സേവനത്തിലെ വീഴ്ച: ഉപഭോക്തൃ കമ്മീഷന് വിധിയില്‍ കെഎസ്ആര്‍ടിസി പിഴ അടച്ചു
1594113
Wednesday, September 24, 2025 3:52 AM IST
പത്തനംതിട്ട: മുന്‍കൂര്‍ പണം അടച്ച് റിസര്‍വ് ചെയ്ത ടിക്കറ്റില്‍ സേവനം നല്കുന്നതില് വീഴ്ച വരുത്തിയ കെഎസ്ആര്ടിസിക്കെതിരേയുള്ള വിധി പിഴ അടച്ച് ഒത്തുതീര്‍പ്പാക്കി. ഏറത്ത് പ്രിയഭവനില്‍ പി. പ്രിയ, കെഎസ്ആര്‍ടിസിക്കെതിരേ നല്കിയ ഹര്‍ജിയിലാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍നിന്നു വിധി ഉണ്ടായത്.
കേസില്‍ നഷ്ടപരിഹാരം നല്കാന് നേരത്തേ വിധിയുണ്ടായെങ്കിലും വിധി അനുസരിക്കാന്‍ കെഎസ്ആര്‍ടിസി തയാറാകാതെ വന്നതോടെ വിധി നടത്തിപ്പിനായി കമ്മീഷനെ സമീപിച്ചിരുന്നു. തുടര്‍ന്ന് കമ്മീഷന് കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അറസ്റ്റ് ഒഴിവാക്കുന്നതിലേക്കാണ് 82,555 രൂപ കെഎസ്ആര്‍ടിസി അടച്ചത്.
ചൂരക്കോട് എന്‍എസ്എസ് എച്ച്എസ്എസിലെ അധ്യാപികയും മൈസൂറില്‍ പിഎച്ച്ഡി വിദ്യാര്‍ഥിനിയുമായ പി. പ്രിയ 2018 ഓഗസ്റ്റ് രണ്ടിനു രാവിലെ ഒമ്പതിന് മൈസൂരില്‍ പിഎച്ച്ഡി ഗൈഡുമായുള്ള അഭിമുഖത്തില്‍ പങ്കെടുക്കുന്നതിലേക്ക് ഒന്നിനു രാത്രി 8.30ന് കൊട്ടാരക്കരയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി സ്കാനിയ എസി ബസില്‍ 1003 രൂപ നല്കി സീറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്തിരുന്നു.
ജൂലൈ 29നാണ് ടിക്കറ്റ് റിസര്‍വ് ചെയ്തത്. യാത്ര ചെയ്യേണ്ട ദിവസം ബസിന്റെ സമയത്തെ സംബന്ധിച്ച സന്ദേശം ഫോണില്‍ എത്തിയെങ്കിലും രാത്രി ഒമ്പതോടെ ബസ് റദ്ദായ വിവരം കൊട്ടാരക്കര ബസ് സ്റ്റേഷനില്‍നിന്ന് അറിയുകയായിരുന്നു. വീട്ടില്‍നിന്നും 15 കിലോമീറ്റര്‍ ടാക്സിയില്‍ യാത്ര ചെയ്താണ് കൊട്ടാരക്കരയിലെത്തിയത്. പിന്നീട് രാത്രി 11.15ന് കായംകുളത്തെത്തി അവിടെനിന്നുള്ള മൈസൂര്‍ ബസില്‍ പോകുകയായിരുന്നു.
എന്നാല്‍ വൈകിയാണ് മൈസൂരിലെത്തിയത്. എത്താന്‍ വൈകിയതിനാല്‍ ഗൈഡുമായി അന്നു നിശ്ചയിച്ച അഭിമുഖം നടന്നില്ല. തുടര്‍ന്ന് ഓഗസ്റ്റ് അഞ്ചുവരെ അവിടെ തങ്ങേണ്ടിവന്നു. ബസ് റദ്ദായപ്പോള്‍ കാന്‍സൽ ചെയ്ത ടിക്കറ്റിന്റെ തുകയായ 1003 രൂപ തിരികെ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല.
കെഎസ്ആര്‍ടിസിയുടെ സര്‍വീസിലെ അപര്യാപ്തത ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ ഹര്‍ജി നല്‍കിയത്. കെഎസ്ആര്‍ടിസിയുടെ ഭാഗത്തെ സേവനവീഴ്ച ബോധ്യപ്പെട്ട കമ്മീഷന് 1003 രൂപ ടിക്കറ്റ് ചാര്‍ജ് റീഫണ്ട് ചെയ്യാനും നഷ്ടപരിഹാരവും കോടതി ചെലവും ഉള്‍പ്പെടെ 82,555 രൂപ കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ നല്‍കാനും ഉത്തരവിടുകയായിരുന്നു.
പിഴ അടയ്ക്കാന്‍ കെഎസ്ആര്‍ടിസി എംഡി തയാറാകാതെ വന്നതോടെയാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്ത് കമ്മീഷനില്‍ ഹാജരാക്കാന്‍ ഉത്തരവിട്ടത്. ഉത്തരവ് അറിഞ്ഞ ഉടന്‍ 82,555 രൂപ കക്ഷിക്ക് നല്‍കുകയും വാറണ്ട് റദ്ദാക്കാന്‍ കമ്മീഷനോട് ആവശ്യപ്പെടുകയും ചെയ്തു. കമ്മീഷന് പ്രസിഡന്റ് ബേബിച്ചന് വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേര്‍ന്നാണ് ഉത്തരവ് പുറപ്പെടുവിച്ചത്.