ജിഎസ്ടി ഇളവ് ആഘോഷിച്ച് വ്യാപാരമേഖല ഉണർവിൽ
1594099
Wednesday, September 24, 2025 3:39 AM IST
പത്തനംതിട്ട: ജിഎസ്ടി ഇളവിൽ വ്യാപാര മേഖല ഉണർവിൽ. ഉത്പന്നങ്ങളിലെ വിലക്കുറവ് വ്യാപാര സ്ഥാപനങ്ങളിൽനിന്നു ലഭിച്ചു തുടങ്ങി. പാൽ ഉത്പന്നങ്ങൾ, ടൂത്ത്പേസ്റ്റ്, സോപ്പ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വിലക്കുറവാണ് സാധാരണക്കാർക്ക് ആശ്വാസമാകുന്നത്.
പഴയ എംആർപി ആണ് പായ്ക്കറ്റുകളിലുള്ളതെങ്കിലും വിലക്കുറവ് കഴിഞ്ഞ ദിവസംതന്നെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളുടെ ബില്ലിംഗിൽ ഉണ്ടായിട്ടുണ്ട്. കംപ്യൂട്ടർ ബില്ലിംഗ് കഴിഞ്ഞ ദിവസംതന്നെ പുനഃക്രമീകരിച്ചിരുന്നതിനാൽ ഇളവിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്കും ലഭിച്ചിട്ടുണ്ട്. മരുന്നിന്റെ വിലയിലെ വ്യത്യാസവും ആശ്വാസമായി.
മെഡിക്കൽ സ്റ്റോർ ബില്ലിലാണ് ജിഎസ്ടി വ്യതിയാനം വേഗത്തിൽതന്നെ പ്രതിഫലിച്ചു തുടങ്ങിയത്. എന്നാൽ, ബില്ലിംഗിലെ വ്യത്യാസം ഉറപ്പാക്കാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്നു മാത്രം. ഇലക്ട്രോണിക്സ്, വാഹന വിപണികളിലും വിലക്കുറവ് പ്രകടമായതോടെ ഉപഭോക്താക്കൾ കൂടുതലായി എത്തുന്നുണ്ട്.
ഇത്തരം സ്ഥാപനങ്ങളിൽ നേരത്തെതന്നെ ബില്ലിംഗ് ക്രമീകരണം ചെയ്തിരുന്നതിനാൽ ഇളവ് പ്രഖ്യാപിച്ച ദിവസംതന്നെ പ്രാവർത്തികമാക്കാനായി. ഓണക്കാലത്ത് ഓർഡർ ലഭിച്ചതു പോലും പലരും ബിൽ ചെയ്യാൻ കാത്തിരിക്കുകയായിരുന്നു.
കാറുകൾക്ക് അര ലക്ഷം മുതൽ ഒന്നേകാൽ ലക്ഷം വരെ വില വ്യത്യാസം വന്നതായി പറയുന്നു. ഇതിനു പുറമേ ഉത്സവ ഓഫറുകൾ പല കന്പനികളും നീട്ടി. ഇലക്ട്രോണിക്സ് മേഖലയിൽ ടെലിവിഷനാണ് വിലക്കുറവ് ഏറ്റവുമധികം പ്രകടം. 32 ഇഞ്ചിനു മുകളിലുള്ള ടിവിക്ക് 35,000 രൂപ മുതൽ വിലക്കുറവുണ്ടായി. എസിക്കും 30,000 രൂപയോളം കുറഞ്ഞിട്ടുണ്ട്.
ചെറുകിട സ്ഥാപനങ്ങളിൽ ബില്ലിംഗ് പ്രശ്നം
ജിഎസ്ടി വ്യതിയാനം ചെറുകിട വ്യാപാര മേഖലയിൽ ആശങ്കയ്ക്കു കാരണമായിട്ടുണ്ട്. ബില്ലിംഗ് സംബന്ധിച്ച അവ്യക്തത നീങ്ങിയിട്ടില്ല. ഇളവുകളോടെ ബിൽ സെറ്റ് ചെയ്തെങ്കിലും എംആർപിയിലെ വ്യതിയാനം ഉപഭോക്താക്കളുമായി തർക്കത്തിനിടയാക്കുന്നുണ്ട്. ജിഎസ്ടി രജിസ്ട്രേഷൻ ഇല്ലാത്ത ചെറുകിട വ്യാപാരികളുടെ നിലവിലുള്ള ചരക്കിന് നികുതി കുറച്ച നിരക്കിൽ വിൽക്കേണ്ടി വരുന്നത് നഷ്ടമുണ്ടാകുമെന്നും പറയുന്നു.
