വെട്ടിപ്പുറം സ്കൂൾ അങ്കണത്തിൽ ബിആർസി കെട്ടിടം വരുന്നതിനെതിരേ പിടിഎ
1594116
Wednesday, September 24, 2025 3:52 AM IST
പത്തനംതിട്ട: വെട്ടിപ്പുറം ഗവ. എൽപി സ്കൂളിലെ കെട്ടിടം പൊളിച്ചു മാറ്റി ബിആർസിക്കു വേണ്ടി പുതിയ കെട്ടിടം പണിയാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് പിടിഎ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
1961 ൽ നിർമിച്ച പഴയ കെട്ടിടമാണിത്. കഴിഞ്ഞ ജൂണിൽ അധ്യയന വർഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച് കെട്ടിടത്തിന് നഗരസഭ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിരുന്നതാണ്. സർക്കാർ നിർദേശപ്രകാരം വീണ്ടും പരിശോധന നടന്നപ്പോൾ ഓഗസ്റ്റിൽ ഫിറ്റ്നസ് ഇല്ലാതായി. നഗരസഭയിലെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളാണ് വെട്ടിപ്പുറം ഗവ. എൽപി സ്കൂൾ. 175 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
സ്കൂളിൽ കുട്ടികളുടെ അസംബ്ലി, കലാകായിക പ്രവർത്തനങ്ങൾ, ഉച്ചഭക്ഷണം എന്നിവയെല്ലാം നടക്കുന്നത് പഴയ കെട്ടിടത്തിലാണ്. ഇപ്പോൾ കുട്ടികളുടെ അധ്യയനം നടക്കുന്നത് 2023 ൽ നിർമിച്ച പുതിയ കെട്ടിടത്തിലാണ്. പഴയ കെട്ടിടത്തിൽ 2022-2023 അധ്യയന വർഷം എംഎൽഎഫണ്ട് ഉപയോഗിച്ച് അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുകയും ചെയ്തതാണ്. ബിആർസിയും സ്കൂളിലെ ഒരു പ്രത്യേക കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്.
മോഡൽ ബിആർസി കെട്ടിടം നിർമിക്കാൻ 78 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരിക്കുകയാണ്. ഇതിന് നിലവിലുള്ള പഴയ കെട്ടിടം പൊളിച്ച് അവിടെ പുതിയ കെട്ടിടം നിർമിച്ച് കൈവശപ്പെടുത്താനാണ് ബിആർസിയുടെ ശ്രമം. ഇതിന് നഗരസഭയും കൂട്ടുനിൽക്കുകയാണെന്നും നിരവധി പരാതി നൽകിയെങ്കിലും അനുകൂലമായ നടപടിയുണ്ടായില്ലെന്നും ഭാരവാഹികൾ പറഞ്ഞു. സ്കൂളിന്റെ പഴയ കെട്ടിടം ഫിറ്റ് അല്ലെന്ന് കാട്ടി പ്രധാനാധ്യാപികയ്ക്ക് ബിപിസി കത്തും നൽകിയിരുന്നു. ഇത്തരത്തിൽ കത്ത് നൽകാൻ ബിപിസിക്ക് അധികാരമില്ലെന്നും പിടിഎ ഭാരവാഹികൾ പറഞ്ഞു.
ഉയർന്ന സ്ഥലത്തിരിക്കുന്ന പഴയ കെട്ടിടം പൊളിച്ച് സ്ഥലത്തെ മണ്ണ് റോഡ് നിരപ്പിൽ എടുത്തുമാറ്റി തറ നിരപ്പിൽ പാർക്കിംഗും ഇരുനിലയിലുള്ള കെട്ടിടവും പണിയാനാണ് തീരുമാനം. ഇതുമൂലം സ്കൂൾ കെട്ടിടം ഒറ്റപ്പെടുകയും മെയിൻ റോഡിൽ നിന്നുള്ള വഴി അടയുകയും കളിസ്ഥലം നഷ്ടപ്പെടുകയും ചെയ്യും.ബിആർസിക്കുവേണ്ടി മറ്റ് എവിടെയെങ്കിലും കെട്ടിടം നിർമിക്കണമെന്ന് പിടിഎ ആവശ്യപ്പെട്ടു.
സ്കൂളും അനുബന്ധ കെട്ടിടങ്ങളും നിലനിർത്തി പൊതു വിദ്യാലയത്തെ സംരക്ഷിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പിടിഎ പ്രസിഡന്റ് റ്റീനാ സുനിൽ, റുബീന യൂസഫ്, എസ് . ഷെഹന എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.