ഏനാത്ത് ഇഎസ്ഐ ഡിസ്പെൻസറി കെട്ടിടം നിർമാണം അനിശ്ചിതത്വത്തിൽ
1594112
Wednesday, September 24, 2025 3:52 AM IST
ഏനാത്ത്: 15 വർഷങ്ങൾക്ക് മുമ്പ് നിർമാണോദ്ഘാടനം നടത്തിയ ഏനാത്ത് ഇഎസ്ഐ ഡിസ്പെൻസറി കെട്ടിടം നിർമാണം അനിശ്ചിതത്വത്തിൽ. നിലവിൽ കരാറുകാർ പിന്മാറിയ സ്ഥിതിയാണ്. ഏനാത്ത് വില്ലേജ് ഓഫീസിനു സമീപം പഴയ ചന്ത പ്രവർത്തിച്ചിരുന്ന സ്ഥലത്തോടു ചേർന്നാണ് കെട്ടിടം പണിയാൻ തറക്കല്ലിട്ടത്. സ്ഥലം ഏഴംകുളം ഗ്രാമപഞ്ചായത്ത് സൗജന്യമായി വിട്ടു നൽകിയതാണ്.
ഡിസ്പെൻസറിക്ക് തറക്കല്ലിട്ടതല്ലാതെ വർഷങ്ങളോളം യാതൊരു പണിയും നടന്നില്ല. എന്നാൽ ഒരു വർഷം മുൻപ് കരാറുകാരുടെ നേതൃത്വത്തിൽ കെട്ടിടംപണി തുടങ്ങുന്നതിന്റെ ഭാഗമായി തൊഴിലാളികൾക്ക് വേണ്ടി ഒരു താമസ കേന്ദ്രം നിർമിച്ചതൊഴിച്ചാൽ തുടർ നടപടികളുണ്ടായില്ല.
ഇടയ്ക്ക് കെട്ടിട നിർമാണത്തിനുള്ള അനുമതിക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പഞ്ചായത്തിലെത്തി നടപടികൾ പൂർത്തിയാക്കാൻ ശ്രമിച്ചിരുന്നതായി വിവരം ഉണ്ടായിരുന്നു. പക്ഷേ തുടർപ്രവർത്തനങ്ങളൊന്നും നടന്നതായി വിവരങ്ങളില്ല. കുറച്ചു നാൾ മുൻപ് തൊഴിലാളികൾക്ക് താമസിക്കാൻ കരാറുകാർ നിർമിച്ച താത്കാലികഷെഡ് പൊളിച്ചു. 25 വർഷങ്ങളായി വാടകക്കെട്ടിടങ്ങൾ മാറിമാറിയാണ് ഏനാത്ത് ഇഎസ്ഐ ഡിസ്പെൻസറി പ്രവർത്തിക്കുന്നത്.