എംആർപിയിൽനിന്നു നികുതി കുറയ്ക്കാൻ ഉപഭോക്താക്കൾ ആവശ്യപ്പെടുന്നതു പലേടത്തും പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. പഴയ സ്റ്റോക്കിൽ വ്യാപാരം നടക്കുന്പോൾ നേരത്തെ എടുത്തുവച്ച വിലയിൽ നിന്നു കുറവുണ്ടാകും. സ്റ്റോക്ക് നേരത്തെ എുത്തുവച്ചിരിക്കുന്നവരിൽ ഏറെയും ചെറുകിട വ്യാപാരികളാണ്. അതതു സമയത്തെ ജിഎസ്ടി കണക്കാക്കി വില നൽകിയാണ് ഇവർ സാധനങ്ങൾ വാങ്ങിയിരിക്കുന്നത്. ഇതിനൊപ്പം ചെലവും ലാഭവിഹിതവും കണക്കാക്കി വില നിശ്ചയിക്കാറുള്ളത്. അതിനു പുറമേയാണ് നികുതി.
പരിഷ്കരിച്ച വിലവിവരപ്പട്ടിക വ്യാപാരികള്‍ക്കു നല്‍കണമെന്നാണ് വ്യവസ്ഥയെങ്കിലും ഇതിനു കാലതാമസമുണ്ടാകും. ജിഎസ്ടി ഇളവിനു ശേഷമുള്ള പുതിയ വില നിലവിലെ പായ്ക്കിംഗ് കവറുകളില്‍ പ്രിന്റ് ചെയ്യാനോ സ്റ്റിക്കര്‍ പതിക്കാനോ അനുവാദമുണ്ട്. എന്നാല്‍, പഴയ വില മായ്ക്കാന്‍ പാടില്ല. നികുതിയിളവ് ഉപഭോക്താക്കള്‍ക്കു ബോധ്യമാകാന്‍ രണ്ടു വിലയുമുണ്ടാകണമെന്നാണ് നിഷ്കര്‍ഷിച്ചിരിക്കുന്നത്.
വിലക്കുറവിന്റെ നേട്ടത്തില്‍
വെണ്ണ, നെയ്യ്, പനീര്‍, ബ്രെഡ്, പായ്ക്കറ്റ് ചപ്പാത്തി, പഞ്ചസാര മിഠായികൾ, 20 ലിറ്ററിന്റെ വാട്ടര്‍ ബോട്ടിൽ, ജാം, ചോക്ലേറ്റ്, കോണ്‍ഫ്ളേക്സ്, കേക്ക്, ബിസ്കറ്റ്, ഐസ്ക്രീം, പ്രമേഹ രോഗികള്‍ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ എന്നിവയ്ക്കു വില കുറയും. പാലിനു ജിഎസ്ടി ഇല്ലാത്തതിനാല്‍ വില കുറയില്ല.
നെയ്യ് ലിറ്ററിനു 720 രൂപയില്‍നിന്ന് 45 രൂപ കുറയും. 240 രൂപയുണ്ടായിരുന്ന 400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് 225 രൂപയ്ക്കു ലഭിക്കും. മില്‍മയുടെ വാനില ഐസ്ക്രീം ലിറ്ററിനു 220 രൂപയില്‍നിന്ന് 196 രൂപയായി. ജീവന് രക്ഷാമരുന്നുകള്‍ക്കു വില കുറഞ്ഞത് പതിവായി മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് ആശ്വാസമായി.
പ്രമേഹ മരുന്നുകൾ, ഹിമോഫീലിയ മരുന്നുകള്‍, ശ്വാസകോശ രോഗത്തിനുള്ള മരുന്നുകള്‍ എന്നിവയ്ക്കു വില കുറയും. മെഴുകുതിരി, നാപ്കിന്, ടാല്‍കം പൗഡർ, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, ഷേവിംഗ് ക്രീം, സോപ്പുകട്ട എന്നീ നിത്യോപയോഗ സാധനങ്ങളുടെ വില കുറയുന്നത് വളരെ ആശ്വാസമാകും.
ബോധവത്കരണം നൽകണം
നികുതി അടയ്ക്കാത്ത ഇടത്തരം ചെറുകിട വ്യാപാരികള്‍ക്കു പുതിയ പരിഷ്കാരം ബുദ്ധിമുട്ടാകും. അടിസ്ഥാന വിലയുടെ നികുതി ഭാരമാണ് കുറയുന്നതെന്നു ജനങ്ങൾക്കു ബോധവത്കരണം നൽകണം.തർക്കങ്ങൾ ഒഴിവാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ ഇടപെടണം. നിലവിലുള്ള ചരക്ക് വിറ്റൊഴിയുന്നതുവരെ ലീഗൽ മെട്രോളജി വകുപ്പ് പരിശോധനകൾ ഒഴിവാക്കണം.
- പ്രസാദ് ജോൺ മാന്പ്ര
ജില്ലാ പ്രസിഡന്റ്, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി.