സെൻട്രൽ ട്രാവൻകൂർ സഹോദയ ഫെസ്റ്റിനു തുടക്കമായി
1594557
Thursday, September 25, 2025 3:39 AM IST
തിരുവല്ല: സെൻട്രൽ ട്രാവൻകൂർ സഹോദയ കോംപ്ലക്സ് കലോത്സവം തിരുവല്ല മാന്താനം കാമ്പസിലെ ചോയ്സ് സ്കൂളിൽ ആരംഭിച്ചു. കേരള സഹോദയ കോംപ്ലക്സുകളുടെ കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഡോ. ദീപ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കലോത്സവത്തിൽ ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 56 സ്കൂളുകളിൽ നിന്നുള്ള അയ്യായിരത്തിൽ പരം മത്സരാർഥികൾ 140 ഇനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. നൃത്തം, ഗാനം, വാദ്യസംഗീതം, പാശ്ചാത്യ സംഗീതം, പെൻസിൽ ഡ്രോയിംഗ്, പെയിന്റിംഗ്, പ്രബന്ധമെഴുത്ത്, കഥാരചന, കവിതാരചന, പ്രസംഗം, ബാൻഡ് മേളം തുടങ്ങി വിവിധ മത്സരങ്ങൾ നാല് പ്രധാന വേദികളിലും 19 ഉപവേദികളിലും അരങ്ങേറും. മാന്താനം സ്കൂളിലെ മത്സരങ്ങൾ ഇന്നും നാളെയും തുടരും. കലോത്സവത്തിന്റെ രണ്ടാം ഘട്ടം തിരുവല്ലയിലെ ബിലീവേഴ്സ് റെസിഡൻഷൽ സ്കൂളിൽ ഒക്ടോബർ 24, 25 തീയതികളിലാണ്.
ഉദ്ഘാടനച്ചടങ്ങിൽ പ്രോഗ്രാം കോഓർഡിനേറ്റർ ചിക്കു ശിവൻ, സെൻട്രൽ ട്രാവൻകൂർ സഹോദയ കോംപ്ലസ് പ്രസിഡന്റ് ബിൻസി സൂസൻ ടൈറ്റസ്, സെക്രട്ടറി സിസ്റ്റർ മിനി എലിസബത്ത് ജോസഫ്, ട്രഷറാർ നിഷാ എബി, ചോയ്സ് സ്കൂൾ പ്രിൻസിപ്പൽ അനിഷാ സെൻ, വൈസ് പ്രിൻസിപ്പൽ അന്ന ജോൺ നള്ളൂർ, സ്കൂൾ മാനേജർ അഖിൽ എസ്. മിഥുൻ, ജനറൽ കൺവീനർ ലതാ പ്രകാശ് വൈസ് പ്രസിഡന്റ് ഫാ. തോമസ്, സി.എം. ജോസഫ്, ഷേർളി ആൻ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.