സംസ്ഥാനത്തിന്റെ ഭാവി വികസന ലക്ഷ്യങ്ങള്‍ ചര്‍ച്ച ചെയ്യും: മന്ത്രി
1593946
Tuesday, September 23, 2025 2:14 AM IST
പത്തനംതിട്ട: കേരളത്തിന്റെ ഭാവി വികസന ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും 2031 ല്‍ സംസ്ഥാനം എങ്ങനെ ആയിരിക്കണമെന്ന വിപുലമായ കാഴ്ചപ്പാട് രൂപീകരിച്ച് ആശയങ്ങള്‍ ശേഖരിക്കുന്നതിനുമായി വിവിധ സർക്കാർ വകുപ്പുകൾ സെമിനാറുകള്‍ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട ജില്ലയില്‍ ഒക്ടോബര്‍ 14 ന് നടക്കുന്ന ആരോഗ്യ സെമിനാറിന്റെ ഭാഗമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണ യോഗത്തില്‍ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനതലത്തില്‍ 33 വിഷയങ്ങളിലാണ് വിഷന്‍ 2031 എന്ന പേരില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. ആരോഗ്യ, ഗതാഗത വകുപ്പുകളുടെ സെമിനാറുകളാണ് പത്തനംതിട്ട ജില്ലയില്‍ നടക്കുന്നത്. ആരോഗ്യമേഖലയില്‍ കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ വികസന നേട്ടങ്ങള്‍, നിലവിലുള്ള നയങ്ങൾ, സുപ്രധാന പദ്ധതികള്‍ എന്നിവ സെമിനാറില്‍ അവതരിപ്പിക്കും.
ശേഷം ഭാവി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിദഗ്ധ പാനല്‍ ചര്‍ച്ച നടക്കും. ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ ക്രോഡീകരിച്ച് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭാവി വികസന നയം രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സെമിനാറിന്റെ സുഗമമായ നടത്തിപ്പിന് മന്ത്രി വീണാ ജോര്‍ജ് ചെയര്‍പേഴ്സണായി സംഘാടകസമിതി രൂപീകരിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാർ, ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി. തോമസ്, കെ. യു. ജനീഷ് കുമാര്‍, പ്രമോദ് നാരായൺ, നഗരസഭ ചെയര്പേഴ്സണ്മാര്, പ്ലാനിംഗ് ബോര്‍ഡ് എക്സ്പേര്‍ട്ട് അംഗം ഡോ. പി. കെ. ജമീല എന്നിവര്‍ വൈസ് ചെയര്‍പേഴ്സണ്‍മാരാകും. ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന് ജനറല്‍ കണ്‍വീനറും സബ് കളക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍ കണ്‍വീനറുമാകും. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍ ജോയിന്റ് ജനറല്‍ കണ്‍വീനറുമാകും.
ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന് ഖോബ്രഗഡെ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം, പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ ടി സക്കീര്‍ ഹുസൈൻ, ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണൻ, സബ് കളക്ടര്‍ സുമിത് കുമാര്‍ താക്കൂർ, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബിബിന്‍ കെ. ഗോപാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എൽ. അിതകുമാരി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ എസ്. ശ്രീകുമാര്‍, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.