അനുശോചനമറിയിച്ച് കെആര്എല്സിബിസി
കൊച്ചി: ഇന്ത്യയിലെ പൗരസ്ത്യ കല്ദായ സുറിയാനി സഭയുടെ അധ്യക്ഷനായിരുന്ന മാര് അപ്രേം മെത്രാപ്പോലീത്തയുടെ നിര്യാണത്തില് കേരള ലത്തീന് മെത്രാന്സമിതി അനുശോചിച്ചു.
മാർ അപ്രേമിന്റെ ജീവിതം ക്രിസ്തുസന്ദേശം പ്രചരിപ്പിക്കുന്നതിനും വിശ്വാസികള്ക്ക് ആത്മീയ മാര്ഗദര്ശനം നല്കുന്നതിനുംവേണ്ടി സമര്പ്പിച്ചതായിരുന്നു. കല്ദായ സുറിയാനി സഭയുടെ അഭിമാനകരമായ പാരമ്പര്യത്തെ മുന്നോട്ടു കൊണ്ടുപോകുന്നതില് അദ്ദേഹത്തിന്റെ നേതൃത്വവും ഭക്തിനിഷ്ഠയും ശ്രദ്ധേയമായിരുന്നു.
മാർ അപ്രേമിന്റെ ജീവിതവും ശുശ്രൂഷയും വിശ്വാസികളുടെ ഹൃദയങ്ങളില് നിത്യതയിലേക്കുള്ള വഴിവിളക്കായി എന്നും പ്രകാശിക്കുമെന്ന് കെആര്എല്സിബിസി പ്രസിഡന്റ് ആര്ച്ച്ബിഷപ് ഡോ. വര്ഗീസ് ചക്കാലക്കല് അനുസ്മരിച്ചു.
എല്ലാവരാലും ആദരിക്കപ്പെട്ടിരുന്ന വൈദിക ശ്രേഷ്ഠൻ: കർദിനാൾ മാർ ആലഞ്ചേരി
കൊച്ചി: കേരളത്തിലെ സീനിയർ സഭാ പിതാക്കന്മാരിൽ എല്ലാവരാലും ആദരിക്കപ്പെട്ടിരുന്ന ഒരു വൈദിക ശ്രേഷ്ഠനാണ് മാർ അപ്രം മെത്രാപ്പോലീത്തയെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു.
ഇന്ത്യയിലെ കൽദായസഭയുടെ അധ്യക്ഷനായിരുന്ന അദ്ദേഹം സുറിയാനി ഭാഷയിലും ആരാധനക്രമത്തിലും ദൈവശാസ്ത്രത്തിലും വലിയ അവഗാഹം നേടിയിരുന്നു.
എല്ലാ സഭകളോടും സ്നേഹബന്ധത്തിൽ കഴിയാനും എക്യുമെനിക്കൽ കൂട്ടായ്മകൾ ശക്തിപ്പെടുത്താനും അദ്ദേഹം സദാ ഉത്സുകനായിരുന്നു.
തിരുമേനിയുടെ ദേഹവിയോഗത്തിൽ ആത്മാർഥമായ അനുശോചനം അറിയിക്കുന്നു. ആത്മശാന്തിക്കായി പ്രാർഥിക്കുന്നുവെന്നും മാർ ആലഞ്ചേരി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മാർത്തോമ്മ മെത്രാപ്പോലീത്ത അനുശോചിച്ചു
തിരുവല്ല: അര നൂറ്റാണ്ടിലേറെ കല്ദായ സുറിയാനി സഭയെ നയിച്ച ഡോ. മാർ അപ്രേം മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തിൽ മാർത്തോമ്മ സഭാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത അനുശോചിച്ചു.
എഴുത്തുകാരന്, ബഹുഭാഷാ പണ്ഡിതന്, സഭാ ചരിത്രകാരന് എന്നീ നിലകളില് അറിയപ്പെട്ടിരുന്നു.
മാർ അപ്രം മെത്രാപ്പോലീത്ത സംഗീത ആസ്വാദകനും ഗാന രചയിതാവും കേരള ക്രൈസ്തവ സഭാ വിഭാഗങ്ങളെ ഒരുമിച്ച് നിര്ത്തുന്നതില് തല്പരനുമായിരുന്നുവെന്ന് മാർത്തോമ്മ മെത്രാപ്പോലീത്ത അനുസ്മരിച്ചു.
മാരാമൺ കൺവൻഷനിൽ ദീർഘകാലം അദ്ദേഹം സ്ഥിരസാന്നിധ്യമായിരുന്നുവെന്നും തിയഡോഷ്യസ് മെത്രാപ്പോലീത്ത പറഞ്ഞു.
സഭാചരിത്രത്തിലെ അപൂർവവ്യക്തിത്വം: മാർ ഔഗിൻ മെത്രാപ്പോലീത്ത
തൃശൂർ: ആത്മീയ സാംസ്കാരികരംഗത്തെ അറിയപ്പെടുന്ന നേതാവായിരുന്ന ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത സഭാചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തിയിട്ടുള്ള വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണെന്നു കൽദായ സുറിയാനിസഭ അധ്യക്ഷൻ മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത.
തന്റെ 85 വയസ് വരെയുള്ള ജീവിതത്തിൽ 54 വർഷവും തൃശൂരിൽ കഴിഞ്ഞ അദ്ദേഹത്തിന്റെ വിയോഗം തൃശൂരിൽത്തന്നെയായതും യാദൃച്ഛികംമാത്രം. ചരിത്രം ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം സഭയെക്കുറിച്ചും സഭയുടെ ചരിത്രത്തെക്കുറിച്ചും പഠിച്ച് ചരിത്രകാരനായ മാറിയാണു ലോകത്തോടു വിടപറഞ്ഞത്. യുവാക്കൾക്ക് അദ്ദേഹം എന്നും പ്രോത്സാഹനമായിരുന്നു. വയസായിട്ടുപോലും പഠനത്തിന് അതൊരു ബുദ്ധിമുട്ടല്ലെന്നു തെളിയിച്ച് തന്റെ രണ്ടാമത്തെ ഡോക്ടറേറ്റ് നേടാൻ കഴിഞ്ഞത് സഭയ്ക്ക് അഭിമാനനിമിഷങ്ങളായിരുന്നു- മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.
ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് മാർ ജോസഫ് ബാവ അനുശോചിച്ചു
കൊച്ചി: മാർ അപ്രേം മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തിൽ യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് മാർ ജോസഫ് ബാവ അനുശോചിച്ചു. സഭയ്ക്കും സമൂഹത്തിനും ഉത്തമമായ ഫലം പുറപ്പെടുവിച്ച ഇടയശ്രേഷ്ഠനാണ് മാർ അപ്രേമെന്നും അദ്ദേഹം പറഞ്ഞു.
വിലവര്ധന: കാറ്ററേഴ്സ് അസോസിയേഷൻ പ്രതിഷേധ സമരം ഇന്ന്
കൊച്ചി: ഭക്ഷ്യോത്പാദന മേഖലയിലെ അവശ്യസാധനങ്ങളുടെ അനിയന്ത്രിത വിലവര്ധനയ്ക്കെതിരേ ഓള് കേരള കാറ്ററേഴ്സ് അസോസിയേഷന് (എകെസിഎ) സമരമുഖത്ത്.
സര്ക്കാരിന്റെ കണ്ണ് തുറപ്പിക്കുന്നതിന്റെ ഭാഗമായി ഇന്നു രാവിലെ സെക്രട്ടേറിയറ്റ് പടിക്കല് പ്രതിഷേധ സമരവും മാര്ച്ചും നടത്തുമെന്ന് പ്രസിഡന്റ് പ്രിന്സ് ജോര്ജ്, ജനറല് സെക്രട്ടറി റോബിന് കെ. പോള്, എം.ജി. ശ്രീവത്സന് എന്നിവര് പറഞ്ഞു.
പിഎസ്സി 10 തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: 10 തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഇന്നലെ ചേര്ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
ആരോഗ്യ വകുപ്പില് അസിസ്റ്റന്റ് സര്ജന്/കാഷ്വാലിറ്റി മെഡിക്കല് ഓഫീസര് (പട്ടികവര്ഗം), മെഡിക്കല് വിദ്യാഭ്യാസ വകുപ്പില് അസിസ്റ്റന്റ് പ്രഫസര് ഇന് മൈക്രോബയോളജി (പട്ടികവര്ഗ്ഗം), മെഡിക്കല് വിദ്യാഭ്യാസ വകുപ്പില് അസിസ്റ്റന്റ് പ്രഫസര് ഇന് മെഡിക്കല് ഓങ്കോളജി (എല്സി/എഐ), മെഡിക്കല് വിദ്യാഭ്യാസ വകുപ്പില് അസിസ്റ്റന്റ് പ്രഫസര് ഇന് സര്ജിക്കല് ഓങ്കോളജി, മെഡിക്കല് വിദ്യാഭ്യാസ വകുപ്പില് അസിസ്റ്റന്റ് പ്രഫസര് ഇന് കാര്ഡിയോ വാസ്കുലാര് ആന്ഡ് തൊറാസിക് സര്ജറി, മെഡിക്കല് വിദ്യാഭ്യാസ വകുപ്പില് അസിസ്റ്റന്റ് പ്രഫസര് ഇന് പ്ലാസ്റ്റിക് ആന്ഡ് റീകണ്സ്ട്രക്ടീവ് സര്ജറി, ആയുര്വേദ മെഡിക്കല് വിദ്യാഭ്യാസ വകുപ്പില് അസിസ്റ്റന്റ് പ്രഫസര് ഇന് രചന ശരീര് (എല്സി/എഐ), തൃശൂര് ജില്ലയില് വിദ്യാഭ്യാസ വകുപ്പില് മ്യൂസിക് ടീച്ചര് (ഹൈസ്കൂള്), കാസര്ഗോഡ്, കൊല്ലം, മലപ്പുറം, തിരുവനന്തപുരം ജില്ലകളില് വിദ്യാഭ്യാസ വകുപ്പില് മ്യൂസിക് ടീച്ചര് (ഹൈസ്കൂള്) (മുസ്ലിം, എല്സി/എഐ), പോലീസ് (മോട്ടോര് ട്രാന്സ്പോര്ട്ട് വിംഗ്) വകുപ്പില് മോട്ടോര് ട്രാന്സ്പോര്ട്ട് സബ് ഇന്സ്പെക്ടര് (എല്സി/എഐ) തസ്തികകളിലേക്കാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്.
ധനലക്ഷ്മി ഭാഗ്യക്കുറി നറുക്കെടുപ്പ് 10ന്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സംയുക്ത ട്രേഡ് യൂണിയൻ ദേശീയ പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്ന സാഹചര്യത്തിൽ അന്നേ ദിവസം നറുക്കെടുക്കേണ്ട ധനലക്ഷ്മി ഭാഗ്യക്കുറിയുടെ (DL- 9) നറുക്കെടുപ്പ് ജൂലൈ 10ന് ഉച്ചകഴിഞ്ഞ് 1.30 ന് നടത്തുമെന്ന് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അറിയിച്ചു.
ഗുണ്ടകളെ ഒതുക്കിയ പ്രദേശത്തെ റോഡിന് കമ്മീഷണറുടെ പേരിട്ട് നാട്ടുകാർ
മണ്ണുത്തി: നെല്ലങ്കരയിൽ ഗുണ്ടാ ആക്രമണവും പോലീസുമായി ഏറ്റുമുട്ടലുമുണ്ടായ സ്ഥലത്തെ റോഡിന് സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ പേരു നൽകി നാട്ടുകാർ. ‘ഇളങ്കോ നഗർ’ എന്നു പേരിട്ട് നാട്ടുകാർ സ്ഥാപിച്ച ബോർഡ് വിവരമറിഞ്ഞ ഉടൻ കമ്മീഷണർ പോലീസിനെ അയച്ച് നീക്കംചെയ്യിച്ചു.
ഗുണ്ടകളെ അമർച്ചചെയ്തതിന്റെ സന്തോഷസൂചകമായാണ് നാട്ടുകാർ കമ്മീഷണറുടെ പേര് റോഡിനിട്ട് ബോർഡ് വച്ചത്. എന്നാൽ പേരിനുവേണ്ടിയല്ല നടപടിയെടുത്തതെന്നും, അനുമതിയില്ലാതെ സ്ഥാപിച്ചതിനാലാണ് ബോർഡ് എടുത്തുമാറ്റിയതെന്നും ആർ. ഇളങ്കോ പ്രതികരിച്ചു.
കഴിഞ്ഞദിവസം വൈകുന്നേരത്തോടെയാണ് നെല്ലങ്കരയിൽ ഇളങ്കോ നഗർ എന്ന പേരിൽ ബോർഡ് പ്രത്യക്ഷപ്പെട്ടത്. കോർപറേഷന്റെയോ പോലീസിന്റെയോ അനുമതിയില്ലാതെയാണ് നാട്ടുകാർ ബോർഡ് വച്ചത്. മണ്ണുത്തി പോലീസ് എത്തി രാത്രിയിൽത്തന്നെ ബോർഡ് എടുത്തുമാറ്റി.
