മാലിന്യത്തിൽ മുങ്ങി നഗരത്തിലെ തോടുകൾ
1594561
Thursday, September 25, 2025 3:39 AM IST
പത്തനംതിട്ട: നഗരത്തിലൂടെയുള്ള തോടുകളിൽ മാലിന്യ പ്രവാഹമായതോടെ ജലസ്രോതസുകളും മലിനപ്പെട്ടു. കിണറുകൾ, തോടുകൾ, കുളങ്ങൾ എന്നിവയിലെ ജലത്തിൽ അമീബ, ബാക്ടീരിയ എന്നിവയുടെ അടക്കം സാന്നിധ്യമുള്ളതായി സൂചന. മാരകരോഗങ്ങൾ പരത്താനിടയാക്കുന്ന തരത്തിൽ നഗരമധ്യത്തിലെ തോടുകളും ജലാശയങ്ങളും മലിനപ്പെട്ടിരിക്കുകയാണ്. ആരോഗ്യ വകുപ്പിനും നഗരസഭയ്ക്കും മൂക്കിനു താഴെയാണ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ വെല്ലുവിളിയാകുന്നത്.
നഗരത്തിലെ ജലസ്രോതസുകളിൽ മാലിന്യം ഏറുന്നതായി അധികൃതരും സമ്മതിക്കുന്നുണ്ട്. ഓടകളിൽ നിന്നും ശൗചാലയങ്ങളിൽ നിന്നുമുള്ള വെള്ളം നേരിട്ട് കൈത്തോടുകളിലേക്കു പലയിടങ്ങളിലും പ്രവഹിക്കുന്നുണ്ട്. ഇവ നഗരമധ്യത്തിലൂടെ ഒഴുകി ചെന്നുചേരുന്നത് അച്ചൻകോവിലാറ്റിലേക്കാണ്.
നഗരത്തിലൂടെയുള്ള തോടുകളുടെ സമീപത്തെ കിണറുകളും അച്ചൻകോവിലാറ്റിൽ കുടിവെള്ള വിതരണ പദ്ധതിയുടെ കിണറും മലിനപ്പെടാൻ ഇതു കാരണമാകുന്നു.
തോടുകളിൽ ശുചീകരണമില്ല
നഗരത്തിലേതടക്കം കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കാനോ തോട് മലിനപ്പെടുന്നത് തടയാനോ നടപടികളില്ല. മൂന്നു വർഷം മുന്പ് ജനകീയ പങ്കാളിത്തത്തോടെ നഗരത്തിലെ തോടുകൾ ശുചീകരിച്ചിരുന്നു. പിന്നീട് ഒരു നടപടിയുമില്ല.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു വരുന്ന മാലിന്യങ്ങളും ഹോട്ടലുകളിലും വീടുകളിലുംനിന്നുള്ള കക്കൂസ് മാലിന്യങ്ങളും ഒഴുകിയെത്തുന്നത് പൊതുനിരത്തുകളോടു ചേർന്ന കൈത്തോടുകളിലേക്കാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി മഴ തുടരുന്നതിനാൽ വെള്ളമൊഴുക്ക് എല്ലായിടത്തുമുണ്ട്.
ഇതുമൂലം മാലിന്യം വേഗത്തിൽ വ്യാപിക്കുകയും ചെയ്യും. ജലമൊഴുക്കിന്റെ ശക്തി കുറയുന്നതോടെ മാലിന്യം കെട്ടിക്കിടന്നു ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.
വിവിധ സർക്കാർ ഏജൻസികളുടെറിപ്പോർട്ട് അനുസരിച്ച്, സമീപകാലത്ത് ജില്ലയിലെ നദികളിൽ കുളിക്കുകയും നീന്തൽ പരീശിലനം നടത്തുന്ന കുട്ടികളിൽ മസ്തിഷ്ക ജ്വരം, മഞ്ഞപ്പിത്തം, ത്വക് രോഗങ്ങൾ പടരാനുള്ള സാധ്യതയുണ്ടെന്നാണ്.
കോളിഫോം ബാക്ടീരിയ
നഗരത്തോടു ചേർന്ന കിണർ വെള്ളം അടക്കം പരിശോധിച്ചതിൽ അനുവദനീയമായതിലും അളവിലും കോളിഫോം ബാക്ടീരിയ കണ്ടെത്തിയിരുന്നു. കുടിക്കാൻ യോഗ്യമല്ല വെള്ളമെന്നാണ് റിപ്പോർട്ടുകൾ. നദികളിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ശൗചാലയ മാലിന്യങ്ങൾ വെള്ളത്തിൽ കലരുന്നതാണ് ഇതിനു പ്രധാന കാരണം. ഹോട്ടലുകൾ, തട്ടുകടകൾ, ജൂസ് വില്പനശാലകൾ എന്നിവിടങ്ങളിൽനിന്നുള്ള മലിനജലം ഒഴുക്കിവടുന്നതും തോടുകളിലേക്കാണ്. ഓടകളിലേക്ക് ഒഴുകിയെത്തുന്ന വെള്ളം നേരിട്ട് തോട്ടിലേക്കാണ് വരുന്നത്.
പരിശോധനകൾ കർശനമാക്കണം
ജല പരിശോധനയും മാലിന്യമൊഴുക്ക് തടയാനുള്ള നടപടികൾ കർശനമാക്കുകയുമാണ് വേണ്ടതെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. നഗരത്തിലെ തോടുകളുടെയും കുളങ്ങളുടെയും ജലഗുണനിലവാരം സ്ഥിരമായി പരിശോധിക്കുകയും സമീപത്തെ കുടിവെള്ള സ്രോതസുകൾ മാലിന്യമുക്തമെന്ന് ഉറപ്പാക്കുകയും വേണം.
ഹോട്ടലുകളും വീടുകളും ഉൾപ്പെടെയുള്ള ഓരോ സ്ഥാപനത്തിനും മാലിന്യ സംസ്കരണ പരിശോധനകൾ നിർബന്ധമാക്കണമെന്നും ഇതിനു പുറമേ ജലാശയങ്ങളിൽ കുളിക്കാനെത്തുന്നവർ ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കേണ്ടത് അനിവാര്യമാണെന്ന് പറയുന്നു.
വെള്ളം മലിനപ്പെടുത്തുന്നവർക്കെതിരേ നടപടിയെടുക്കാൻ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഇടപെടണമെന്നതാണ് മറ്റൊരു ആവശ്യം. രണ്ടാഴ്ച മുന്പ് കുടിവെള്ള ശുചീകരണത്തിന് ഇറങ്ങിത്തിരിച്ച ആരോഗ്യവകുപ്പ് ക്ലോറിൻ കിണർ വെള്ളത്തിൽ കലർത്തി മടങ്ങുകയായിരുന്നു.