കുരമ്പാലയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ബൈക്ക് യാത്രക്കാരന് മരിച്ചു
1594556
Thursday, September 25, 2025 3:39 AM IST
പന്തളം: എംസി റോഡില്‍ കുരമ്പാലയില്‍ നിയന്ത്രണം വിട്ട കാര്‍ മറ്റൊരു കാറിലും രണ്ടു ബൈക്കുകളിലുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. രണ്ടുപേര്‍ക്ക് പരിക്ക്. പന്തളം ചേരിക്കല്‍ മീനത്ത് ചരിഞ്ഞതില്‍ സൈദു മുഹമ്മദിന്റെ മകന് മുഹമ്മദ് റിയാസാണ് (34) മരിച്ചത്. റിയാസിനോടൊപ്പം ബൈക്കില്‍ ഉണ്ടായിരുന്ന പന്തളം ചേരിക്കല്‍ ഭരത് ഭവനത്തില്‍ ഭരത് മോഹൻ(26), മറ്റൊരു ബൈക്ക് യാത്രക്കാരനായ പന്തളം കുടശനാട് അമല്‍ നിവാസില്‍ അമല്‍ജിത്ത് (29) എന്നിവര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഭാരത് മോഹന്‍ പരിക്ക് ഗുരുതരമാണ്.
ഭരത് മോഹനെ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമല്‍ജിത്ത് പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തേ തുടര്‍ന്ന് പരിക്ക് ഗുരുതരമായിരുന്ന റിയാസിനെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു.
അടൂര്‍ വടക്കേടത്തുകാവിലെ ടാറ്റാ നെക്സോണ്‍ കമ്പനിയിലെ ജീവനക്കാരാണ് അപകടത്തിൽപെട്ട മൂന്നുപേരും. രണ്ട് ബൈക്കിലായി പന്തളത്തുനിന്നും അടൂരിലേക്ക് പോയ യുവാക്കള്‍ക്കാണ് ഇവര്‍. എംസി റോഡില്‍ കുരമ്പാല പത്തിരിപ്പടിയില്‍ ബുധനാഴ്ച രാവിലെ 8.30 ഓടെയായിരുന്നു അപകടം.
തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ഭാര്യയെ യാത്രയാക്കി കല്ലിശേരിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സിനോജ് സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വരികയായിരുന്ന പന്തളം സ്വദേശി ശ്രീകുമാറിന്റെ കാറിലാണ് ആദ്യം ഇടിച്ചത്. ഇതിനു പിന്നിലായി ഉണ്ടായിരുന്ന രണ്ടു ബൈക്കുകളിലും ഇടിച്ചു. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.
അപകടത്തേ തുടര്‍ന്ന് എംസി റോഡില്‍ ഗതാഗതക്കുരുക്കും ഉണ്ടായി. അടൂരില്‍ നിന്നും എത്തിയ അഗ്നി രക്ഷാസേന അപകടത്തിൽപ്പെട്ട വാഹനങ്ങള്‍ മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.പന്തളം പോലീസും സ്ഥലത്തെത്തിയിരുന്നു. പോലീസ് ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം അടൂര്‍ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് രണ്ടിന് പന്തളം ചേരിക്കല്‍ മുസ് ലിം ജുമാ മസ്ജിദില്നടക്കും. ഭാര്യ: ശിഫ റിയാസ്. മകൾ: അസ്വ മറിയം.