തിരുവല്ല താലൂക്ക് ആശുപത്രി പരിസരത്ത് സാമൂഹ്യവിരുദ്ധ ശല്യം
1594565
Thursday, September 25, 2025 3:46 AM IST
തിരുവല്ല: താലൂക്ക് ആശുപത്രി പരിസരങ്ങൾ സമൂഹ്യ വിരുദ്ധർ കൈയടക്കുന്നു. രാത്രികാലങ്ങളിലാണ് സാമൂഹ്യ വിരുദ്ധർ ആശുപത്രി പരിസരം താവളമാക്കുന്നത്. ഇതോടെ കിടപ്പുരോഗികളും കൂട്ടിരിപ്പുകാരും ബുദ്ധിമുട്ടിലായി.
ആവശ്യമായ സുരക്ഷാ സംവിധാനമില്ലാത്ത ആശുപത്രി പരിസരങ്ങൾ മദ്യപരുടെയും സാമൂഹ്യ വിരുദ്ധരുടെയും മറ്റ് ക്രിമിനലുകളുടെയും വിഹാര കേന്ദ്രമായതോടെ രാത്രികാലങ്ങളിൽ ഇവിടെ എത്തുന്നവരും കിടപ്പു രോഗികളും ഭയത്തോടെയാണ് കഴിയുന്നത്.
ആശുപത്രിയും പരിസരവും താറുമാറായ നിലയിലായിട്ട് നാളേറെയായി. ആരുടെയും പെട്ടെന്നുള്ള ശ്രദ്ധ പതിയാത്ത ആശുപത്രി സമുച്ചയത്തിനു പുറകിലെ മോർച്ചറി ഭാഗത്തെ പഴയ കെട്ടിടവും പരിസരവുമാണ് മദ്യപരുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളം. മദ്യപൻമാർ തമ്മിൽ വാക്കേറ്റവും അസഭ്യവർഷവും പതിവ് സംഭവമാണ്.
സെക്യൂരിറ്റി മുൻഭാഗത്ത് ഉണ്ടങ്കിലും അക്രമി മദ്യസംഘത്തെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയാണ് പകൽ പോലീസ് പട്രോളിംഗ് ചില ദിവസങ്ങളിൽ വരുന്നതൊഴിച്ചാൽ രാത്രിയിൽ ഇവിടെ പോലീസിന്റെ സാന്നിധ്യമുണ്ടാകാറില്ല.
അഥവാ വന്നാലും പരിസരം പരിശോധിക്കാൻ നിൽക്കാറുമില്ലന്നതാണ് സാമൂഹ്യ വിരുദ്ധ ശല്യം ഏറാൻ കാരണം.