അച്ചൻകോവിലാറിനു ദയാവധമോ? അവഗണിച്ച് അധികൃതരും
1593947
Tuesday, September 23, 2025 2:14 AM IST
കോന്നി: കിഴക്കൻ മലയോര മേഖലയിലൂടെ ഒഴുകിയെത്തുന്ന അച്ചൻകോവിലാർ ശോഷിച്ചു മരണത്തിലേക്കു നീങ്ങുന്പോഴും അധികൃതർക്കു നിസംഗത.
വീതി കുറഞ്ഞും തന്മൂലം നീരൊഴുക്ക് തടസപ്പെട്ടും ശോച്യാവസ്ഥയിലായ അച്ചൻകോവിലാറിന്റെ പുനരുദ്ധാരണത്തിനായി തയാറാക്കിയ പദ്ധതികൾ വെളിച്ചം കണ്ടില്ല. നിലവിൽ ഗുരുതരമായ പ്രത്യാഘാതം നേരിടുന്ന അച്ചൻകോവിലാർ ശക്തമായ മഴ പെയ്യുന്പോഴേക്കും നിറഞ്ഞൊഴുകി തീരവാസികൾക്കും ദുരിതം സൃഷ്ടിക്കുകയാണ്.
കൊല്ലം ജില്ലയിലെ അച്ചൻകോവിൽ തൂവൽമലയിൽനിന്ന് ഉത്ഭവിച്ച് കോന്നി ഡിവിഷനിലെ വനമേഖലയിലൂടെ ഒഴുകി ടൗൺ മേഖലയിലേക്കെത്തുന്നതാണ് അച്ചൻകോവിലാർ. വനമേഖലയിൽ പോലും നദിയിൽ നീരൊഴുക്ക് കുറഞ്ഞു. അച്ചൻകോവിലാറിന്റെ പല ഭാഗങ്ങളും ശോഷിച്ചതിനു പ്രധാന കാരണം നദിയിലേക്ക് കാട് പടർന്നു കയറിയതാണ്. ഇതിനൊപ്പം മണലും വ്യാപകമായി അടിഞ്ഞിട്ടുണ്ട്.
മണലിന്റെ കലവറ
മണലിന്റെ കലവറയായി അച്ചൻകോവിലാർ മാറിയിരിക്കുകയാണ്. വനമേഖലയിലാണ് ഇതു കൂടുതലായുള്ളത്. പരിശോധകളുടെയും പഠനത്തിന്റെയും അടിസ്ഥാനത്തിൽ അച്ചൻകോവിലാറ്റിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ മണൽ ഖനനം പുനരാരംഭിക്കാനായി വിവിധ കോണുകളിൽനിന്ന് ആവശ്യം ഉയർന്നിരുന്നു. എന്നാൽ, പരിസ്ഥിതിവാദത്തിന്റെ പേരിൽ നിർദേശങ്ങൾ അവഗണിക്കപ്പെട്ടു. നദിയുടെ പുനരുജ്ജീവനത്തിനു മണൽ നീക്കം ചെയ്യേണ്ടത് ആവശ്യമാണെന്ന നിർദേശം സർക്കാർ നിയോഗിച്ച പഠന ഏജൻസികൾ മുന്നോട്ടുവച്ചതാണ്. വനമേഖലയിലാണ് മണൽ വൻതോതിൽ അടിഞ്ഞുകൂടിയത്.
നിയന്ത്രിതമായ തോതിൽ മണൽവാരൽ അനുവദിച്ചാൽ അച്ചൻകോവിലാറ്റിലെ ജലമൊഴുക്ക് സുഗമമാക്കാനാകും. വെള്ളപ്പൊക്ക പ്രത്യാഘാതങ്ങളിലും കുറവുണ്ടാകും. സർക്കാരിലേക്കു ലക്ഷക്കണക്കിനു രൂപയുടെ റവന്യു വരുമാനവും ലഭ്യമാകും.
തൊഴിൽ, വരുമാനം
നിയമാനുസൃത ഖനനം അനുവദിച്ചതാൽ, സംസ്ഥാന സർക്കാരിനു നികുതി വരുമാനം ഇരട്ടിയാകും. ഈ മേഖലയിൽ ആളുകൾക്കു സ്ഥിരമായ തൊഴിൽ ലഭിക്കുന്ന സാഹചര്യവും രൂപപ്പെടും. മണൽ വിറ്റു ലഭിക്കുന്ന വരുമാനം ഗ്രാമീണ മേഖലയുടെ വികസനത്തിനു സർക്കാർ ഉപയോഗപ്പെടുത്താനാകും. നിരോധനത്തെ അവഗണിച്ചുകൊണ്ട്, പ്രദേശത്തു മണൽ മാഫിയകൾ സജീവമാണ്. നദീതടങ്ങളിൽ നിയമലംഘനം പതിവായിട്ടുണ്ട്.
അനധികൃത മണൽഖനനം രൂക്ഷമായ പ്രത്യാഘാതങ്ങൾക്കു വഴിതെളിക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കുടിവെള്ള സ്രോതസുകൾ, പാലങ്ങൾ ഇവയ്ക്കു സമീപമാണ് മണൽ കൂടുതലായി അടിയുന്നത്. എന്നാൽ, ഇത്തരം പ്രദേശങ്ങളിലെ ഖനനം അനുവദനീയമല്ല. മണൽ മാഫിയയാകട്ടെ ഇത്തരം പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് മണൽ വാരി കടത്തുന്നത്. നാട്ടുകാർ പരാതി നൽകുമ്പോൾ, പലപ്പോഴും നടപടി വൈകുകയോ പരിമിതമാകുകയോ ചെയ്യുകയാണ്. സ്ത്രീയ പഠനം അടിസ്ഥാനമാക്കിയുള്ള, പരിമിത, നിയന്ത്രിത ഖനനമാണ് നിർദേശിക്കപ്പെടുന്നത്.