സിബിഎസ്ഇ സഹോദയ കലോത്സവം ഇന്നുമുതൽ
1594103
Wednesday, September 24, 2025 3:39 AM IST
പത്തനംതിട്ട: പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ സിബിഎസ്ഇ സ്കൂളുകളുടെ കൂട്ടായ്മയായ സെൻട്രൽ ട്രാവൻകൂർ സഹോദയ കോംപ്ലക്സ് കലോത്സവം ഇന്നു മുതൽ 26 വരെയും ഒക്ടോബർ 24, 25 തീയതികളിലായി മാന്താനം ചോയ്സ് സ്കൂൾ, തിരുവല്ല ബിലീവേഴ്സ് ചർച്ച് റസിഡൻഷൽ സ്കൂൾ കുറ്റപ്പുഴ എന്നിവിടങ്ങളിൽ നടക്കും . രണ്ട് സ്കൂളുകളിലുമായി തയാറാക്കിയിരിക്കുന്ന നാല് പ്രധാന വേദികളിലും 19 ഉപവേദികളിലുമാണ് മൽസരങ്ങൾ നടക്കുക . 54 വിദ്യാലയങ്ങളിൽ നിന്നും 4938 വിദ്യാർഥികൾ പങ്കെടുക്കും.
നൃത്തം, സംഗീതം, ഉപകരണ സംഗീതം, ചിത്രരചന, സാഹിത്യ രചന, പ്രസംഗം, ഏകാങ്ക നാടകം (ഇംഗ്ലീഷ്), മൂകാഭിനയം, ബാൻഡ്മേളം, പാശ്ചാത്യ സംഗീതം തുടങ്ങിയ ഇനങ്ങളിലാണ് മത്സരം. വിവിധ വിഭാഗങ്ങളിലായി 140 മത്സര ഇനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.
ഇന്നു രാവിലെ 11ന് മാന്താനം ചോയ്സ് സ്കൂളിൽ കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലസ് ജനറൽ സെക്രട്ടറി ദീപ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. രചന, നൃത്ത ഇനങ്ങൾ ഉൾപ്പെടെ മൂന്നുദിവസത്തെ മത്സരങ്ങളും ചോയ്സ് സ്കൂളിലായിരിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു.
സെൻട്രൽ ട്രാവൻകൂർ സഹോദയ കോംപ്ലക്സ് പ്രസിഡന്റ് ബിൻസി സൂസൻ ടൈറ്റസ്,ജനറൽ സെക്രട്ടറി സിസ്റ്റർ മിനു എലിസബത്ത് ജോസഫ്, ട്രഷറർ നിഷ എബി, ലതാ പ്രകാശ്, അനീഷാ സെൻ, ഷേർലി ആൻ തോമസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.