നെല്ലങ്കരയിൽ രണ്ടു കൊലക്കേസ് പ്രതി ഉൾപ്പെടെയുള്ള സംഘം രാത്രി ലഹരി പാർട്ടി നടത്തിയതിനെത്തുടർന്ന് ഇവരിൽ രണ്ടുപേരുടെ അമ്മയുടെ പരാതിയിലാണ് പോലീസ് സ്ഥലത്തെത്തിയത്. ഗുണ്ടകൾ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ജീപ്പുകൾ തകർക്കുകയും ചെയ്തു. കർശന നടപടിയെടുത്ത പോലീസ് ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു.
സംഭവത്തിനു പിറ്റേന്ന് സ്ഥലം സന്ദർശിച്ച സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ ‘ഗുണ്ടകൾ ഗുണ്ടകളെപ്പോലെ പ്രവർത്തിച്ചു, പോലീസ് പോലീസിനെപ്പോലെയും’ എന്നു പ്രതികരിച്ചത് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. പോലീസ് നടപടിയിൽ വലിയ കൈയടിയാണ് കമ്മീഷണർ ഉൾപ്പെടെയുള്ളവർക്ക് ലഭിച്ചത്. ഇതിനു പിന്നാലെയാണ് നാട്ടുകാർ ബോർഡ് സ്ഥാപിച്ചത്.
ഹൈക്കോടതി ഇടപെടൽ: സിദ്ധാര്ഥന്റെ കുടുംബത്തിന് ഏഴുലക്ഷം നല്കാന് സര്ക്കാര്
കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളജില് ജീവനൊടുക്കിയ രണ്ടാം വര്ഷ ബിവിഎസ്സി വിദ്യാർഥി ജെ.എസ്. സിദ്ധാര്ഥന്റെ മാതാപിതാക്കള്ക്ക് ഏഴുലക്ഷം രൂപ നല്കണമെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ഏറെക്കാലം പൂഴ്ത്തിവച്ച സംസ്ഥാന സര്ക്കാര് ഹൈക്കോടതി ഉത്തരവിനു മുമ്പില് പത്തി മടക്കി. ദേശീയ മനുഷ്യാവകാശ കമ്മീഷന് നിര്ദേശിച്ച ഏഴുലക്ഷം രൂപ നഷ്ടപരിഹാരം ഹൈക്കോടതിയില് കെട്ടിവയ്ക്കാന് സംസ്ഥാന സര്ക്കാര് തീരുമാനിച്ചു.
സിദ്ധാര്ഥന്റെ അടുത്ത ബന്ധുക്കള്ക്ക് ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ദേശീയ മനുഷ്യാവകാശ കമ്മീഷന് സര്ക്കാരിനോട് നിര്ദേശിച്ചിരുന്നു. ഈ നിര്ദേശം പാലിക്കാത്തതില് മനുഷ്യാവകാശ കമ്മീഷന് വീണ്ടും ഇടപെടുകയും ചീഫ് സെക്രട്ടറിയോടു വിശദീകരണം തേടുകയും ചെയ്തിരുന്നു.
അതിനിടെ, മനുഷ്യാവകാശ കമ്മീഷന് ഉത്തരവിനെതിരേ സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് റിട്ട് ഹര്ജി ഫയല് ചെയ്തിരുന്നു. കഴിഞ്ഞദിവസം ഹര്ജി പരിഗണിച്ച ഹൈക്കോടതി സംസ്ഥാന സര്ക്കാരിന്റെ വാദം തള്ളി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഇതിന്റെ അടിസ്ഥാനത്തില് തുക അനുവദിച്ചുകൊണ്ടു സര്ക്കാര് ഉത്തരവിറക്കി. ദേശീയ മനുഷ്യാവകാശ കമ്മീഷന് നിര്ദേശിച്ച തുക 10 ദിവസത്തിനുള്ളില് ഹൈക്കോടതിയില് കെട്ടിവയ്ക്കണമെന്നായിരുന്നു ഇടക്കാല വിധി. ഇതനുസരിച്ച്, പൊതുഫണ്ടില്നിന്ന് ഏഴുലക്ഷം രൂപ ഹൈക്കോടതി രജിസ്ട്രാര് ജനറലിന്റെ പേരില് ചെക്കായോ ഡിമാന്ഡ് ഡ്രാഫ്റ്റായോ കെട്ടിവയ്ക്കാനാണു സര്ക്കാര് അനുമതി നല്കിയിരിക്കുന്നത്. 2024 ഒക്ടോബര് ഒന്നിനാണ് കുടുംബത്തിന് ഏഴു ലക്ഷം നല്കാന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന് നിര്ദേശം നല്കിയത്.
നിര്ദേശം നടപ്പാക്കാത്തതിനെത്തുടര്ന്ന് ജൂലൈ പത്തിന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നല്കണമെന്നു മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടിരുന്നു.
2024 ഫെബ്രുവരി 18നാണ് തിരുവനന്തപുരം സ്വദേശിയായ സിദ്ധാര്ഥനെ പൂക്കോട് വെറ്ററിനറി കോളജിലെ ഹോസ്റ്റലിലെ ശുചിമുറിയില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. ക്രൂരമായ റാഗിംഗിന് സിദ്ധാര്ഥന് ഇരയായിരുന്നു. എസ്എഫ്ഐ പ്രവര്ത്തകരടക്കം 18 പേര് കേസില് പ്രതികളാണ്.
പത്തനംതിട്ട നഗരത്തില് കുതിര വിരണ്ടോടി, സ്കൂട്ടര് യാത്രക്കാര്ക്ക് പരിക്ക്
പത്തനംതിട്ട: പത്തനംതിട്ട നഗരത്തില് പതിവു നടത്തത്തിനിറങ്ങിയ കുതിര വിരണ്ടോടി. പത്തനംതിട്ട സ്വദേശി വളര്ത്തുന്ന ഹൈദര് എന്ന കുതിരയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് നഗരത്തെ വിറപ്പിച്ചത്. പതിവായി നഗരത്തില് കുതിര സവാരിക്ക് എത്താറുണ്ടെങ്കിലും ഇത്തരം ഒരു സംഭവം ആദ്യമെന്ന് ഉടമ പറഞ്ഞു.
വാഹനത്തിന്റെ ഹോണ് ശബ്ദം കേട്ട് ഞെട്ടിയ കുതിര പായുകയായിരുന്നുവെന്ന് പറയുന്നു. സ്കൂട്ടറിലെത്തിയ പറക്കോട് കൊല്ലവിളാകം ജോര്ജിനെ (30) ഇടിച്ചിട്ടു. കുതിര പാഞ്ഞു വരുന്നതു കണ്ട് അഴൂര് സ്വദേശി സംഗീത (32) ഓടിച്ച സ്കൂട്ടറിന്റെ നിയന്ത്രണം വിട്ടു. മകന് ദോഷന്തും (ആറ്) സ്കൂട്ടറില് ഉണ്ടായിരുന്നു. രണ്ടുപേരും താഴെ വീണു. ഓടിക്കൂടിയവര് സ്കൂട്ടര് യാത്രക്കാരെ രക്ഷിച്ച് ആശുപത്രിയിലാക്കി.
അഴൂരിലെ പെട്രോള് പമ്പിലേക്ക് ഓടിക്കയറിയ കുതിരയെ ജീവനക്കാരും യാത്രക്കാരും ചേര്ന്ന് പിടിച്ചുകെട്ടി. അഴൂര് സ്വദേശി തമ്പിയുടേതാണ് ഒരു വയസ് കഴിഞ്ഞ ഹൈദര്. വാഹനത്തില് ഇടിച്ച് കുതിരയുടെ വലതുകണ്ണിന് പരിക്കേറ്റിട്ടുണ്ട്.
കരുവാരകുണ്ട് (മലപ്പുറം): രണ്ടുമാസത്തോളമായി കരുവാരക്കുണ്ട് മലയോര മേഖലയെ ഒന്നാകെ ഭീതിയിലാഴ്ത്തിയ കടുവ ഒടുവിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. സുൽത്താന എസ്റ്റേറ്റിലെ എസ് വളവിൽ റോഡരികിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.
ഇന്നലെ രാവിലെ തോട്ടങ്ങളിലേക്ക് തൊഴിലെടുക്കാൻ പുറപ്പെട്ട തൊഴിലാളികളാണ് കടുവ കൂട്ടിൽ കുടുങ്ങിക്കിടക്കുന്നതു കണ്ടത്. തുടർന്ന് നാട്ടുകാരെയും പിന്നീട് വനംവകുപ്പ് അധികൃതരെയും അറിയിക്കുകയായിരുന്നു.
കൂട്ടിൽ അകപ്പെട്ട കടുവ രക്ഷപ്പെടുന്നതിനുള്ള ശ്രമത്തിനിടെ കന്പികളിൽ തല ഇടിച്ചതിനാൽ പരിക്കേറ്റിട്ടുണ്ട്. കടുവയെ സ്ഥലത്തുനിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരും വനംവകുപ്പധികൃതരും തമ്മിൽ ഏറെനേരം വാഗ്വാദമുണ്ടായി. പ്രദേശത്ത് കടുവയുടെ ശല്യം നിരന്തരം ഉണ്ടായതിനെത്തുടർന്ന് നാട്ടുകാർ കടുത്ത പ്രതിഷേധത്തിലായിരുന്നു. അതിനാൽ കടുവയെ ജീവനോടെ കൊണ്ടുപോകാതിരിക്കുകയോ മൃഗശാലയിലേക്ക് മാറ്റുകയോ വേണമെന്ന ആവശ്യമാണ് നാട്ടുകാർ ഉയർത്തിയത്.
പ്രതിഷേധവുമായെത്തിയ വൻ ജനക്കൂട്ടം ഏറെനേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു. വനംവകുപ്പ് അധികൃതർക്ക് പുറമേ പോലീസും സ്ഥലത്തെത്തിയിരുന്നു.
തുടർന്ന് സ്ഥലം എംഎൽഎ എ.പി. അനിൽകുമാർ, കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പൊന്നമ്മ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കർഷക നേതാക്കൾ തുടങ്ങിയവർ നിലന്പൂർ സൗത്ത് ഡിഎഫ്ഒ ധനിക് ലാലുമായി ചർച്ച നടത്തി. ഇതേത്തുടർന്ന് കടുവയെ അമരന്പലത്തെ വനംവകുപ്പിന്റെ കേന്ദ്രത്തിൽ ചികിത്സ നൽകിയശേഷം മാറ്റാമെന്ന് ഡിഎഫ്ഒ ഉറപ്പു നൽകി. ഇതോടെയാണ് കടുവയെ പ്രദേശത്തുനിന്ന് മാറ്റാൻ നാട്ടുകാർ സമ്മതിച്ചത്.
വൈകുന്നേരത്തോടെ കടുവയെ തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് കൊണ്ടുപോയി. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ജനജാഗ്രതാ സമിതി അംഗങ്ങളുമുൾപ്പെടെ വലിയ ജനക്കൂട്ടമാണ് പ്രദേശത്ത് തടിച്ചുകൂടിയിരുന്നത്.
യുട്യൂബര് കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരം
കൊച്ചി: രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള് പാക്കിസ്ഥാന് കൈമാറിയ കേസില് അറസ്റ്റിലായ ഹരിയാന സ്വദേശിനി യുട്യൂബര് ജ്യോതി മല്ഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരം. ഇതു വ്യക്തമാക്കുന്ന ടൂറിസം വകുപ്പിന്റെ വിവരാവകാശ രേഖ പുറത്തുവന്നു. ടൂറിസം വകുപ്പ് സമൂഹമാധ്യമ ഇന്ഫ്ളുവന്സേഴ്സിനെ ഉപയോഗിച്ച് പ്രമോഷന് നടത്തിയവരുടെ പട്ടികയില് ജ്യോതി മല്ഹോത്രയുമുണ്ട്.
കണ്ണൂര്, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാര് എന്നിവിടങ്ങളിലാണ് ജ്യോതി മല്ഹോത്ര ടൂറിസം വകുപ്പിന്റെ ചെലവില് യാത്ര ചെയ്തതെന്നാണ് രേഖകളില് വ്യക്തമാകുന്നത്. യുട്യൂബില് നിരവധി ഫോളോവേഴ്സ് ഉള്ള ജ്യോതി മല്ഹോത്ര സംസ്ഥാനത്തെ തന്ത്രപ്രധാന സ്ഥലങ്ങളടക്കം സന്ദര്ശിച്ച് ദൃശ്യങ്ങളും പകര്ത്തി. സന്ദര്ശന വിവരങ്ങള് അന്വേഷണ ഏജന്സികള് ശേഖരിച്ചെങ്കിലും ഒന്നും പുറത്തുവിട്ടിരുന്നില്ല.
