വിമാനത്താവളം: കൊടുമൺ എസ്റ്റേറ്റ് കൂടി പരിഗണിക്കണമെന്ന് ആക്ഷൻ കൗൺസിൽ
1594555
Thursday, September 25, 2025 3:39 AM IST
പത്തനംതിട്ട: ശബരിമല വിമാനത്താവളം സംബന്ധിച്ച സാമൂഹിക ആഘാത പഠനം നടത്താൻ പ്ലാന്റേഷൻ കോർപ്പറേഷന്റെ കൊടുമൺ എസ്റ്റേറ്റ് കൂടി പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ സർക്കാർ തയാറാകണമെന്നു ശബരിമല കൊടുമൺ വിമാനത്താവള ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വിമാനത്താവളം ആവശ്യമുന്നയിച്ച് കൊടുമൺ കൗൺസിൽ കഴിഞ്ഞ നാലു വർഷമായി പ്രവർത്തിക്കുന്നു. പല നിവേദനങ്ങൾ നൽകി. കളക്ടറേറ്റ് ധർണ ഉൾപ്പെടെയുള്ള സമരം ഉടൻ ആരംഭിക്കുമെന്നും 28നു കൂടുന്ന ആക്ഷൻ കൗൺസിൽ യോഗം ഇക്കാര്യത്തിൽ തീരുമാനങ്ങളെടുക്കുമെന്നും അവർ പറഞ്ഞു.
ശബരിമല വിമാനത്താവളം സംബന്ധിച്ച പഠനത്തിൽ കൊടുമൺ എസ്റ്റേറ്റ് കൂടി പരിഗണിക്കണമെന്നു സംസ്ഥാന സർക്കാരിനു ഹൈക്കോടതി നിർദേശം നൽകിയിട്ടും യാതൊരു നടപടികളും സ്വീകരിച്ചിരുന്നില്ല. ഉദ്യോഗസ്ഥർ തമ്മിലുള്ള ഒളിച്ചുകളി തുടരുകയാണന്ന ഭാരവാഹികൾ പറഞ്ഞു.
സർക്കാർ ഉടമസ്ഥതയിലുള്ള കൊടുമൺ എസ്റ്റേറ്റ് 1200 ഓളംഹെക്ടർ റവന്യു ഭൂമിയാണ്. ഈ തോട്ടങ്ങൾ അടൂർ താലൂക്കിലെ കൊടുമൺ, അങ്ങാടിക്കൽ, കലഞ്ഞൂർ, ഏനാദിമംഗലം എന്നീ വില്ലേജുകളിൽ വ്യാപിച്ചു കിടക്കുന്നു. കൂടുതൽ സ്ഥലങ്ങളും കുറ്റിക്കാടുകളും കളകളും വളർന്ന് ഉപയോഗശൂന്യമാണ് . നിർദിഷ്ട ഭൂമിയിൽ വിമാനത്താവളം സാധ്യമായാൽ പരിസ്ഥിതിക്കു യാതൊരുവിധ ആഘാതവും ഉണ്ടാകില്ല.
യാത്രാസൗകര്യവും മെച്ചമാണ് റെയിൽവേ സ്റ്റേഷനുകൾ, കെപി റോഡ്, എംസി റോഡ്, പുനലൂർ- മൂവാറ്റുപുഴ, മാവേലിക്കര - പത്തനംതിട്ട റോഡുകൾ 5, 10 കിലോമീറ്ററിനുള്ളിലാണ്. അയൽ ജില്ലകളായ കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകൾക്കും അയൽ സംസ്ഥാനമായ തമിഴ്നാടിന്റെ അതിർത്തി ജില്ലകൾക്കും നിർദിഷ്ടവിമാനത്താവളം ഏറെ പ്രയോജനപ്പെടും.
കോന്നി ആനത്താവളം, ഇക്കോ ടൂറിസം, ഗവി, പെരുന്തേനരുവി, കാട്ടാത്തിപ്പാറ, കക്കി, മൂഴിയാർ ഡാം, മൂന്നാർ, ഇടുക്കി ഡാം, വാഗമൺ, തേക്കടി, കുമരകം, വേമ്പനാട്ടു കായൽ, ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങൾ എന്നിവ കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിന് നിർദിഷ്ട എയർ പോർട്ട് കൂടുതൽ പ്രയോജനപ്പെടും.
സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതായതിനാൽ ഭൂമി ഏറ്റെടുക്കുന്ന വകയിൽ സംസ്ഥാന സർക്കാരിന് കോടികളുടെ ലാഭം ഉണ്ടാകും. താമസക്കാർ ആരും ഇല്ലാത്തതിനാൽ, ആരെയും കുടിയൊഴിപ്പിക്കേണ്ടി വരുന്നില്ല.നിർദിഷ്ട വിമാനത്താവളം നിർമാണത്തിൽ പണം നിക്ഷേപിച്ചു പങ്കാളികൾ ആകാം എന്നു പല വിദേശ മലയാളികളും അറിയിച്ചിട്ടുണ്ട്.
കൊടുമൺ വിമാനത്താവള ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ, ശ്രീജിത്ത് ഭാനുദേവ്, ആർ. പത്മകുമാർ, കൊടുമൺ വിജയൻ നായർ, ടി. തുളസീധരൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.