ഏഴംകുളം പാലത്തിന് സുരക്ഷാ സംവിധാനങ്ങളില്ല
1594117
Wednesday, September 24, 2025 3:52 AM IST
അടൂർ: ഏഴംകുളം - കൈപ്പട്ടൂർ റോഡ് പണിയുടെ ഭാഗമായി ഏഴംകുളം എൽപി സ്കൂളിനു സമീപം പുതുക്കിപ്പണിത കനാൽ പാലത്തിനു സുരക്ഷാ സംവിധാനങ്ങളില്ല.
പാലത്തിൽ തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ രാത്രി സമയത്ത് വെളിച്ചവുമില്ല. മുന്നറിയിപ്പ് സംവിധാനങ്ങളുമില്ലാത്തതിനാൽ അമിതവേഗത്തിൽ വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായി.
ശ്രദ്ധ മാറിയാൽ വാഹനങ്ങൾ നടപ്പാതയുടെ തിട്ടയിൽ തട്ടാനും സാധ്യതയുണ്ട്. പാലത്തിന്റെ ഇരുവശത്തുമുള്ള കൈവരികൾക്കും വലിയ ഉയരമില്ല. പാലത്തിന്റെ നടപ്പാതയിലേക്ക് കയറാനും ഉയരം കൂടുതലാണ്. മുകളിലേക്ക് ചവിട്ടി കയറാൻ പടിയില്ലാത്തതിനാൽ പ്രായമുള്ളവർക്കും മറ്റും നടപ്പാതയിലേക്ക് കയറാനും കഴിയുന്നില്ല.