ടൂറിസം വകുപ്പ് പണം നല്കിയാണ് ഇവരെ എത്തിച്ചത്. യാത്രയും താമസവും ഒരുക്കിയതും ടൂറിസം വകുപ്പാണ്. ടൂറിസത്തിന്റെ പുനരുജ്ജീവനമായിരുന്നു ലക്ഷ്യം. സമൂഹ മാധ്യമ ഇന്ഫ്ളുവന്സേഴ്സ് പട്ടികയില്പ്പെടുത്തി 41 പേരെ എത്തിച്ചതിലാണ് ജ്യോതി മല്ഹോത്രയും ഉള്പ്പെട്ടത്. ജനുവരിയില് കേരളത്തിലെത്തിയ ജ്യോതി, കൊച്ചിന് ഷിപ്പ്യാര്ഡ്, മട്ടാഞ്ചേരിയിലെ ആരാധനാലയങ്ങള്, ചരിത്രസ്മാരകങ്ങള്, ഷോപ്പിംഗ് മാളുകള്, മെട്രോ സ്റ്റേഷനുകള് തുടങ്ങി തന്ത്രപ്രധാന മേഖലകള് സന്ദര്ശിച്ച് ദൃശ്യങ്ങള് പകര്ത്തി. ഇതിനുപുറമേ തൃശൂര് കുത്താമ്പുള്ളി നെയ്ത്തുഗ്രാമം, കണ്ണൂരിലെയും കോഴിക്കോട്ടെയും വിനോദ സഞ്ചാര കേന്ദ്രങ്ങള്, അതിരപ്പിള്ളി, ഇരവികുളം ദേശീയ ഉദ്യാനം, തേക്കടി, കോവളം, വര്ക്കല, ജഡായു പാറ, തിരുവനന്തപുരം സെന്ട്രല് റെയില്വേസ്റ്റേഷന് എന്നിവിടങ്ങളിലും എത്തി. ഇതിന്റെ ദൃശ്യങ്ങളും ഇവര് പുറത്തുവിട്ടിരുന്നു.
ടൂറിസം വകുപ്പ് സംഘടിപ്പിച്ച ‘എന്റെ കേരളം-എത്ര സുന്ദരം’ ഫെസ്റ്റിവല് കാമ്പയിന് പരിപാടിയില് വിവിധ സമൂഹമാധ്യമ ഇന്ഫ്ളുവന്സേഴ്സിന്റെ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള് കൈമാറിയെന്ന കണ്ടെത്തലിനെത്തുടര്ന്ന് അറസ്റ്റിലായ മുപ്പത്തിമൂന്നുകാരിയായ ജ്യോതി മല്ഹോത്ര നിലവില് ജയിലിലാണ്.
കേരളത്തിലേക്കു ക്ഷണിച്ചപ്പോൾ ചാരവൃത്തി തെളിഞ്ഞിരുന്നില്ല: മന്ത്രി
കോഴിക്കോട്: ജ്യോതി മല്ഹോത്രയെ കേരളത്തിലേക്കു ക്ഷണിച്ച സമയത്ത് അവര് ചാരവൃത്തി നടത്തിയതായി തെളിഞ്ഞിരുന്നില്ലെന്ന് പി.എ. മുഹമ്മദ് റിയാസ്.
“നല്ല ഉദ്ദേശ്യത്തോടെയാണ് കാര്യങ്ങള് ചെയ്തത്. ജ്യോതി ചാരവൃത്തി ചെയ്യുന്ന ആളാണെന്നു കരുതിയില്ല. ഇതുവരെയുള്ള സര്ക്കാരുകള് തുടര്ന്ന കാര്യങ്ങളാണ് ഈ സര്ക്കാരും ചെയ്തത്. ബോധപൂര്വം സര്ക്കാര് അവരെ കൊണ്ടുവരുമോ? ചാരവൃത്തിക്ക് സൗകര്യം ചെയ്തുകൊടുക്കുന്ന സര്ക്കാരാണോ ഇത്? എങ്ങനെയാണ് സര്ക്കാര് സംവിധാനങ്ങള് പ്രവര്ത്തിക്കുന്നതെന്നു മാധ്യമങ്ങള് മനസിലാക്കണം.
കുപ്രചാരണം നടത്തുന്ന ബിജെപിക്ക് രാഷ്ട്രീയ അജൻഡ കാണും. ഇത്തരം പ്രചാരണങ്ങള്ക്ക് പുല്ലുവിലയാണ് കല്പ്പിക്കുന്നത്. ജനം കൂടെയുണ്ട്. മാധ്യമങ്ങള്ക്ക് തോന്നുംപോലെ വാര്ത്ത നല്കാം. നോ പ്രോബ്ലം” -മന്ത്രി പ്രതികരിച്ചു.
രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതായി സിൻഡിക്കറ്റ്; ഇല്ലെന്ന് വിസി
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഇന്നലെ ചേർന്ന പ്രത്യേക സിൻഡിക്കറ്റ് യോഗത്തിൽ തർക്കവും നാടകീയ രംഗങ്ങളും. രജിസ്ട്രാർ ഡോ. കെ.എസ്.അനിൽകുമാറിന്റെ സസ്പെൻഷൻ സിൻഡിക്കറ്റ് റദ്ദാക്കി. താത്കാലിക വിസി ഡോ. സിസ തോമസിന്റെ എതിർപ്പ് അവഗണിച്ചായിരുന്നു നടപടി. വിസി വിയോജനക്കുറിപ്പ് നൽകി. തീരുമാനത്തോട് ബിജെപി അംഗങ്ങളും വിയോജിച്ചു.
രജിസ്ട്രാറുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട സംഭവത്തെക്കുറിച്ച് പരിശോധിക്കാൻ മൂന്നംഗ കമ്മിറ്റിയെ യോഗം നിയോഗിച്ചു. തീരുമാനം കോടതിയെ അറിയിക്കും.
അതേസമയം, സിൻഡിക്കറ്റ് യോഗത്തിൽ രജിസ്ട്രാറുടെ സസ്പെൻഷൻ ചർച്ച ചെയ്യണമെന്ന ഇടത് അംഗങ്ങളുടെ ആവശ്യത്തിന് വൈസ് ചാൻസലർ ഡോ. സിസ തോമസ് വഴങ്ങിയിരുന്നില്ല. വിഷയം അജണ്ടയിലില്ലെന്നായിരുന്നു സിസ തോമസിന്റെ മറുപടി. സിൻഡിക്കറ്റ് അംഗം ആർ. രാജേഷ് ഫേസ് ബുക്കിലൂടെ കോടതിയെ അപമാനിച്ചെന്ന് ബിജെപി അംഗം പി. എസ്. ഗോപകുമാർ ആരോപിച്ചു. ബിജെപി അംഗം ഇക്കാര്യം പ്രമേയമായി അവതരിപ്പിച്ചെങ്കിലും ഇക്കാര്യത്തിലും വിസി ചർച്ചയ്ക്ക് തയാറായില്ല.
ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ ചർച്ച ചെയ്യാൻ കഴിയില്ലെന്ന് സിന്ഡിക്കറ്റ് അംഗങ്ങളെ അറിയിച്ചിരുന്നതായി സിസ തോമസ് പ്രതികരിച്ചു. വിഷയം യോഗത്തിന്റെ അജൻഡയിലും ഇല്ലായിരുന്നു. അതിനാൽ രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കപ്പെടില്ല.നടപടികൾ പൂർത്തിയാക്കിയ ശേഷം യോഗം പിരിച്ചുവിട്ടിരുന്നു.യോഗം പിരിച്ചുവിട്ടശേഷം എടുക്കുന്ന നടപടികൾക്ക് നിയമപിന്തുണയില്ല; അത് അംഗീകരിക്കാനും കഴിയില്ല. ഇന്ന് കോടതിയിൽ കൊടുക്കുന്ന സത്യവാങ്മൂലം സംബന്ധിച്ചായിരുന്നു യോഗത്തിലെ അജൻഡ. അത് പൂർത്തീകരിക്കാനായതുമില്ല. അതിലേക്ക് എത്താതിരിക്കാൻ ചർച്ച വഴി തിരിച്ചുവിട്ടതായും ഡോ. സിസ തോമസ് പറഞ്ഞു.
കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രവിവാദത്തെ തുടർന്ന് കേരള സർവകലാശാലാ റജിസ്ട്രാറെ സസ്പെൻഡ് ചെയ്ത പശ്ചാത്തലത്തിലായിരുന്നു, ഇന്നലെ അവധിദിവസമായിരുന്നിട്ടും അടിയന്തര സിൻഡിക്കറ്റ് യോഗം ചേർന്നത്. എൽഡിഎഫ് അനുകൂല സിൻഡിക്കറ്റ് അംഗങ്ങളായ 16 പേരും ഒരു യുഡിഎഫ് അംഗവും രേഖാമൂലം ആവശ്യപ്പെട്ടതിനെത്തുടർന്നായിരുന്നു യോഗം വിളിക്കാൻ വിസിയുടെ താത്കാലിക ചുമതലയുള്ള ഡോ. സിസ തോമസ് തീരുമാനിച്ചത്.
സസ്പെൻഷൻ നടപടിക്കെതിരേ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കെയായിരുന്നു യോഗം.
രജിസ്ട്രാര് വീണ്ടും ചുമതലയേറ്റു
തിരുവനന്തപുരം: കേരള സര്വകലാശാലയില് നാടകീയ രംഗങ്ങൾക്കെടുവിൽ വൈസ് ചാന്സലര് സസ്പെന്ഡ് ചെയ്ത രജിസ്ട്രാര് ഡോ. കെ.എസ് .അനില്കുമാര് ചുമതല ഏറ്റെടുത്തു. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് രജിസ്ട്രാർ സര്വകലാശാലയിലെത്തി ചുമതല ഏറ്റെടുത്തത്. സിന്ഡിക്കറ്റിന്റെ നിര്ദേശപ്രകാരമാണ് രജിസ്ട്രാര് ചുമതല ഏറ്റെടുത്തത്.
സംഭവത്തില് രാഷ്ട്രീയമായും നിയമപരമായും പോരാടാനാണ് സിന്ഡിക്കറ്റ് തീരുമാനം.
കാട്ടുപന്നിയുടെ ആക്രമണത്തിൽ മൂന്നുപേർക്കു പരിക്ക്
സുൽത്താൻ ബത്തേരി: കാട്ടുപന്നി ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഓടപ്പള്ളം ഓലിക്കൽ ധനൂപ് (32), പുതുവീട് ഉന്നതിയിലെ സുരേഷ് (41), സുകുമാരൻ (38) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 8.45നാണ് സംഭവം.

ഓടപ്പള്ളത്തുനിന്നു പഴേരിക്ക് നടന്നുപോകുന്നതിനിടെ ഓടിയെത്തിയ കാട്ടുപന്നി മൂവരെയും ആക്രമിക്കുകയായിരുന്നു. സുരേഷിന്റെ കാലിന് സാരമായി പരിക്കേറ്റു. മറ്റുള്ളവർക്ക് പന്നിയുടെ ചവിട്ടേറ്റാണ് പരിക്ക്. മൂവരും താലൂക്ക് ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്.
നിപ്പ: പാലക്കാട്ട് മൂന്നുപേർ ഐസൊലേഷനിൽ
പാലക്കാട്: ജില്ലയിൽ നിപ്പ സ്ഥിരീകരിച്ച യുവതിയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലെ സാധ്യതാ ലിസ്റ്റിലുള്ള മൂന്നുപേർ ഐസൊലേഷനിൽ തുടരുന്നു. 173 പേരെയാണ് നിലവിൽ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 2,185 വീടുകളിൽ ആരോഗ്യപ്രവർത്തകർ സന്ദർശനംനടത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ജില്ലാ മാനസികാരോഗ്യ വിഭാഗം 165 പേർക്ക് ഫോണിലൂടെ കൗൺസലിംഗ് നൽകി.
പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ സെല്ലിലേക്ക് 21 കോളുകൾ പൊതുജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
വിവാദ പ്രസ്താവനയില് മാപ്പു പറഞ്ഞ് ടിനി ടോം
കൊച്ചി: നടന് പ്രേംനസീറിനെക്കുറിച്ചു നടത്തിയ പരാമര്ശത്തില് മാപ്പു പറഞ്ഞ് നടനും മിമിക്രി താരവുമായ ടിനി ടോം. തന്റെ അഭിമുഖത്തില്നിന്നുള്ള ഒരുഭാഗം ചുരണ്ടിയെടുത്ത് തെറ്റായി വ്യാഖ്യാനിക്കുകയാണ്. പ്രേംനസീറിനെ ഒരു രീതിയിലും അപകീര്ത്തിപ്പെടുത്താന് ശ്രമിച്ചിട്ടില്ലെന്നും ഫേസ്ബുക്കില് പങ്കുവച്ച വീഡിയോയില് ടിനി ടോം പറഞ്ഞു.
“നസീര് സാറിനെ ഞാന് നേരിട്ട് കണ്ടിട്ടുപോലുമില്ല. ഒരു സീനിയര് പറഞ്ഞ കാര്യമാണ് പങ്കുവച്ചത്. ഇപ്പോള് അദ്ദേഹം കൈ മലര്ത്തുന്നുണ്ട്. കേട്ട വിവരം വച്ചിട്ട് പറഞ്ഞ ഒരു കാര്യമാണ്.
ഞാന് തെറ്റ് ചെയ്തിട്ടുണ്ടെങ്കില് അതില് നിരുപാധികം മാപ്പ് ചോദിക്കാന് തയാറാണ്. ഇത്രയും വലിയൊരു ലെജന്ഡിന്റെ കാല്ക്കല് വീഴാനും തയാറാണ്’’- വീഡിയോയില് ടിനി പറഞ്ഞു.
