കമ്യൂണിറ്റി പോലീസ് ഓഫീസർമാർക്ക് ഐഎംജി പരിശീലനം
1593944
Tuesday, September 23, 2025 2:14 AM IST
പത്തനംതിട്ട: ജില്ലയിലെ എസ്പിസി പ്രോജക്ടിലെ കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ അധ്യാപകർക്കുള്ള ഐഎംജി നോൺ റസിഡൻഷൽ പരിശീലനം ആരംഭിച്ചു. ജില്ലയിലെ 41 സ്കൂളുകളിലെ അധ്യാപകർക്കായി മൂന്നു ദിവസത്തെ പരിശീലനമാണ് പത്തനംതിട്ട ജില്ലാ പോലീസ് സഹകരണ സംഘം കോൺഫറൻസ് ഹാളിൽ ആരംഭിച്ചത്.
ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഉദ്ഘാടനം നിർവഹിച്ചു. എസ്പിസി പദ്ധതിയിലെ കേഡറ്റുകൾക്കിടയിലെ മയക്കുമരുന്ന്, ഡിജിറ്റൽ ആസക്തികൾ ഇല്ലാതാക്കുന്നതിനും മാനസികാരോഗ്യം വർധിപ്പിക്കുന്നതിനുമുള്ള ക്ലാസുകൾ നൽകുന്നതിന് അധ്യാപകർക്ക് ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടുതൽ പരിശീലനം നൽകുമെന്ന് എസ്പി അറിയിച്ചു.
നാർക്കൊട്ടിക് സെൽ ഡിവൈഎസ്പി ബി. അനിൽ അധ്യക്ഷത വഹിച്ചു. എസ്പിസി അസിസ്റ്റന്റ് ഡിസ്ട്രിക്ട് നോഡൽ ഓഫിസർ എസ്ഐ ജി. സുരേഷ് കുമാർ സ്വാഗതവും സീതത്തോട് കെആർപിഎം എച്ച്എസ് സിപിഒ മനോജ് ബി. നായർ നന്ദിയും പറഞ്ഞു.