ലഹരിക്കെതിരേ കളിക്കളങ്ങൾ ഒരുക്കി കുടുംബശ്രീ
1594100
Wednesday, September 24, 2025 3:39 AM IST
പത്തനംതിട്ട: ലഹരിക്കെതിരേ കളിയും കളിക്കളവും പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ പഞ്ചായത്ത് വാർഡുകളിൽ കളിക്കളങ്ങളും കളിക്കാനുള്ള ടീമുകളും സജ്ജമാക്കിയ മുഴുവൻ സിഡിഎസുകൾക്കും ജില്ലാ ശിശുക്ഷേമസമിതി ഫുട്ബോളുകൾ വിതരണം ചെയ്തു.
കുളനട പ്രീമിയം കഫെ ഹാളിൽപന്തളം മുൻസിപ്പൽ കൗൺസിലർ ലസിത വി.നായർ സിഡിഎസ് ചെയർപേഴ്സൺമാർക്ക് ഫുട്ബോളുകൾ വിതരണം ചെയ്തു.ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ് അജിത് കുമാർ അധ്യക്ഷത വഹിച്ചു.
കുട്ടികളെ കളികളിൽ ഏർപ്പെടുത്തി അവരുടെ ആരോഗ്യ സംരക്ഷണത്തോടൊപ്പം സൗഹൃദങ്ങളും വളർത്തി സാമൂഹ്യ വിപത്തായ ലഹരിക്കെതിരേ പോരാടാനാണ് ജില്ലാ ശിശുക്ഷേമ സമിതി കുടുംബശ്രീയുമായി ചേർന്ന് പദ്ധതിക്ക് രൂപം നൽകിയത്. ഒരു വാർഡിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരു ടീമെങ്കിലും വേണം. വാർഡ്, ബ്ലോക്ക്, ജില്ലാതലത്തിൽ മത്സരം സംഘടിപ്പിക്കും. ഒക്ടോബറിൽ ജില്ലാതല മത്സരങ്ങൾ നടക്കും.
കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ എസ്. ആദില, അസിസ്റ്റന്റ് ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ ബിന്ദുരേഖ, ശിശുക്ഷേമ സമിതി സെക്രട്ടറി പൊന്നമ്മ, ട്രഷറര്‍ ദീപു, എക്സിക്യൂട്ടീവ് അംഗം മീര സാഹിബ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാരായ അർജുൻ സോമൻ, ഷിജു എം.സാംസൺ എന്നിവർ പ്രസംഗിച്ചു.