സിനിമകള് ഇല്ലാതായതോടെ പ്രേംനസീര് എല്ലാ ദിവസവും മേക്കപ്പിട്ട് വീട്ടില് നിന്നിറങ്ങി അടൂര് ഭാസിയുടെയും ബഹദൂറിന്റെയും വീട്ടില് പോയി കരയുമായിരുന്നു എന്നായിരുന്നു ടിനി ടോമിന്റെ പ്രസ്താവന. പരാമര്ശം വിവാദമായതോടെ നിരവധിപേര് ടിനി ടോമിനെതിരേ രംഗത്തെത്തി. ഇതോടെയാണ് താരത്തിന്റെ വിശദീകരണം.
മന്ത്രി വീണാ ജോർജ് ബിന്ദുവിന്റെ വീട്ടിലെത്തി
തലയോലപ്പറമ്പ്: വിമർശനങ്ങൾക്കിടെ ആരോഗ്യമന്ത്രി വീണാ ജോർജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ തലയോലപ്പറമ്പ് ഉമ്മാംകുന്നിലുള്ള വീട്ടിലെത്തി.
ഞായറാഴ്ച രാവിലെ എത്തിയ മന്ത്രി ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ, അമ്മ സീതാലക്ഷ്മി, മക്കൾ എന്നിവരോടു സംസാരിച്ചു. ആശ്വാസവാക്കുകൾ നൽകിയും വേണ്ടതു ചെയ്യാമെന്ന് ഉറപ്പുനൽകിയുമാണ് മന്ത്രി മടങ്ങിയത്. പ്രാദേശിക സിപിഎം നേതാക്കൾക്കൊപ്പമാണ് മന്ത്രി എത്തിയത്.
അത്യന്തം ദുഃഖകരമായ സംഭവമാണെന്നും ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം തന്റേതുമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ തലത്തിലും സർക്കാർ പൂർണമായും അവർക്കൊപ്പം ഉണ്ടാവുമെന്നും മുഖ്യമന്ത്രി സഹായത്തെക്കുറിച്ച് പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മെഡിക്കൽ കോളജ് അപകടവുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും സമഗ്രമായി പരിശോധിച്ചാകും റിപ്പോർട്ട് നൽകുകയെന്ന് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ പ്രതികരിച്ചു.
വീഴ്ചകളുണ്ടോയെന്ന് ആരോപണങ്ങളടക്കം സമഗ്രമായി പരിശോധിക്കും. ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് കൈമാറും. വിദഗ്ധരുടെ സാന്നിധ്യത്തിൽ വീണ്ടും അപകടസ്ഥലം പരിശോധിക്കും.
ഫിറ്റ്നസ് അടക്കമുള്ള പഴയ രേഖകളെല്ലാം എത്തിക്കാൻ അധികൃതരോട് ആവശ്യപ്പെട്ടുവെന്നും ആശുപത്രി വികസന യോഗം ചേരുന്നില്ലെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഉടൻ പുതിയ എച്ച്ഡിഎസ് കമ്മിറ്റിയെ നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊണ്ടുപോകാൻ ബ്രിട്ടനെത്തി; വൈറൽ വിമാനം ഉടൻ കേരളം വിടും
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില് എമര്ജന്സി ലാന്ഡിംഗ് നടത്തിയ ബ്രിട്ടന്റെ അമേരിക്കന് നിര്മിത യുദ്ധവിമാനം എഫ്-35 ബി തിരികെ കൊണ്ടുപോകാനായി ബ്രിട്ടനില്നിന്നും വിദഗ്ധ സംഘവുമായി സൈനികവിമാനമെത്തി.
ഇന്നലെ ഉച്ചയ്ക്ക് 12.40 ഓടെയാണ് ബ്രിട്ടനില്നിന്നുള്ള പതിനേഴംഗ സംഘവുമായി ബ്രിട്ടീഷ് റോയല് എയര്ഫോഴ്സിന്റെ അറ്റ്ലസ് എ 400 എം തിരുവനന്തപുരം വിമാനത്താവളത്തില് ലാന്ഡ് ചെയ്തത്.
ബ്രിട്ടീഷ് എയര്ഫോഴ്സിലെ എൻജിനിയര്മാരും വിമാനം നിര്മിച്ച ലോക്ക്ഹീഡ് മാര്ട്ടിന് കമ്പനിയുടെ വിദഗ്ധരുമാണ് സംഘത്തിലുള്ളത്. ഇവര്ക്ക് വിമാനത്താവളത്തില് പ്രത്യേക പാസ് നല്കിയതായി അധികൃതര് പറഞ്ഞു.
അറ്റകുറ്റപ്പണിക്കായുള്ള യന്ത്രങ്ങളും വിമാനത്തില് എത്തിച്ചിരുന്നു. വിദഗ്ധരെത്തിയതിനു പിന്നാലെ അറ്റകുറ്റപ്പണിക്കായി യുദ്ധവിമാനം എയര് ഇന്ത്യയുടെ ഹാങ്ങറിലേക്ക് കെട്ടി വലിച്ച് നീക്കിയിട്ടുണ്ട്. ചെറുവാഹനം ഉപയോഗിച്ച് കെട്ടിവലിച്ചാണ് പോര്വിമാനത്തെ ഹാങ്ങറിലെത്തിച്ചത്.
11 മീറ്റര് ചിറകുവിസ്താരവും 14 മീറ്റര് നീളവുമാണ് എഫ് 35 ബി വിമാനത്തിനുളളത്. വിമാനനിര്മാണ കമ്പനിയായ ലോക്ക് ഹീഡ് മാര്ട്ടിന് പരിശീലിപ്പിച്ച എന്ജിനിയര്മാര്ക്ക് മാത്രമേ അറ്റകുറ്റപ്പണികള്ക്ക് കഴിയുകയുളളു. അറ്റകുറ്റപ്പണിയുടെ ഓരോ ഘട്ടവും ബ്രിട്ടീഷ് സൈന്യത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിലുമായിരിക്കും. ബ്രിട്ടീഷ് സംഘം ഒരാഴ്ചയോളം തിരുവനന്തപുരത്ത് തുടരുമെന്നാണ് ബന്ധപ്പെട്ട അധികൃതര് വ്യക്തമാക്കിയത്.
കഴിഞ്ഞ ജൂണ് പതിനാലിനായിരുന്നു ബ്രിട്ടന്റെ എഫ്-35 യുദ്ധ വിമാനം ഇന്ധനം തീർന്നതിനെ തുടര്ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില് ഇറക്കിയത്. തുടർന്നു നടത്തിയ പരിശോധനയിൽ സാങ്കേതിക തകരാർ കണ്ടെത്തുകയായിരുന്നു.
ഉപരാഷ്ട്രപതി കൊച്ചിയില്
കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദര്ശനത്തിന് ഉപരാഷ്ട്രപതി ജഗദീപ് ധന്കര് കൊച്ചിയിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തില് നെടുമ്പാശേരിയിലെത്തിയ ഉപരാഷ്ട്രപതിയെ ഗവര്ണര് രാജേന്ദ്ര വിശ്വനാഥ് അര്ലേക്കറിന്റെ നേതൃത്വത്തില് സ്വീകരിച്ചു.
ഭാര്യ ഡോ. സുധേഷ് ധന്കര്, കുടുംബാംഗങ്ങളായ ആഭാ വാജ്പയ്, കാര്ത്തികേയ് വാജ്പയ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു. തുടര്ന്ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തിയ അദ്ദേഹം റോഡ് മാര്ഗം ബോള്ഗാട്ടി ഗ്രാന്ഡ് ഹയാത്തില് എത്തിച്ചേര്ന്നു. ഇന്നലെ ഇവിടെ തങ്ങിയ അദ്ദേഹം ഇന്ന് രാവിലെ ഗുരുവായൂര് ക്ഷേത്രദര്ശനത്തിനായി തൃശൂരിലേക്കു പോകും. 10.55നു നാഷണല് യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്സ്ഡ് ലീഗല് സ്റ്റഡീസില് (നുവാല്സ്) വിദ്യാര്ഥികളും അധ്യാപകരുമായി ആശയവിനിമയം നടത്തും.
ഇതൊക്കെ എന്ത്! പുഷ്പംപോലെ രാജവെമ്പാല ചാക്കിൽ
നെടുമങ്ങാട്: കൂറ്റൻ രാജവെന്പാലയെ പുഷ്പംപോലെ സഞ്ചിയിലാക്കി ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജി.എസ്. രോഷ്നി. രാജവെന്പാലയ്ക്ക് മുൻപിൽ പതറാതെ നിമിഷങ്ങൾക്കുള്ളിൽ ചാക്കിലാക്കിയ ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ ധൈര്യം സമൂഹമാധ്യമങ്ങളിൽ വൈറലുമായി.
പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് പരിധിയിൽ വരുന്ന ആര്യനാട്-പാലോട് സെക്ഷനിലെ പേപ്പാറ റോഡിൽ മരുതൻമൂടുനിന്നുമാണ് ഫോറസ്റ്റ് അധികൃതർ രാജവെമ്പാലയെ പിടികൂടിയത്.
ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയ്ക്ക് പേപ്പാറയിൽ കുളിക്കാൻ ഇറങ്ങിയവരാണു തോട്ടിനു സമീപത്തെ പാറയിൽ കിടക്കുന്ന കൂറ്റൻ രാജവെമ്പാലയെ കാണുന്നത്. ഉടൻ ഫോറസ്റ്റ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജി.എസ്. രോഷ്നിയെക്കൂടാതെ ആര്യനാട് പാലോട് സെക്ഷനിലെ ജീവനക്കാരായ പ്രദീപ്കുമാർ, ഷിബു, സുഭാഷ് എന്നിവരും ഫോറസ്റ്റ് സംഘത്തിലുണ്ടായിരുന്നു.പൂർണ വളർച്ചയുള്ള പാമ്പിന് 20 കിലോയോളം ഭാരവും 18 അടിയോളം നീളമുണ്ട്.
അടിയന്തര നിയമസഭാ യോഗം വിളിക്കണം: ജോസ് കെ. മാണി
കോട്ടയം: കേരളത്തിലെ അതിരൂക്ഷമായ വന്യജീവി, തെരുവുനായ ആക്രമണ ഭീഷണി ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കാൻ അടിയന്തര നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കണമെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പലയിടങ്ങളിലും മനുഷ്യർക്ക് സുരക്ഷിതരായി ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് വന്യജീവി, തെരുവുനായ ആക്രമണങ്ങൾ കാരണം നിലനിൽക്കുന്നത്. മനുഷ്യ സുരക്ഷ ഉറപ്പാക്കാൻ നിയമ ഭേദഗതിയും നിയമനിർമാണവും നടത്തേണ്ടത് അനിവാര്യമാണ്.
തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി ഉണ്ടായപ്പോൾ അതിനെ മറികടക്കാൻ അവിടത്തെ സർക്കാർ പുതിയ നിയമം കൊണ്ടുവന്നു.ആ മാതൃക സ്വീകരിച്ച് വന്യജീവി, തെരുവുനായ ആക്രമണങ്ങൾ ചെറുക്കാൻ സംസ്ഥാന സർക്കാർ നിയമനിർമാണത്തിന് തയാറാകണം.
തെരുവ്-വളർത്തു നായ്ക്കളെന്ന വേർതിരിവില്ലാതെ ഉടമസ്ഥരില്ലാത്ത മുഴുവൻ നായ്ക്കളെയും കൂട്ടിലാക്കണം. പേവിഷബാധ സ്ഥിരീകരിക്കുന്ന പ്രദേശത്തിന് ചുരുങ്ങിയത് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ തെരുവുനായ്ക്കളെയും പിടികൂടി കൊല്ലണം. തെരുവുനായ്ക്കൾ ഒരു കിലോമീറ്റർ പരിധിയിൽ ചുറ്റിക്കറങ്ങുന്നവയാണ്.
പക്ഷിപ്പനി, പന്നിപ്പനി ബാധിക്കുമ്പോൾ ആ പ്രദേശത്തുള്ള മുഴുവൻ പക്ഷികളെയും താറാവുകളെയും പന്നികളെയും കൊന്നുകളയുന്നതുപോലെ ഇക്കാര്യത്തിൽ മാതൃകയാക്കണം. കേരളത്തിൽ പിടികൂടുന്ന തെരുവ് നായ്ക്കളെ ഉൾക്കാട്ടിൽ വിട്ടാൽ വന്യമൃഗങ്ങളുടെ ആഹാര ക്ഷാമത്തിന് പരിഹാരമുണ്ടാക്കാനും കഴിയും.
