കോന്നി മെഡി. കോളജ് സജ്ജം; ഇനിയെങ്കിലും ഇട്ടുതല്ലരുത്
1580784
Sunday, August 3, 2025 3:48 AM IST
ശസ്ത്രക്രിയ, ലേബര്‍ വാര്‍ഡുകള്‍ പൂര്‍ണസജ്ജമായി
പത്തനംതിട്ട: അഞ്ചുവര്‍ഷം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനു പുതിയ പ്രതീക്ഷ. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയ സംവിധാനങ്ങളും ഗൈനക്കോളജി യൂണിറ്റും മെഡിക്കല്‍ കോളജിലേക്കു മാറ്റിയതോടെ ഇനിയുള്ള ദിവസങ്ങളില്‍ പൂര്ണസജ്ജമായേക്കും.
പ്രതിദിനം ആയിരത്തോളം രോഗികള്‍ ഒപി വിഭാഗത്തിലെത്തുന്നുണ്ടെങ്കിലും ഐപി വിഭാഗം പൂര്ണസജ്ജമായിരുന്നില്ല. 300 കിടക്കകളുള്ള ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്തിട്ടു മൂന്നുവര്‍ഷമായി. 200 കിടക്കകളുടെ ഐപി വാര്‍ഡ് നിര്‍മാണം അന്തിമഘട്ടത്തിലുമാണ്.
എല്ലാമുണ്ട്, എന്നിട്ടും
രോഗികളെ കൂടുതലായി കിടത്തി ചികിത്സിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരെയും അനുബന്ധ ജീവനക്കാരെയും എത്തിക്കാനുള്ള ക്രമീകരണവുമായി. നേരത്തെ മെഡിക്കല്‍ കോളജില്‍ തസ്തികകള്‍ അനുവദിച്ചെങ്കിലും നിയമനം പൂര്‍ണമായിട്ടില്ല. ക്വാര്‍ട്ടേഴ്സിന്റെ പണികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ താമസസൗകര്യം ഇല്ലെന്ന പേരിലാണ് ഡോക്ടര്‍മാര്‍ കോന്നിയിലേക്കുള്ള നിയമനം സ്വീകരിക്കാത്തത്. താത്കാലികാടിസ്ഥാനത്തിലുള്ള ഡോക്ടര്‍ നിയമനമാണ് ഇപ്പോഴും.
ഉന്നത നിലവാരത്തിലുള്ള സജ്ജീകരണങ്ങളാണ് മെഡിക്കല്‍ കോളജില്‍ ഒരുക്കിയിരിക്കുന്നത്. സ്കാനിംഗ് സംവിധാനം, സര്‍ജറി യൂണിറ്റ്, ഐസിയു എന്നിവയെല്ലാം ആധുനിക സംവിധാനങ്ങളോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇവയുടെ പ്രയോജനം രോഗികള്‍ക്കു ലഭിച്ചു തുടങ്ങിയിട്ടില്ല. പീഡിയാട്രിക് ഐസിയുവില്‍ 15 കിടക്കകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
ഉദ്ഘാടനം നടന്നത് 2020ല്‍
2011ലെ യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് അനുമതി ആകുകയും 2013ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തറക്കല്ലിടുകയും ചെയ്ത മെഡിക്കല്‍ കോളജിൽ 2015ല്‍തന്നെ ഓഫീസ് സംവിധാനങ്ങളടക്കം ആരംഭിക്കുകയും ചെയ്തു.
കോന്നി മെഡിക്കല്‍ കോളജിനു ദേശീയ മെഡിക്കല്‍ കമ്മീഷന് അംഗീകാരത്തിനു വേണ്ടി അന്നുതന്നെ ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍, പിന്നീടുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍പ്രവര്‍ത്തനങ്ങളില്‍ താത്പര്യം കാട്ടിയിട്ടില്ല. തടസപ്പെട്ട നിര്‍മാണ ജോലികള്‍ അടക്കം പുനരാരംഭിച്ചത് 2019ലാണ്.
2020 സെപ്റ്റംബര്‍ 14ന് മെഡിക്കല്‍ കോളജ് ഉദ്ഘാടനം ചെയ്തു. ഐപി വിഭാഗം 2021 ഫെബ്രുവരി പത്തിനും തുറന്നു കൊടുത്തു. എന്നാല്‍, കിടത്തിചികിത്സയും അത്യാഹിത വിഭാഗവും പൂര്‍ണ സജ്ജമല്ലെന്നാണ് ആരോഗ്യ വകുപ്പ് ഇപ്പോഴും പറയുന്നത്. അത്യാഹിത, ഐപി വിഭാഗങ്ങളിലേക്കെത്താനുള്ള യാത്രാ ബുദ്ധിമുട്ടും കാരണമായി പറയുന്നു.
മെഡിക്കല്‍ കോളജ് റോഡിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടേയുള്ളൂ. അടിയന്തരഘട്ടത്തില്‍ ആംബുലന്‍സ് അടക്കമുള്ളവ എത്താനുള്ള ബുദ്ധിമുട്ടാണ് കാരണമായി പറയുന്നത്.
എംബിബിഎസില്‍ 300 കുട്ടികള്‍
2022ലാണ് കോന്നി മെഡിക്കല്‍ കോളജില്‍ ആദ്യ എംബിബിഎസ് ബാച്ച് എത്തുന്നത്. 100 കുട്ടികള്‍ക്ക് പ്രവേശനം ലഭിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 300 കുട്ടികളെത്തി. ആദ്യബാച്ച് മൂന്നാം വര്‍ഷം പൂര്‍ത്തീകരിക്കുന്നു. നാലാമത്തെ ബാച്ചിന്റെ പ്രവേശന നടപടികള്‍ കീം ഫലം വന്നാലുടന്‍ ആരംഭിക്കും.
മെഡിക്കല്‍ കോളജിലെ ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടാത്തതും കൂടുതല്‍ രോഗികളെ കിടത്തി ചികിത്സിക്കാനാകാത്തതും കുട്ടികളുടെ പഠനത്തെ ബാധിച്ചിരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ചാണ് കുട്ടികളുടെ ക്ലീനിക്കല്‍ പഠനം നടന്നുവന്നത്. നിര്‍മാണ ജോലികള്‍ കാരണം ജനറല്‍ ആശുപത്രിയില്‍ കൂടുതല്‍ രോഗികളെ പ്രവേശിപ്പിക്കാനാകാത്ത സാഹചര്യമുണ്ട്.
അവിടെ എത്തുന്നവരെ കോന്നി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുന്നുമില്ല. അവസാന വര്ഷത്തലേക്കു പ്രവേശിക്കുന്ന കുട്ടികള്‍ക്കാവശ്യമായ പ്രാക്ടിക്കല്‍ സൗകര്യം ലഭ്യമാകേണ്ടതുണ്ട്. ഇതിനിടെ നഴ്സിംഗ് കോളജും ആരംഭിച്ചിട്ടുണ്ട്. ഇവരോടൊപ്പം പത്തനംതിട്ട സര്‍ക്കാര്‍ നഴ്സിംഗ് കോളജിലെ കുട്ടികളെയും കോന്നി മെഡിക്കല്‍ കോളജിലേക്കാണ് അയയ്ക്കുന്നത്.