ആറന്മുളയിൽ വാഹനാപകടം; സ്കൂട്ടർ യാത്രക്കാരായ അച്ഛനും മകനും പരിക്ക്
1593943
Tuesday, September 23, 2025 2:14 AM IST
കോഴഞ്ചേരി: ആറന്മുള പഴയ പോലീസ് സ്റ്റേഷൻ റോഡിനു സമീപം ടൂറിസ്റ്റ് ബസിടിച്ച് സ്കൂട്ടർ യാത്രക്കാരായ അച്ഛനും മകനും ഗുരുതരമായി പരിക്കേറ്റു.
കോഴഞ്ചേരി മേലുകര കല്ലുപറമ്പിൽ സനൽകുമാർ (48), മകൻ അഭിജിത് (23) എന്നിവർക്കാണു പരിക്കേറ്റത്. ചെങ്ങന്നൂർ റോഡിൽ നിന്ന് പഴയ പോലീസ് സ്റ്റേഷൻ റോഡിലേക്കു കയറുന്ന ഭാഗത്തെ വളവിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് അപകടം ഉണ്ടായത്. ചെങ്ങന്നൂർ ഭാഗത്തേക്കു യാത്ര ചെയ്ത സനൽ ഓടിച്ച സ്കൂട്ടറും ചെങ്ങന്നൂരിൽ നിന്ന് ആറന്മുള ഭാഗത്തേക്ക് വന്ന ടൂറിസ്റ്റ് ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു റോഡിലേക്കു വീണ അഭിജിത്തിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇരുവരെയും കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.