വന്യമൃഗങ്ങൾക്ക് വനത്തിൽ മാത്രം സംരക്ഷണം നൽകിയാൽ മതിയെന്ന കർശന നിലപാട് കേരളം കൈക്കൊണ്ടില്ലെങ്കിൽ ദൂരവ്യാപകമായ ഭവിഷ്യത്തുകളുണ്ടാവും. ജനവാസ മേഖലകളിൽ മനുഷ്യർക്ക് സുരക്ഷ നൽകാൻ വനംവകുപ്പിന് ഒരിക്കലും സാധിക്കില്ല. അവർക്ക് അതിനുള്ള സംവിധാനങ്ങളുമില്ല. മനുഷ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ പിടികൂടി തിരികെ കാട്ടിൽ കൊണ്ടുവിടുന്ന അശാസ്ത്രീയമായ രീതികൾ ഉപേക്ഷിക്കണം.ഇതിനായി നിലവിലെ മൃഗസംരക്ഷണ നിയമത്തിൽ ഭേദഗതികൾ വരുത്തണമെന്നും ജോസ് കെ. മാണി പറഞ്ഞു.
വിഎസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞദിവസം മുതൽ വി.എസ് മരുന്നുകളോട് പ്രതികരിക്കുന്നതായും ഡയാലിസിസ് വിജയകരമായി നടത്താൻ കഴിഞ്ഞത് അനുകൂല സൂചനയായി കണക്കാക്കുന്നതായും മകൻ അരുൺകുമാർ വ്യക്തമാക്കിയിരുന്നു. ഇന്നലെയും വിഎസിന് നിലവിൽ നൽകിവരുന്ന ചികിത്സയാണ് തുടരുന്നത്.
ചികിത്സയെ തുടർന്ന് ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടായതായി ഡോക്ടർമാർ അറിയിച്ചിരുന്നു.
സംസ്ഥാനത്ത് രണ്ടുദിവസം കനത്ത മഴയില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം വ്യാപക മഴയ്ക്കു സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അതേസമയം കാലവർഷത്തിന്റെ ഭാഗമായുള്ള ചെറിയ തോതിലുള്ള മഴ അടുത്ത രണ്ടു ദിവസവും തുടരും.
വടക്കൻ കേരളത്തിൽ ദിവസങ്ങളായി തുടരുന്ന ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് താത്കാലിക ശമനമായെങ്കിലും ബുധനാഴ്ച മുതൽ ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.
കർണാടക തീരത്ത് അടുത്ത 24 മണിക്കൂറിൽ അതിശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ഈ ഭാഗത്തേക്ക് പോകരുതെന്നും നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി അവാർഡ് ജോൺ കച്ചിറമറ്റത്തിന്
കണ്ണൂർ: ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി അവാർഡ് ജോൺ കച്ചിറമറ്റത്തിന്. പിഴകിൽ കച്ചിറമറ്റം ഭവനത്തിൽ 10ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന യോഗത്തിൽ തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി അവാർഡ് സമ്മാനിക്കും.
പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. യോഗത്തിൽ ദീപിക ചീഫ് എഡിറ്റർ റവ. ഡോ. ജോർജ് കുടിലിൽ, മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ്, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, ബിഷപ് വള്ളോപ്പിള്ളി ഫൗണ്ടേഷൻ ചെയർമാൻ മാത്യു എം. കണ്ടത്തിൽ, സണ്ണി ആശാരിപറമ്പിൽ, ഡി.പി. ജോസ് എന്നിവർ പ്രസംഗിക്കും.
മലബാറിലെ കുടിയേറ്റ കർഷകരുടെ പ്രശ്നങ്ങളിൽ മുന്നണി പോരാളിയായി സമരങ്ങൾക്ക് നേതൃത്വം നൽകുകയും കുടിയിറക്കിനും കർഷക ദ്രോഹങ്ങൾക്കുമെതിരേ നിരാഹാരം അനുഷ്ഠിക്കുകയും ചെയ്തിട്ടുള്ള കർഷക ബന്ധുവാണ് കച്ചിറമറ്റം. കത്തോലിക്ക കോൺഗ്രസ്, കാത്തലിക് ഫെഡറേഷൻ, ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ എന്നിവയുടെ സംസ്ഥാന പ്രസിഡന്റ്, ചരിത്രകാരൻ, 78 പുസ്തകങ്ങളുടെ രചയിതാവ് എന്നീ നിലകളിൽ സഭയ്ക്കും സമൂഹത്തിനും വേണ്ടി തന്റെ 13-ാം വയസു മുതൽ 75 വർഷക്കാലം ജീവിതം സമർപ്പിച്ച ജോൺ കച്ചിറമറ്റത്തിന്റെ സേവനങ്ങളെ ആദരിച്ചുകൊണ്ടാണ് അവാർഡ് നൽകുന്നത്.
മലബാർ കുടിയേറ്റത്തിന്റെ ആദ്യ കാലഘട്ടങ്ങളിൽ തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയോടൊപ്പം പാലാ രൂപതയിൽനിന്നും തിരുവിതാംകൂർ മേഖലയിൽനിന്നും നിരവധി വൈദികരും അല്മായ പ്രേഷിതരും മലബാർ ഭാഗത്ത് ത്യാഗപൂർണമായ സേവനം നടത്തിയിരുന്നു. അവരെയെല്ലാം അനുസ്മരിക്കുന്നതിനു കൂടിയാണ് ഈ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി ഫൗണ്ടേഷൻ ഭാരവാഹികൾ പറഞ്ഞു.
കൂട്ടിൽ കുടുങ്ങിയത് 13 വയസുള്ള പെൺകടുവ
കരുവാരകുണ്ട് (മലപ്പുറം): രണ്ടുമാസത്തോളം കരുവാരകുണ്ട് മേഖലയെ ഭീതിയിലാഴ്ത്തിയ കടുവയ്ക്ക് അവശത. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത് 13 വയസുള്ള പെൺകടുവയാണ്. കാഴ്ചയ്ക്ക് മങ്ങലേറ്റിട്ടുണ്ട്. പല്ലിനും തേയ്മാനം സംഭവിച്ചിട്ടുണ്ട്.
ദേഹത്ത് ഏതാനും മുറിവുകളുമുണ്ട്. ഏതാനും നാളുകൾക്ക് മുന്പ് കാളികാവ് അടക്കാക്കുണ്ട് റാവുത്തൻ കാട്ടിൽ ടാപ്പിംഗ് തൊഴിലാളിയായ അബ്ദുൾ ഗഫൂറിനെ കടിച്ചുകൊന്ന കടുവയാണ് ഇതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ നാട്ടുകാർ ഇത് അംഗീകരിച്ചിട്ടില്ല. പ്രദേശത്ത് ഒന്നിൽ കൂടുതൽ കടുവകളുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കടുവ ശല്യം നിരന്തരം നേരിടുന്ന പ്രദേശമാണ് കരുവാരകുണ്ട് മലയോര മേഖല.
കരുവാരകുണ്ട്, കാളികാവ് ഗ്രാമപഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ കടുവയെ നേരിട്ടും കാൽപാടുകളും കണ്ടിരുന്നു. ജനവാസ കേന്ദ്രങ്ങളിലെത്തി വളർത്തുമൃഗങ്ങളെ കടിച്ച് പരിക്കേൽപ്പിക്കുകയും കൊന്നുതിന്നുകയും ചെയ്തിരുന്നു. കാളികാവ് സംഭവത്തിനുശേഷം കടുവയെ പിടികൂടുന്നതിന് വനംവകുപ്പ് പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചിരുന്നു. കുങ്കിയാന ഉൾപ്പെടെയുണ്ടായിരുന്ന സംഘത്തിന് ആദ്യഘട്ടത്തിലൊന്നും കടുവയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് കൂടുതൽ സന്നാഹങ്ങൾ ഏർപ്പെടുത്താൻ അധികൃതർ നിർബന്ധിതരായി. ഇതിനിടയിൽ രണ്ടുതവണ കടുവ ദൗത്യ സംഘത്തിന്റെ മുന്നിൽ അകപ്പെട്ടുവെങ്കിലും പിടികൂടാനോ വെടിവയ്ക്കാനോ സാധിച്ചില്ല.
രണ്ടാഴ്ച മുന്പ് കടുവയെ പിടികൂടുന്നതിന് സ്ഥാപിച്ച കൂട്ടിൽ പുലി അകപ്പെട്ടിരുന്നു. ഇത് പ്രദേശത്ത് വന്യമൃഗങ്ങൾ കൂടുതലുണ്ടെന്ന നാട്ടുകാരുടെ അഭിപ്രായം സാധൂകരിക്കുന്നതായിരുന്നു. കടുവയെ മൃഗശാലയിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തൊട്ടടുത്ത വനഭൂമിയിലേക്ക് തുറന്നുവിടുന്നത് കടുവ വീണ്ടും ജനവാസ കേന്ദ്രങ്ങളിലെത്താൻ ഇടയാക്കുമെന്നും ഇത് ഒഴിവാക്കണമെന്നും നാട്ടുകാർ ശക്തമായി ആവശ്യപ്പെട്ടു. ദൗത്യം തുടങ്ങി 53 ദിവസം പിന്നിട്ടപ്പോഴാണ് കടുവ കൂട്ടിലകപ്പെട്ടത്.
മുനമ്പം സമരസമിതി നേതാക്കള് ജോസ് കെ. മാണിയുമായി കൂടിക്കാഴ്ച നടത്തി
കൊച്ചി: മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കള് ജോസ് കെ. മാണി എംപിയുമായി കൂടിക്കാഴ്ച നടത്തി. മുനമ്പം വിഷയം അടിയന്തരമായി പരിഹരിക്കുന്നതിനു വേണ്ട നടപടിക്രമങ്ങള് എളുപ്പത്തില് പൂര്ത്തീകരിക്കുന്നതിന് മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്ന് എംപി നേതാക്കള്ക്ക് ഉറപ്പ് നല്കി.
1902ല് 404 ഏക്കറുണ്ടായിരുന്ന മുനമ്പം തീരം 1948ല് സിദ്ദിഖ് സേട്ടു മുനമ്പത്ത് വരുമ്പോള് കടല് കയറ്റത്തെ തുടര്ന്ന് വെറും 114 ഏക്കറായി ചുരുങ്ങിയെന്നും അന്നുണ്ടായിരുന്ന 114 ഏക്കറും 60 ഏക്കര് ചിറയും താമസക്കാരായ 218 കുടുംബങ്ങള്ക്ക് ഫറൂഖ് കോളജ് വില വാങ്ങി വില്പന നടത്തിയെന്നും ഇപ്പോള് ജുഡീഷല് കമ്മീഷന് വ്യക്തമാക്കിയെന്നും സമരസമിതി നേതാക്കള് ജോസ് കെ. മാണിയെ ധരിപ്പിച്ചു.
മുനമ്പം ഭൂസംരക്ഷണ സമിതി രക്ഷാധികാരി ഫാ. ആന്റണി സേവ്യര് തറയില്, ചെയര്മാന് ജോസഫ് റോക്കി പാലക്കല്, സമരസമിതി കണ്വീനര് ജോസഫ് ബെന്നി കുറുപ്പശേരി, കേരള കോണ്ഗ്രസ് സംസ്ഥാന ജനറല് സെക്രട്ടറി ടോമി കെ. തോമസ്, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോയ് മുളവരിക്കല് തുടങ്ങിയവരാണ് എംപിയുമായി കൂടിക്കാഴ്ച നടത്തിയത്.
ഇന്നലെ നിരഹാരമനുഷ്ഠിച്ചവരെ രാവിലെ ഷാള് അണിയിച്ച് ഫാ. മോണ്സി വര്ഗീസ് അറയ്ക്കല് നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. വൈകുന്നേരം അഞ്ചിന് ജോസഫ് മാളിയേക്കല് വെള്ളം നല്കി സമരം അവസാനിപ്പിച്ചു.
6000 ലഹരി ഇടപാട്: എഡിസണ് സമ്പാദിച്ചത് കോടികള് ; വാങ്ങിയവരെ തേടി
എന്സിബി
കൊച്ചി: രണ്ടു വര്ഷത്തിനിടെ ഡാര്ക്ക് നെറ്റിലൂടെ മൂവാറ്റുപുഴ സ്വദേശി എഡിസണ് നടത്തിയത് ആറായിരത്തോളം ലഹരി ഇടപാടുകളുകളെന്ന് നര്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ കണ്ടെത്തല് (എന്സിബി). ലഹരിക്കച്ചവടത്തിലൂടെ കോടിക്കണക്കിന് രൂപയാണ് ഇയാൾ സമ്പാദിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ പത്തോളം ബാങ്ക് അക്കൗണ്ടുകള് എന്സിബി പരിശോധിക്കുകയാണ്. കേസില് അറസ്റ്റിലായ എഡിസന്റെ സുഹൃത്ത് അരുണ് തോമസിന് ലഹരി ഇടപാടില് നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്. വിദേശത്തുനിന്നു പാഴ്സലായി വരുന്ന ലഹരിവസ്തുക്കള് വാങ്ങി വിതരണം ചെയ്തത് അരുണ് തോമസാണെന്നാണ് നിഗമനം.
കെറ്റാമെലോണ് എന്ന ശൃംഖല വഴി നിരവധിപ്പേര്ക്ക് മയക്കുമരുന്ന് വില്പന നടത്തിയിരുന്ന ഇവരുടെ ശൃംഖല ഭോപ്പാല്, ഹിമാചല്പ്രദേശ്, ജാര്ഖണ്ഡ് തുടങ്ങിയ സ്ഥലങ്ങളിലും വ്യാപകമായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കെറ്റാമെലോണ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില് ഇവരില്നിന്നു ലഹരിവസ്തുക്കള് വാങ്ങിയവരെക്കുറിച്ചുള്ള വിവരങ്ങളും എന്സിബിക്ക് ലഭിച്ചതായാണ് വിവരം.
