കാവുകളുടെ വികസനത്തിന് എംപി ഫണ്ട് അനുവദിക്കണം: കാവു പരിസ്ഥിതി സംരക്ഷണ സമിതി
1594119
Wednesday, September 24, 2025 3:55 AM IST
പത്തനംതിട്ട: കാവുകളുടെ സമഗ്ര വികസനത്തിന് എംപിമാരുടെ പ്രാദേശിക ഫണ്ട് അനുവദിക്കണമെന്ന് കാവു പരിസ്ഥിതി സംരക്ഷണ സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സംസ്ഥാനത്തെ 20 എംപിമാർക്കും നിവേദനം നൽകും.
ദേശാരാധനാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ജ്യോതിഷം, പൂജാദി കർമങ്ങൾ ചെയ്യുന്നവരെ ദേശീയ തൊഴിൽ നിയമത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര- സംസ്ഥാന തൊഴിൽ വകുപ്പിന് നിവേദനം സമർപ്പിക്കും. ദുർമന്ത്രവാദികൾക്കെതിരേ ശക്തമായ നടപടി സ്വകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ചെറുതും വലുതുമായ എല്ലാ കാവുകൾക്കും വർഷംതോറും ഗ്രാന്റ് നൽകണം. ജൈവ സമ്പത്ത് കുറവുള്ള കാവുകൾ ജൈവ സമ്പത്ത് ഉള്ളതാക്കി മാറ്റണം. കാവ് വികസനത്തിന് പദ്ധതി നടപ്പിലാക്കണം. ആവശ്യങ്ങൾ നടപ്പിലാക്കുവാൻ സമരപരിപാടികൾ ആരംഭിക്കുമെന്നും അവർ പറഞ്ഞു.
ദുർമന്ത്രവാദത്തിനെതിരേ സംഘടനകളും സർക്കാരും ബോധവത്കരണം നടപ്പിലാക്കണം. സംസ്ഥാന ജനറൽസെക്രട്ടറി എൻ.എൻ. ഗോപിക്കുട്ടൻ, കാവ് പരിസ്ഥിതി സംരക്ഷണ സമിതി തെക്കൻ മേഖല സെക്രട്ടറി കെ.ആർ.ജയമോഹൻ ശർമ, ആർ. കൃഷ്ണൻ തെങ്ങമം, കെ. ഗോപാലകൃഷ്ണൻ ഉള്ളനാട് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.