പൊതുവിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി വി. ശിവന്‍കുട്ടി
1594104
Wednesday, September 24, 2025 3:39 AM IST
എൽപി സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു
പ്രമാടം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. പ്രമാടം സര്‍ക്കാര്‍ എല്‍പി സ്കൂളിന്റെ പുതിയ കെട്ടിടോദ്ഘാടനം സ്കൂള്‍ അങ്കണത്തില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാലയങ്ങള്‍ കേവലം കെട്ടിടങ്ങളല്ല, നാളത്തെ തലമുറയെ വാര്‍ത്തെടുക്കുന്ന മികവിന്റെ കേന്ദ്രങ്ങളാണ്. ഭൗതിക സാഹചര്യങ്ങള്‍ക്കൊപ്പം പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും സര്‍ക്കാര്‍ പ്രാധാന്യം നല്കുന്നു.
ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ സമഗ്രമായി പരിഷ്കരിച്ചു. കുട്ടികള്‍ക്ക് മാതൃഭാഷയുടെ അടിസ്ഥാനം നഷ്ടപ്പെടാതിരിക്കാന്‍ മലയാളം അക്ഷരമാലയും രാജ്യത്തിന്റെ ആത്മാവായ ഭരണഘടനയുടെ ആമുഖവും പാഠപുസ്തകങ്ങളുടെ ഭാഗമാക്കി. ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കുന്നതിനുള്ള നടപടി അതിവേഗം പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
കെ.യു. ജനീഷ് കുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റോബിന് പീറ്റർ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. അമ്പിളി, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.നവനിത്ത്, വൈസ് പ്രസിഡന്റ് മിനി റെജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീകല നായർ, പ്രസന്ന രാജന്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രാജി സി. ബാബു, കെ.എം. മോഹനന് നായര്‍,
ജി. ഹരികൃഷ്ണൻ, അംഗങ്ങളായ വാഴവിള അച്യുതന് നായര്‍, ലിജ ശിവപ്രകാശ്, ആനന്ദവല്ലിയമ്മ, തങ്കമണി ടീച്ചര്‍, അമൃത സജയൻ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി.ആർ.അനില, ഡിഇഒ അമ്പിളി, എഇഒ ബിജു കുമാർ, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയര്‍ ടി.എ. മുഹമ്മദ് ഫൈസൽ, ഉയരെ പദ്ധതി കോര്‍ഡിനേറ്റര്‍ രാജേഷ് ആക്ലേത്ത്,
സിഡിഎസ് ചെയര്‍പേഴ്സണ്‍ ബിന്ദു അനിൽ, അംഗം ഉഷ ശിവൻ, സ്കൂള്‍ പ്രധാന അധ്യാപിക പി.ആർ.ശശികല എന്നിവര്‍ പങ്കെടുത്തു. എല്‍ എസ് ജി ഡി എക്സിക്യൂട്ടീവ് എൻജിനിയര്‍ ബിന്ദു വേലായുധന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.