പോസ്റ്റ് ഓഫീസുകളിലും പാഴ്സല് കേന്ദ്രങ്ങളിലും നടത്തിയ പരിശോധനയില് ഇവര് അയച്ചിരുന്ന വിലാസങ്ങള് കണ്ടെത്തി. ഉത്തരേന്ത്യയിലേക്കടക്കം പാഴ്സല് അയച്ചതായാണ് കണ്ടെത്തല്. ഡാര്ക്ക് നെറ്റ് ലഹരിക്കേസില് ഇരുവര്ക്കും പുറമേ കഴിഞ്ഞ ദിവസം ദമ്പതികളും അറസ്റ്റിലായിരുന്നു.
അതിനിടെ, മൂവാറ്റുപുഴ സബ്ജയിലില് കഴിയുന്ന എഡിസണെയും സുഹൃത്ത് അരുണ് തോമസിനെയും ഇന്ന് കസ്റ്റഡിയില് ലഭിച്ചേക്കും. സമാനമായ മറ്റൊരു കേസില് അറസ്റ്റിലായി കാക്കനാട് ജില്ലാ ജയിലില് കഴിയുന്ന വാഗമണ്ണിലെ റിസോര്ട്ട് ഉടമകളായ ഡിയോള്, ഭാര്യ അഞ്ജു എന്നിവരെയും കസ്റ്റഡിയില് വാങ്ങും. അഞ്ചു ദിവസത്തെ കസ്റ്റഡിക്കാണ് എന്സിബി ആവശ്യപ്പെടുന്നത്.
പരാതിപ്പെട്ടപ്പോൾ 24,865 രൂപയുടെ വൈദ്യുതി ബിൽ 6712 ആയി
പാലാ: വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ പരാതിപ്പെട്ടപ്പോൾ 24,865 രൂപയുടെ വൈദ്യുതി ബിൽ 6712 രൂപയായി കുറഞ്ഞു. സെന്റർ ഫോർ കണ്സ്യൂമർ എഡ്യുക്കേഷൻ ട്രസ്റ്റി ജയിംസ് വടക്കന് ലഭിച്ച ഗാർഹിക വൈദ്യുതി ബില്ലിലാണ് അതിശയകരമായ വർധനയുണ്ടായത്. ശരാശരി 4000 രൂപയുടെ ബില്ലു ലഭിച്ചിരുന്ന സ്ഥാനത്താണ് ഏപ്രിൽ, മേയ് മാസങ്ങളിലെ ഉപയോഗത്തിന്24,865 രൂപയുടെ ബില്ലു ലഭിച്ചത്.
ബിൽ കിട്ടിയ ഉടനെ 24,865 രൂപായുടെ വിഭജനം എങ്ങനെയെന്നറിയണമെന്നു കാട്ടി വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ പരാതി നൽകി. കിട്ടിയ മറുപടിയിൽ വിശദീകരണം ഇങ്ങനെ: പ്രതിമാസം 250 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്നവർക്ക്. ടിഒഡി മീറ്ററിംഗിൽ മൂന്നുതരം നിരക്കുകളുണ്ട്.
രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ-സാധാരണ നിരക്കിന്റെ 90 ശതമാനം.
വൈകുന്നേരം ആറു മുതൽ രാത്രി പത്തുവരെ-സാധാരണ നിരക്കിന്റെ 125 ശതമാനം.
രാത്രി പത്തു മുതൽ രാവിലെ ആറു വരെ-സാധാരണ നിരക്ക്.
ആനുവൽ കോഷൻ ഡിപ്പോസിറ്റ് എന്ന എസിഡി രണ്ട് മാസത്തിൽ ഒരിക്കൽ ബില്ല് ലഭിക്കുന്നവരുടെ (ഗാർഹിക കണക്ഷനുകൾ) മൂന്ന് മാസത്തെ ശരാശരി ഉപയോഗ വൈദ്യുതി നിരക്കിന് സമാനമായ തുക. ഈ തുകയിൽനിന്നു നേരത്തെ ഡിപ്പോസിറ്റായി വൈദ്യുതി ബോർഡിന് നൽകിയ തുക കുറച്ച് ബാക്കി തുക അടച്ചാൽ മതി.
ജയിംസ് വടക്കന്റെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടു മാസത്തെ വൈദ്യുതി നിരക്ക് 4987 രൂപയും ഡിപ്പോസിറ്റ് തുക 1725 രൂപയും കൂട്ടി 6712 രൂപ മാത്രമാണ് അടയ്ക്കേണ്ടി വന്നത്.
ജസ്റ്റീസ് കൃഷ്ണയ്യരുടെ ഇടപെടലുകള് ഇന്ത്യന് നീതിന്യായ സംവിധാനത്തിന് മാതൃക: ചീഫ് ജസ്റ്റീസ് ബി.ആര്. ഗവായ്
കൊച്ചി: പാര്ശ്വവത്കരിക്കപ്പെട്ടവരുടെ അവകാശ സംരക്ഷണത്തിനായി ഇന്ത്യന് നീതിന്യായ സംവിധാനത്തെ നവീകരിച്ച ന്യായാധിപനായിരുന്നു ജസ്റ്റീസ് വി.ആര്. കൃഷ്ണയ്യരെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ബി.ആര്. ഗവായ്. പതിനൊന്നാമത് ജസ്റ്റീസ് വി.ആര്. കൃഷ്ണയ്യര് മെമ്മോറിയല് നിയമ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭരണഘടന നല്കുന്ന അവകാശങ്ങള് സംരക്ഷിക്കാന് പൊതുതാത്പര്യ ഹര്ജികള് പരിഗണിച്ച് ജസ്റ്റീസ് കൃഷ്ണയ്യര് നടത്തിയ ഇടപെടലുകള് ഇന്ത്യന് നീതിന്യായ സംവിധാനത്തിന് മാതൃകയായി മാറി. പരിസ്ഥിതി സാമൂഹിക വിഷയങ്ങളില് സുപ്രധാനമായ വിധിന്യായങ്ങള് അദ്ദേഹം നടത്തി. സാമൂഹിക നീതി ഉറപ്പാക്കാന് നിര്ണായകമായ ഇടപെടലുകള് നടത്തിയ ഉത്തരവുകള് തന്നെ സ്വാധീനിച്ചുണ്ടെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് നിതിന് ജാംദാര്, ജസ്റ്റീസ് ദേവന് രാമചന്ദ്രന്, എസ്കെഎസ് ഫൗണ്ടേഷന് പ്രസിഡന്റ് ജസ്റ്റീസ് കെ. ബാലകൃഷ്ണന് നായര്, സെക്രട്ടറി അഡ്വ. സനന്ദ് രാമകൃഷ്ണന് എന്നിവര് പ്രസംഗിച്ചു. ശാരദ കൃഷ്ണ സദ്ഗമയ ഫൗണ്ടേഷന് ഫോര് ലോ ആന്ഡ് ജസ്റ്റീസ് ആണ് പരിപാടി സംഘടിപ്പിച്ചത്.
വന്യജീവി -തെരുവ് നായ ഭീഷണി: നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ജോസ് കെ. മാണി
കോട്ടയം: കേരളത്തിലെ അതിരൂക്ഷമായ വന്യജീവി -തെരുവ് നായ ആക്രമണ ഭീഷണി ചര്ച്ച ചെയ്ത് പരിഹാരമുണ്ടാക്കാന് അടിയന്തര നിയമസഭാ സമ്മേളനം വിളിച്ചു ചേര്ക്കണമെന്ന് കേരള കോണ്ഗ്രസ്- എം ചെയര്മാന് ജോസ് കെ മാണി എംപി.
മനുഷ്യ സുരക്ഷ ഉറപ്പാക്കാന് നിയമ ഭേദഗതിയും നിയമനിര്മാണവും നടത്തേണ്ടത് അനിവാര്യമാണ്. ജനങ്ങള്ക്ക് പുറത്തിറങ്ങാന് കഴിയാത്ത സാഹചര്യമാണ്. പലയിടങ്ങളിലൂടെയും കാല്നടയും ഇരുചക്രവാഹന യാത്രയും അസാധ്യമായിരിക്കുന്നു. സന്ധ്യ കഴിഞ്ഞാല് വീട്ടുമുറ്റത്ത് ഇറങ്ങാന് കഴിയാത്ത സാഹചര്യമുള്ള പ്രദേശങ്ങളുണ്ട്. ഇത് അവസാനിപ്പിക്കാന് മൃഗസംരക്ഷണ നിയമത്തില് സമഗ്രമായ ഭേദഗതി കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എരുവാട്ടി സ്വദേശിനി അയർലൻഡിൽ പീസ് കമ്മീഷണർ
പെരുമ്പടവ്(കണ്ണൂർ): തേർത്തല്ലി എരുവാട്ടി സ്വദേശിനിയായ നഴ്സിനെ അയർലൻഡിൽ പീസ് കമ്മീഷണറായി തെരഞ്ഞെടുത്തു. ഡബ്ലിനിൽ കുടുംബമായി താമസിക്കുന്ന ചെമ്പേരി സ്വദേശി അഡ്വ. സിബി സെബാസ്റ്റ്യൻ പേഴുംകാട്ടിലിന്റെ ഭാര്യയും എരുവാട്ടിയിലെ പഴയിടത്ത് ടോമി- ത്രേസ്യാമ്മ ദമ്പതികളുടെ മകളുമായ ടെൻസിയ സിബിക്കാണ് ഐറിഷ് സർക്കാരിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റീസ് വകുപ്പ് പീസ് കമ്മീഷണർ സ്ഥാനം നൽകിയത്. ഇതുസംബന്ധിച്ച ഉത്തരവ് ജസ്റ്റീസ് മിനിസ്റ്റർ ജിം ഒകല്ലഗൻ ടിഡി ടെൻസിയയ്ക്കു കൈമാറി.
അയർലൻഡിലെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർക്കും മലയാളി സമൂഹത്തിനും നൽകുന്ന അംഗീകാരമായി ഇതിനെ കാണുന്നുവെന്ന് ടെൻസിയ പറഞ്ഞു.
പയ്യന്നൂർ കോളജിലെ പഠനത്തിനുശേഷം അജ്മീരിലെ സെന്റ് ഫ്രാൻസിസ് കോളജ് ഓഫ് നഴ്സിംഗിൽനിന്നു നഴ്സിംഗ് പഠനം പൂർത്തിയാക്കിയ ടെൻസിയ സിബി 2005ലാണ് അയർലൻഡിൽ എത്തുന്നത്. ഇപ്പോൾ ഡബ്ലിൻ ബ്ലാക്ക് റോക്ക് ഹോസ്പിറ്റലിൽ സീനിയർ നഴ്സായി ജോലി ചെയ്തുവരുന്നു.
2022ൽ റോയൽ കോളജ് ഓഫ് സർജൻസ് ഇൻ അയർലൻഡിൽനിന്ന് ഉന്നത ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. അയർലൻഡിൽ എത്തും മുന്പ് ഡൽഹിയിലെ എസ്കോർട്ട് ഹാർട്ട് ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്നു. ടെൻസിയ സിബി അയർലൻഡ് സീറോമലബാർ സഭ ഡബ്ലിൻ ബ്ലാക്ക് റോക്ക് ഇടവകയിലെ മാതൃവേദി സെക്രട്ടറിയും വേദപാഠം അധ്യാപികയുമാണ്. എഡ്വിൻ, എറിക്ക്, ഇവാനി മരിയ എന്നിവരാണു മക്കൾ. കൗണ്ടി ഡബ്ലിനും വിക്ലോ, മീത്ത് തുടങ്ങിയ അനുബന്ധ കൗണ്ടികളിലും പ്രവർത്തനാധികാരമുള്ള ചുമതലയാണ് ടെൻസിയ സിബിക്ക് നൽകിയിരിക്കുന്നത്. പീസ് കമ്മീഷണർ എന്നത് ഒരു ഓണററി നിയമനമാണ്. അയർലൻഡിലെ വിവിധ ആവശ്യങ്ങളായ രേഖകൾ സാക്ഷ്യപ്പെടുത്തുക, സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുക, ഓർഡറുകൾ ഒപ്പിടുക എന്നിവയാണ് പീസ് കമ്മീഷണറുടെ ചുമതലകൾ.
അത്യാവശ്യമായ സാഹചര്യങ്ങളിൽ സമൻസും വാറന്റുകളും പുറപ്പെടുവിക്കാനുള്ള അധികാരവും പീസ് കമ്മീഷണർമാർക്കു സർക്കാർ നൽകിയിട്ടുണ്ട്.
പള്ളി വൃത്തിയാക്കുന്നതിനിടെ വീണു പരിക്കേറ്റ കൈക്കാരന് മരിച്ചു
കടുത്തുരുത്തി: പള്ളിയുടെ സീലിംഗ് വൃത്തിയാക്കുന്നതിനിടെ സ്കഫോള്ഡിംഗ് ചെരിഞ്ഞു താഴെ വീണ് പരിക്കേറ്റ കൈക്കാരന് മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്ക്ക് പരിക്കേറ്റു.
