ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കും: മന്ത്രി ശിവന്‍കുട്ടി
1594562
Thursday, September 25, 2025 3:39 AM IST
കലഞ്ഞൂർ: ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കുന്നതിന് ഭൗതിക സൗകര്യങ്ങളോടൊപ്പം നവീന അധ്യയന രീതികളും ആവശ്യമാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി. കലഞ്ഞൂര്‍ മാങ്കോട് സര്‍ക്കാര്‍ എച്ച്എസ്എസിലെ എല്‍പി വിഭാഗം കെട്ടിടത്തിന്റെ ഉദ്ഘാടനവും പുതിയ ഹയര്‍സെക്കന്‍ഡറി ബ്ലോക്ക് നിര്‍മാണോദ്ഘാടനവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികള്‍ക്ക് സ്വയം പഠിക്കാന്‍ കഴിയുന്ന സൗകര്യങ്ങളാണ് 21-ാം നൂറ്റാണ്ടിലെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം. വിദ്യാര്‍ഥികള്‍ക്ക് സെല്‍ഫ് ലേണിംഗ് രീതിയിലൂടെ പഠനം കൂടുതല്‍ ലളിതമാക്കുന്ന ഡിജിറ്റല്‍ റിസോഴ്സുകള്‍ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. സ്കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നത് സര്‍ക്കാരിന്റെ ആദ്യ പരിഗണനയാണെന്നും മന്ത്രി പറഞ്ഞു. ആരോഗ്യവും പഠനവും കൈകോര്‍ക്കുന്ന സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കെ.യു. ജനീഷ് കുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. മണിയമ്മ മുഖ്യപ്രഭാഷണം നടത്തി. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. പുഷ്പവല്ലി, ജില്ലാ പഞ്ചായത്തംഗം വി.ടി. അജോമോൻ, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഏബ്രഹാം,
ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ബി.ആർ. അനില, എസ്എസ് ജില്ലാ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ റെനി ആന്റണി, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയര്‍ വി.എം. ജയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.