നവരാത്രി സംഗീതോത്സവത്തിനു തുടക്കമായി
1593945
Tuesday, September 23, 2025 2:14 AM IST
പത്തനംതിട്ട: തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രത്തിലെ ഭാഗവത നവാഹ ജ്ഞാന യജ്ഞവും നവരാത്രിസംഗീതോൽസവവും ആരംഭിച്ചു. ഇന്നു രാത്രി ഏഴിന് നവരാത്രി സംഗീതോൽസവം ചലച്ചിത്ര താരം ചിപ്പി രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
രാത്രി 7.45 ന് ഭജൻ, ദിവസവും രാവിലെ ഭാഗവത പാരായണം, പ്രഭാഷണം, ദീപാരാധന, രാത്രി സംഗീത സദസ് എന്നിവ ഉണ്ടാകും. 27 ന് രാവിലെ 10 ന് നവഗ്രഹ പൂജ, രാത്രി 7.45 ന് നൃത്ത പൗർണമി, 28 ന് രാത്രി 7.45 ന് കഥകളി , 29 ന് വൈകുന്നേരം നാലിന് വിദ്യാഗോപാല മന്ത്രാർച്ചന തുടർന്ന് പൂജവയ്പ്, 30 ന് വൈകുന്നേരം 4.30 ന് കുമാരി പൂജ, രാത്രി 7.45 ന് നൃത്തഗ്രാം നൃത്ത നിലാവ്, ഒക്ടോബർ ഒന്നിന് ഉച്ചകഴിഞ്ഞ് ഒന്നിന് സംഗീത മാധുരി , 3.30 ന് അവഭൃഥ സ്നാനം, രാത്രി ഏഴിന് വയലിൻനാദ വിസ്മയം രണ്ടിനു രാവിലെ 7.30 ന് പൂജയെടുപ്പ്, എട്ടിന് വിദ്യാരംഭം. എൻഎസ്എസ് ഡയറക്ടർ ബോർഡംഗം പന്തളം ശിവൻകുട്ടി ഭദ്രദീപ പ്രകാശനം നിർവഹിക്കും. മുൻ ജില്ലാ കളക്ടർ പി. വേണുഗോപാൽ വിജയദശമി സന്ദേശം നൽകും. 9.30ന് പഞ്ചരത്ന കീർത്താലാപനം, 10.30 ന് സംഗീതാർച്ചന, 12.30 ന് സമൂഹസദ്യ, രാത്രി ഏഴിന് നൃത്തോത്സവം എന്നിവ ഉണ്ടാകും.
ക്ഷേത്ര സമിതി പ്രസിഡന്റ് പി. കെ. കൃഷ്ണൻകുട്ടി, സെക്രട്ടറി രമേശ്ബാബു, കൺവീനർ കെ. മധുസൂദനക്കുറുപ്പ് , രാധാകൃഷ്ണൻ നായർ, വിനോദ് കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പന്തളം: സരസ്വതി ക്ഷേത്രം നവരാത്രി മണ്ഡപത്തിൽ ഉത്സവത്തിനു തുടക്കമായി. പാട്ടുപുരക്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്ന് നവരാത്രി മണ്ഡപത്തിലേക്ക് വിളംബര ഘോഷയാത്ര നടന്നു.
എൻഎസ്എസ് പ്രസിഡന്റ് എൻ.വി. ആനന്ദൻപിള്ള ആഘോഷം ഉദ്ഘാടനം ചെയ്തു. പന്തളം ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.
ഇന്നു വൈകുന്നേരം നാല് മുതൽ സംഗീത സദസ്. ഏഴിനു നാടകം, നാളെ വൈകുന്നേരം നാലിന് ഭജന. 25നു വൈകുന്നേരം നാലിന് ഭജന, രാത്രി ഏഴിന് സംഗീത സദസ്. തുടർന്നുള്ളദിവസങ്ങളിലും സംഗീത സദസ്, നൃത്തനൃത്ത്യങ്ങൾ എന്നിവ അരങ്ങേറും. 28നു വൈകുന്നേരം ഡോ.അനില ജി. നായരുടെ പ്രഭാഷണം. 29നു വൈകുന്നേരം തിരുവാതിര. രാത്രി ഏഴിനു നാടകം. ഒക്ടോബർ ഒന്നിന് വൈകുന്നേരം നാലിന് സംഗീതാർച്ചന. തുടർന്ന് സമാപന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അവാർഡ് കൈമാറും.രണ്ടിനു രാവിലെ മുതൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം. മഹാസരസ്വതി പൂജ, ഏഴിന് പൂജയെടുപ്പ്, വിദ്യാരംഭം.
ചക്കുളത്തുകാവിൽ നവരാത്രി നൃത്ത സംഗീതോത്സവത്തിന് തിരിതെളിഞ്ഞു
തിരുവല്ല: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് നടത്തി വരാറുള്ള ചക്കുളത്തമ്മ നൃത്ത സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ കൂടിയ സംഗീതോത്സവ ചടങ്ങുകൾക്ക് ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരിഉദ്ഘാടനം ചെയ്തു. ട്രസ്റ്റിമാരായ അശോകൻ നമ്പൂതിരി, രഞ്ചിത്ത് ബി. നമ്പൂതിരി, ദുർഗാ ദത്തൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു.
കേരളത്തിനകത്തും പുറത്തും നിന്നുമുള്ള പ്രശസ്തരായ സംഗീതജ്ഞരും, കലാകാരന്മാരും, കലാകാരികളും പങ്കെടുക്കും. സംഗീതാർച്ചനയ്ക്കു പുറമേ ഭരതനാട്യം, കുച്ചിപ്പുടി കഥകളി, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, തെയ്യം, കോലം തുടങ്ങിയവയും അരങ്ങേറും.