കുറുപ്പന്തറ കുറുപ്പംപറമ്പില് ജോസഫ് ഫിലിപ്പ് (ഔസേപ്പച്ചന് -53) ആണ് മരിച്ചത്. ആസാം സ്വദേശികളായ ലോകന് കിഷ്ക്കു, റോബി റാം സോറന് എന്നിവര്ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതില് ഒരാള്ക്ക് സാരമായി പരിക്കുണ്ട്.
ഇന്നലെ രാവിലെ കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിലാണ് അപകടം. എല്ലാ വര്ഷവും പിതൃവേദിയംഗങ്ങളുടെ നേതൃത്വത്തിലാണ് പള്ളിയുടെ സീലിംഗ് വൃത്തിയാക്കിയിരുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ഇന്നലെയും ഔസേപ്പച്ചന്റെ നേതൃത്വത്തില് പണി നടന്നത്.
സ്കഫോള്ഡിംഗില് കയറിനിന്ന് മൂവരും സീലിംഗ് വൃത്തിയാക്കുന്നതിനിടെ ഇതു ചെരിഞ്ഞതാണ് അപകടത്തിനിടയാക്കിയത്. ഗുരുതരമായി പരിക്കേറ്റ ഔസേപ്പച്ചനെ കാരിത്താസ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചതോടെ ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കാരിത്താസ് ആശുപത്രി മോര്ച്ചറിയില്. ഭാര്യ മിനി മുട്ടുചിറ പുല്ലന്കുന്നേല് കുടുംബാംഗം. മക്കള്: ലിയ, ലിഡ, ഡിയ, സിയ, മിയ. സംസ്ക്കാരം പിന്നീട്.
ഓപ്പറേഷന് ഡി ഹണ്ട്: 113 പേർ അറസ്റ്റിൽ
തിരുവനന്തപുരം: ഓപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷല് ഡ്രൈവില് 113 പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് വില്പ്പനയില് ഏര്പ്പെടുന്നതായി സംശയിക്കുന്ന 1876 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 108 കേസുകളാണ് രജിസ്റ്റര് ചെയ്തത്.
കേസുകളില് എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എംഡിഎംഎ (0.64 ഗ്രാം), കഞ്ചാവ് (4.450 കി.ഗ്രാം), കഞ്ചാവ് ബീഡി (80 എണ്ണം) എന്നിവ പോലീസ് പിടിച്ചെടുത്തു. പൊതുജനങ്ങളില് നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള് സ്വീകരിച്ച് നടപടികള് കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്ത്തിക്കുന്ന ആന്റി നര്ക്കോട്ടിക്ക് കണ്ട്രോള് റൂം (9497927797) നിലവിലുണ്ട്. നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള് രഹസ്യമായി സൂക്ഷിക്കും.
ഹാബില്ഡിന് ലോക റിക്കാര്ഡ്
കൊച്ചി: യോഗ പ്ലാറ്റ്ഫോമായ ‘ഹാബില്ഡ്’ അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ‘ആഗോളതലത്തില് ഒരു ഓണ്ലൈന് യോഗ ക്ലാസിലെ ഏറ്റവും ഉയര്ന്ന പങ്കാളിത്തം’ എന്ന പ്രോഗ്രാമിന് ലോക റിക്കാര്ഡ് ലഭിച്ചു.
‘ഒഫീഷ്യല് വേള്ഡ് റിക്കാര്ഡ്സി’ന്റെ മേല്നോട്ടത്തില് ആഗോളതലത്തില് ആക്സസ് ചെയ്യാവുന്ന രീതിയില് തത്സമയം സംപ്രേഷണം ചെയ്ത 45 മിനിട്ടുള്ള യോഗ പരിശീലനത്തില് 169 രാജ്യങ്ങളില് നിന്നുള്ള 7,52,074 വ്യക്തികള് വെര്ച്വലായി പങ്കെടുത്തു. ഹാബില്ഡിന്റെ അഞ്ചാമത്തെ ലോക റിക്കാര്ഡാണിത്.
കേരള സർവകലാശാല വിവാദം ; ഇന്ന് അടിയന്തര സിന്ഡിക്കറ്റ് യോഗം
തിരുവനന്തപുരം: കേരള സര്വകലാശാലയില് ഇന്ന് അടിയന്തര സിന്ഡിക്കറ്റ് യോഗം ചേരും. ഇന്നു രാവിലെ 11.30ന് ആണ് യോഗം. സിന്ഡിക്കറ്റ് യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ 16 ഇടത് അംഗങ്ങള് ഒപ്പിട്ട കത്ത് വൈസ് ചാന്സലറുടെ ചുമതല വഹിക്കുന്ന ഡോ. സിസ തോമസിനു നല്കിയിരുന്നു.
ഭാരാതാംബ ചിത്ര വിവാദത്തില് രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വിസി ഡോ. മോഹനന് കുന്നുമ്മലിന്റെ നടപടി ഇന്നു ചേരുന്ന അടിയന്തര സിന്ഡിക്കറ്റ് യോഗം പുനഃപരിശോധിക്കും. വിസി ഡോ. മോഹനന് കുന്നുമ്മല് നിലവില് അവധിയിലാണ്. പകരം ചുമതല ഡിജിറ്റല് സര്വകലാശാല വിസി ഡോ. സിസ തോമസിനു നല്കിയിരുന്നു.
കേരള സര്വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില് രജിസ്ട്രാര് ഫയല് ചെയ്ത ഹര്ജിയില് നാളെ വൈസ് ചാന്സലര് സത്യവാങ്മൂലം നല്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ഇന്നലെ ബന്ധപ്പെട്ട ഓഫീസ് ഫയലുകള് നേരിട്ട് പരിശോധിച്ച വൈസ് ചാന്സലര് ഡോ. സിസാ തോമസിനെ സിപിഎം സിന്ഡിക്കറ്റ് അംഗങ്ങള് തടഞ്ഞു.
ഗവര്ണര് പങ്കെടുത്ത പൊതുപരിപാടിക്ക് അനുവദിച്ച സെനറ്റ് ഹാള് സര്വകലാശാല പിആര്ഒ നല്കിയ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് റദ്ദാക്കിയതെന്നു ഹര്ജിക്കാരനായ സസ്പെന്ഡ് ചെയ്യപ്പെട്ട രജിസ്ട്രാര് റിപ്പോര്ട്ട് നല്കിയിരുന്നു.
ഇതിന്റെ നിജസ്ഥിതി പരിശോധിക്കുന്നതിനായി പിആര്ഒയുടെ ഓഫീസിലെത്തി കംപ്യൂട്ടര് പരിശോധിച്ച് സ്ക്രീന് ഷോട്ട് എടുക്കവേയാണ് സിന്ഡിക്കറ്റ് അംഗങ്ങള് വിസിയെ തടഞ്ഞത്.
വിസി സെക്ഷനില് പ്രവേശിക്കാന് പാടില്ലെന്നും രജിസ്ട്രാര് മുഖേന മാത്രമേ ഫയലുകള് പരിശോധിക്കാന് പാടുള്ളൂവെന്നുമാണ് സിന്ഡിക്കറ്റ് അംഗങ്ങളുടെ നിലപാട്. സിന്ഡിക്കറ്റ് യോഗം ചേരണമെന്നാവശ്യപ്പെട്ട് വിസിയെ നേരിട്ട് കാണാന് എത്തിയതാണെന്നും അംഗങ്ങള് അറിയിച്ചു.
ഏത് ഓഫീസില് എപ്പോള് പോകണമെന്നും എന്ത് പരിശോധിക്കണമെന്നും തീരുമാനിക്കാനുള്ള അധികാരം തനിക്കുണ്ടെന്നും വിസിയെ കാണണമെങ്കില് അംഗങ്ങള് ചേംബറില് വരണമെന്നും ഡോ. സിസാ തോമസ് നിര്ദേശിച്ചു.
അതേസമയം സര്വകലാശാലയ്ക്കുവേണ്ടി വിസി കോടതിയില് ഫയല് ചെയ്യുന്ന സ്റ്റേറ്റ്മെന്റ് തങ്ങള് അംഗീകരിച്ചു മാത്രമേ നല്കാന് പാടുള്ളൂവെന്നും അതുമാത്രമേ യൂണിവേഴ്സിറ്റി സ്റ്റാന്ഡിംഗ് കൗണ്സില് കോടതിയില് സമര്പ്പിക്കുകയുള്ളൂവെന്നുമുള്ള സിന്ഡിക്കറ്റ് അംഗങ്ങളുടെ ആവശ്യം വിസി അംഗീകരിച്ചില്ല.
വൈസ് ചാന്സലര് നല്കേണ്ട സ്റ്റേറ്റ്മെന്റ് ഓഫ് ഫാക്റ്റ്സ് എന്തായിരിക്കണമെന്ന് വിസി തീരുമാനിക്കുമെന്നും സര്വകലാശാലയും വിസിയും വ്യത്യസ്ത നിലപാടുകളിലാണെന്ന് കോടതിക്ക് ബോധ്യപ്പെട്ട സാഹചര്യത്തില് വിസിക്കുവേണ്ടി സീനിയര് അഭിഭാഷകനെ ചുമതലപ്പെടുത്താനും വിസി ഉത്തരവിട്ടു.
മോട്ടോർ വാഹനവകുപ്പിൽ പുതിയ തസ്തികകൾ സൃഷ്ടിക്കാൻ നീക്കം
റെനീഷ് മാത്യു
കണ്ണൂർ: മോട്ടോർ വാഹനവകുപ്പിൽ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെ നിയമിക്കാനുള്ള പുതിയ റാങ്ക് ലിസ്റ്റ് പിഎസ്സി പ്രസിദ്ധീകരിച്ചതോടെ പുതിയ തസ്തികകൾ സൃഷ്ടിക്കാൻ നീക്കം.
പിഎസ്സി ലിസ്റ്റിലുള്ള കൂടുതൽ ആളുകളെ നിയമിക്കാൻ വേണ്ടിയാണ് സംസ്ഥാനത്ത് സാന്പത്തിക ഞെരുക്കത്തിനിടെ പുതിയ തസ്തികകൾ സൃഷ്ടിക്കാനുള്ള നിർദേശം സർക്കാരിലേക്ക് നല്കിയിരിക്കുന്നത്. മോട്ടോർ വാഹനവകുപ്പിലെ ചിലരാണ് ഇതിന്റെ പിന്നിലെന്നാണ് ആരോപണം.
നികുതിച്ചോർച്ച തടയാൻ എന്ന പേരിൽ ടാക്സ് ഇന്റലിജൻസ് വിംഗ്, റോഡപകടങ്ങൾ കുറയ്ക്കാൻ എൻഫോഴ്സ്മെന്റിലേക്ക് പുതിയ നിയമനം, ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ ആർടിഒ, സബ് ആർടി ഓഫീസുകളിലേക്ക് കൂടുതൽ ജീവനക്കാരുടെ നിയമനം ഇങ്ങനെയാണ് നിർദേശങ്ങൾ പോയിരിക്കുന്നത്. എൻഫോഴ്സ്മെന്റ്- 722, ടാക്സ് ഇന്റലിജൻസ്-52, ഡ്രൈവിംഗ് ടെസ്റ്റ്-351 എന്നിങ്ങനെ 1125 പേരെ നിയമിക്കണമെന്നാണ് ആവശ്യം.
2018ൽ പുതിയ റാങ്ക് ലിസ്റ്റ് വന്നപ്പോൾ റോഡപകടങ്ങൾ കുറയ്ക്കാൻ 292 പുതിയ തസ്തികകളും 14 ജില്ലയിലും എൻഫോഴ്സ്മെന്റ് ആർടി ഓഫീസുകളും തുടങ്ങിയിരുന്നു. അപകടങ്ങൾ കുറയ്ക്കുമെന്നും വർഷം 200 കോടി രൂപ പിഴ ഇനത്തിൽ ലഭ്യമാക്കുമെന്നുമായിരുന്നു അവകാശവാദം. അപകടങ്ങൾ കുറഞ്ഞില്ലെന്ന് മാത്രമല്ല 200 കോടിയുടെ സ്ഥാനത്ത് 50 കോടിപോലും ഖജനാവിൽ എത്തിയുമില്ല.
24 മണിക്കൂറും റോഡിൽ പരിശോധന നടത്തുന്ന ഇവരെ ഇപ്പോൾ റോഡിൽ കാണാനുമില്ല. കുറെ ആളുകൾ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നുണ്ട്. ബാക്കിയുള്ളവർ ഓഫീസിൽ ഇരുന്ന് കാമറ കണ്ടെത്തുന്ന കുറ്റങ്ങൾക്ക് നോട്ടീസ് അയയ്ക്കുന്ന തിരക്കിലുമാണ്.
