വള്ളിക്കോട്ട് പെൻഷൻ ഗുണഭോക്താക്കളുടെ യോഗം വിളിച്ച് പഞ്ചായത്ത് പ്രസിഡന്റ്
1594560
Thursday, September 25, 2025 3:39 AM IST
പത്തനംതിട്ട: വള്ളിക്കോട് ഗ്രാമപഞ്ചായത്തിൽ സാമൂഹിക പെൻഷൻ വാങ്ങുന്നവരുടെ യോഗം വിളിച്ചുകൂട്ടുന്നതിലേക്ക് കത്തുകൾ അയച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നടപടി വിവാദത്തിൽ. സാമൂഹിക പെൻഷൻ വർധിപ്പിക്കുന്നതു സംബന്ധിച്ച ചർച്ചയെന്ന പേരിൽ 27നു വൈകുന്നേരം നാലിന് കൈപ്പട്ടൂർ ജംഗ്ഷനിൽ യോഗം കൂടുന്നതായാണ് സ്വന്തം നിലയിൽ പ്രസിഡന്റ് തപാൽ മുഖേന പെൻഷൻ ഗുണഭോക്താക്കളെ അറിയിച്ചിരിക്കുന്നത്. തപാൽ കാർഡിലാണ് പ്രസിഡന്റിന്റെ അറിയിപ്പ് പോയത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ യോഗം പ്രസിഡന്റ് വിളിച്ചുകൂട്ടുന്നത് രാഷ്ട്രീയമാണെന്ന് കോൺഗ്രസ് വള്ളിക്കോട് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
കഴിഞ്ഞ ഒന്പതു വർഷമായി പെൻഷൻ ആനുകൂല്യങ്ങളെക്കുറിച്ചു മിണ്ടാട്ടമില്ലാത്ത പഞ്ചായത്ത് പ്രസിഡന്റിന്റെ ഈ നടപടി അപഹാസ്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡന്റ് പ്രഫ. ജി. ജോൺ, യുഡിഎഫ് കൺവീനർ കെ.ആർ. പ്രമോദ്, സുഭാഷ് നടുവിലേതിൽ, വള്ളിക്കോട് വിമൽ, റ്റി. ആർ. ഹരികുമാർ താഴേതിൽ, സാംകുട്ടി പുളിക്കത്തറയിൽ, ബീനാ സോമൻ, ജോർജ് വർഗീസ് കൊടുമണ്ണേത്ത്, എം. കെ. സത്യൻ, ശിക്കുഞ്ഞ് അയ്യനേത്ത്, മധുസൂദനൻ കർത്താ എന്നിവർ പ്രസംഗിച്ചു.