2019ലെ മോട്ടോർ വാഹന ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതോടെ സാങ്കേതിക ജോലികൾ മോട്ടോർ വാഹന വകുപ്പിൽ ഇല്ലാതായി. 2025 ഏപ്രിൽ ഒന്നുമുതൽ വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ടെസ്റ്റിംഗ് സ്റ്റേഷനുകളിലേക്ക് മാറ്റണമെന്ന് കേന്ദ്രസർക്കാരിന്റെ നിർദേശം സംസ്ഥാനം നടപ്പിലാക്കാനുള്ള അവസാനഘട്ടത്തിലാണ്.
സംസ്ഥാനത്ത് 22 സ്വകാര്യ ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷൻ തുടങ്ങാൻ ടെൻഡർ നടപടികൾ പൂർത്തിയായിക്കഴിഞ്ഞു. ഇതു നടപ്പിലാകുന്നതോടെ ആർടി ഓഫീസുകളിലെ പകുതി ഇൻസ്പെക്ടർമാരുടെ ജോലി ഇല്ലാതാകും.
കേന്ദ്രസർക്കാർ നിർദേശപ്രകാരമുള്ള അക്രഡിറ്റഡ് ഡ്രൈവിംഗ് ടെസ്റ്റിംഗ് സെന്റർ തുടങ്ങുന്നതോടെ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെയും ജോലി ഇല്ലാതാകും. വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ ഇപ്പോഴത്തെ പ്രധാന ജോലി ഡ്രൈവിംഗ് ടെസ്റ്റാണ്.
ചെക്ക്പോസ്റ്റുകളുടെ എണ്ണം പകുതിയായി കുറച്ചതും പരിശോധന പകൽമാത്രമായി കുറച്ചതുംവഴി നിരവധി ഉദ്യോഗസ്ഥർക്കാണ് ജോലിയില്ലാതയിരിക്കുന്നത്. ഇതിനിടയിലാണ് പുതിയ തസ്തികകൾ സൃഷ്ടിക്കാനുള്ള നീക്കം നടക്കുന്നത്.
‘കളര് ഇന്ത്യ സീസണ് 4’ രജിസ്ട്രേഷൻ തുടരുന്നു
കോട്ടയം: അഖിലേന്ത്യാ തലത്തിൽ ലക്ഷക്കണക്കിന് വിദ്യാർഥികൾ ആവേശപൂർവം പങ്കെടുക്കുന്ന ‘ദീപിക കളര് ഇന്ത്യ സീസണ് 4’ ന്റെ രജിസ്ട്രേഷൻ തുടരുന്നു.
ലഹരിക്കെതിരേയുള്ള പോരാട്ടവും ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും ഊട്ടി ഉറപ്പിക്കാനുള്ള സന്ദേശവും കുട്ടികള്ക്കു പകര്ന്നു നല്കാൻ ലക്ഷ്യമിടുന്ന ദീപിക കളര് ഇന്ത്യ സീസണ് 4-ൽ ഈ വർഷം പത്തു ലക്ഷം വിദ്യാര്ഥികളെങ്കിലും പങ്കെടുക്കുമെന്നാണ് കരുതുന്നത്.
സ്കൂൾതല രജിസ്ട്രേഷനിൽ വലിയ ആവേശമാണ് ദൃശ്യമാകുന്നത്. നൂറുകണക്കിനു സ്കൂളുകളാണ് രജിസ്ട്രേഷന് പൂർത്തിയാക്കിയത്.
ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ദീപിക കളര് ഇന്ത്യ സീസണ് 4 ഈ വർഷം ഓഗസ്റ്റ് എട്ടിനാണ്. സ്കൂള് തല രജിസ്ട്രേഷനായി ഇതോടൊപ്പമുള്ള ക്യൂ ആര് കോഡ് സ്കാന് ചെയ്ത് സ്കൂളുകള്ക്ക് രജിസ്റ്റര് ചെയ്യാം. കൂടുതല് വിവരങ്ങള്ക്ക് 7034023226 എന്ന നമ്പറില് ബന്ധപ്പെടാം.
നഴ്സറി മുതല് 12-ാം ക്ലാസ് വരെയുള്ള കുട്ടികള്ക്ക് അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം. മത്സരത്തില് പങ്കെടുക്കുന്ന എല്ലാവര്ക്കും സര്ട്ടിഫിക്കറ്റുകള് നല്കും.
പങ്കെടുക്കുന്ന എല്ലാ സ്കൂളുകള്ക്കും ഓരോ വിഭാഗത്തിലെയും ഒന്നും രണ്ടും സ്ഥാനക്കാര്ക്കും സമ്മാനങ്ങള് നല്കും. ഓരോ ഗ്രൂപ്പിലെയും 50 കുട്ടികളിൽനിന്ന് തെരഞ്ഞെടുക്കുന്ന ഒരാൾക്ക് പ്രോത്സാഹന സമ്മാനവും നൽകും.
ജില്ല, സംസ്ഥാന, അഖിലേന്ത്യ തലങ്ങളിലെ വിജയികള്ക്ക് പ്രത്യേക സമ്മാനങ്ങളും നല്കും.
ഉപരാഷ്ട്രപതി ഇന്ന് കേരളത്തില്
കൊച്ചി: രണ്ടു ദിവസത്തെ സന്ദര്ശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്കറും ഭാര്യ ഡോ. സുദേഷ് ധന്കറും ഇന്ന് സംസ്ഥാനത്തെത്തും.
ഉച്ചകഴിഞ്ഞ് 2.20ന് പ്രത്യേക വിമാനത്തില് നെടുമ്പാശേരിയിലെത്തുന്ന ഉപരാഷ്ട്രപതിക്ക് വിമാനത്താവളത്തില് സ്വീകരണം നല്കും.
തുടര്ന്ന് 2.30ന് ഹെലികോപ്റ്ററില് കൊച്ചിയിലേക്കു പോകും. നാളെ രാവിലെ ഹെലികോപ്റ്ററില് ഗുരുവായൂരിലേക്ക് യാത്രതിരിക്കും. ഉച്ചയ്ക്ക് 12ന് പ്രത്യേക വിമാനത്തില് ഡല്ഹിയിലേക്കു മടങ്ങും.
യൂത്ത് കോണ്ഗ്രസ് മാര്ച്ചില് സംഘര്ഷം
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്ജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ വസതിയിലേക്ക് യൂത്ത് കോണ്ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മാര്ച്ചില് സംഘര്ഷം.
മന്ത്രിയുടെ തൈക്കാടുള്ള ഔദ്യോഗിക വസതിയിലേക്കു നടത്തിയ മാര്ച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. പോലീസും പ്രവര്ത്തകരും തമ്മില് വാക്കേറ്റവും സംഘര്ഷവുമുണ്ടായി. ജില്ലാ പ്രസിഡന്റ് നേമം ഷജീര് മാർച്ച് ഉദ്ഘാടനം ചെയ്തു.
മാലിന്യ സംസ്കരണ മാതൃക പഠിക്കാൻ കേരളം മധ്യപ്രദേശിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ മാലിന്യ സംസ്കരണ പ്രതിസന്ധി പരിഹരിക്കുന്നതിനെക്കുറിച്ചു പഠിക്കാൻ തദ്ദേശ വകുപ്പിലെ ഉന്നതതല സംഘം ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലേക്ക്. മധ്യപ്രദേശിലെ ഇൻഡോർ കോർപറേഷനിലെ മാലിന്യ സംസ്കരണ സംവിധാനങ്ങളിലെ വികസന മാതൃകകൾ പഠിക്കാനാണ് സംഘം പോകുന്നത്.
തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി. അനുപമയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ജൂലൈ 8 മുതൽ 10 വരെ ഇൻഡോർ കോർപറേഷൻ സന്ദർശിക്കുന്നത്. ഇതു സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കി.
കേരളത്തെപ്പോലെ നേരത്തേ മാലിന്യ സംസ്കരണ രംഗത്ത് ഒന്നും ചെയ്യാൻ കഴിയാത്തതിനെ തുടർന്ന് ഇൻഡോർ നഗരസഭ ഏറെ പഴി കേട്ടിരുന്നു. ഇതിനു പിന്നാലെയാണ് 2017-18ൽ മാലിന്യ സംസ്കരണത്തിനു പുതിയ മാതൃക കണ്ടെത്തിയത്. ഇതാണ് ഇൻഡോറിനെ ക്ലീൻ സിറ്റി പദവിയിൽ എത്തിച്ചത്.
2022ൽ അന്നത്തെ ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഗുജറാത്തിലെ ‘ഡാഷ് ബോർഡ് ’ ഇ-ഗവേണൻസ് സംവിധാനം പഠിക്കാൻ പോയത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഗുജറാത്ത് മോഡൽ അത്ഭുതകരമാണെന്നായിരുന്നു അന്ന് ഉദ്യോഗസ്ഥ സംഘത്തിന്റെ കണ്ടെത്തൽ.
എന്നാൽ, ആ പഠനവുമായി ബന്ധപ്പെട്ടു തുടർനടപടികൾ കേരളത്തിൽ കാര്യക്ഷമമായി നടപ്പായില്ലെന്ന വിമർശനവുണ്ട്. ഇത്തരം മാതൃകകളുടെ പഠനംമാത്രം നടക്കുകയും പ്രായോഗിക തലത്തിൽ നടപ്പാക്കാൻ കഴിയാതെ വരികയും ചെയ്യുന്നതിന്റെ ഭാഗമായാണ് കെട്ടിക്കിടക്കുന്ന ഫയലുകളിൽ തീർപ്പാക്കാൻ ഫയൽ അദാലത്ത് ജൂലൈ ഒന്നിന് ആരംഭിച്ചത്.
ഈയാഴ്ച ഓണ്ലൈൻ മന്ത്രിസഭ; മുഖ്യമന്ത്രി യുഎസിലിരുന്നു നിയന്ത്രിക്കും
തിരുവനന്തപുരം: ഈയാഴ്ചയിലെ മന്ത്രിസഭായോഗം ഓണ്ലൈനായി ചേരും. ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ഇരുന്നാകും മന്ത്രിസഭ നിയന്ത്രിക്കുക.
പതിവു മന്ത്രിസഭായോഗം സാധാരണയായി ബുധനാഴ്ചയാണ് ചേരുന്നത്. എന്നാൽ അന്ന് പൊതുപണിമുടക്കായ സാഹചര്യത്തിൽ വെള്ളിയാഴ്ച ചേരാമെന്നാണ് മന്ത്രിമാരെ അറിയിച്ചിട്ടുള്ളത്. അമേരിക്കയിലും ഇന്ത്യയിലും സമയ വ്യത്യാസമുള്ള സാഹചര്യത്തിൽ രണ്ടിടത്തെയും സമയക്രമം കണക്കാക്കിയാകും ചേരുക.
ഇന്നലെ പുലർച്ചെയാണ് മുഖ്യമന്ത്രി ദുബായ് വഴി അമേരിക്കയിലെ മയോ ക്ലിനിക്കിൽ തുടർ ചികിത്സയ്ക്കായി പോയത്. ഫയലുകളിൽ ഓണ്ലൈനായി മുഖ്യമന്ത്രി തീരുമാനമെടുക്കും.
സ്വകാര്യബസ് സമരം 22 മുതൽ; എട്ടിനു സൂചനാപണിമുടക്ക്
തൃശൂർ/പാലക്കാട്: ഗതാഗതവകുപ്പിന്റെ അശാസ്ത്രീയ ഗതാഗതനയത്തിൽ പ്രതിഷേധിച്ച് 22 മുതൽ അനിശ്ചിതകാലത്തേക്കു സംസ്ഥാനത്തെ മുഴുവൻ സ്വകാര്യബസുകളും സർവീസ് നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി ബസുടമാ സംഘടനകളുടെ കൂട്ടായ്മയായ ബസുടമസ്ഥ സംയുക്തസമിതി ചെയർമാൻ എം.എസ്. പ്രേംകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
മുന്നോടിയായി എട്ടിനു സൂചനാപണിമുടക്ക് നടത്തും. അടിയന്തര ആവശ്യങ്ങൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ള മുഴുവൻ മന്ത്രിമാർക്കും നിവേദനങ്ങൾ നൽകിയിട്ടും വിവിധ സമരങ്ങൾ നടത്തിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിനാലാണ് അനിശ്ചിതകാല സമരത്തിലേക്കു പോകുന്നതെന്ന് നേതാക്കൾ അറിയിച്ചു.
മറ്റൊരു സംസ്ഥാനത്തുമില്ലാത്ത കാടൻനിയമങ്ങളാണു സംസ്ഥാനസർക്കാർ അടിച്ചേൽപ്പിക്കുന്നത്. 14 വർഷംമുൻപാണ് വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിച്ചത്. പതിനഞ്ചു വർഷംമുന്പ് സംസ്ഥാനത്ത് 34,000 സ്വകാര്യബസുകൾ ഉണ്ടായിരുന്നത് അശാസ്ത്രീയ ഗതാഗതനയം കാരണം എണ്ണായിരത്തിൽ താഴെയായി ചുരുങ്ങി.
ദീർഘകാലമായി സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെയും ദീർഘദൂര ബസുകളുടെയും പെർമിറ്റുകൾ പുതുക്കിനൽകുക, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്ന കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക, ബസ് തൊഴിലാളികൾക്കു പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതു പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു ബസ് സർവീസ് നിർത്തിവയ്ക്കുന്നത്.