ആവേശം കെട്ടടങ്ങി; മയക്കുമരുന്ന് പരിശോധനകൾ കുറഞ്ഞു
1594111
Wednesday, September 24, 2025 3:52 AM IST
കോഴഞ്ചേരി: സാധാരണക്കാരെ പിഴ ചുമത്തി സർക്കാർ ഖജനാവിലേക്കു പണം സ്വരുക്കൂട്ടുന്ന തിരക്കിൽ മാരക ലഹരിയുമായി ബന്ധപ്പെട്ട പരിശോധനകൾ നിലച്ചു. സംസ്ഥാനത്തു വൻതോതിൽ രാസലഹരി അടക്കം ഒഴുകുന്നുവെന്ന സൂചനകളെത്തുടർന്ന് രണ്ടു മാസം മുന്‍പുവരെ ശക്തമായ പരിശോധനകൾ പോലീസും എക്സൈസും നടത്തിയിരുന്നു. വൻതോതിൽ ലഹരി വസ്തുക്കൾ പലേടങ്ങളിലായി പിടികൂടുകയും ചെയ്തു.
ഇപ്പോഴും ഇവയുടെ വരവും വിപണനവും യഥേഷ്ടം തുടരുകയാണെങ്കിലും പോലീസും എക്സൈസും പരിശോധനകൾ കുറച്ചു. അന്തർ സംസ്ഥാന ബന്ധത്തിന്റെ മറവിലാണ് മയക്കുമരുന്ന് ജില്ലയിലേക്ക് എത്തുന്നത്.
ഇതര സംസ്ഥാനങ്ങളിൽനിന്നെത്തുന്ന വാഹനങ്ങൾ ഉൾപ്പെടെ പരിശോധിച്ചു എംഡിഎംഎ പോലെയുള്ള രാസലഹരി വൻതോതിലാണ് പിടികൂടി വന്നത്. പ്രത്യേക സംഘംതന്നെ എല്ലാ പോലീസ് സ്റ്റേഷനുകളിലും പരിശോധനകൾക്കായി ഉണ്ടായിരുന്നു. നിലവിൽ ഇത്തരം പരിശോധനകൾ വിട്ടു വേഗത്തിൽ പണം കണ്ടെത്തുന്നതിലേക്കു സാധാരണക്കാർക്കു പിഴയിടാനാണ് പോലീസിനും താത്പര്യം.
വളവിലെ പരിശോധന
സന്ധ്യയാകുന്പോഴേക്കും പ്രധാന റോഡുകളുടെ വളവുകളിലും പോലീസ് പരിശോധന നട ത്തുന്നതായി ആക്ഷേപ മുണ്ട്. ടികെ റോഡിൽ നടക്കുന്ന ഇത്തരം പരിശോധനകൾ ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാതെ വരുന്നവരെയും മദ്യപിച്ച് വാഹനം ഓടിക്കുന്നവരെയും പിടികൂടാനാണ്. കോയിപ്രം പോലീസ് സ്റ്റേഷൻ പരിധിയിൽ മാരാമൺ ഭാഗത്താണ് വളവുകളിൽ പോലീസ് വാഹനം ഇട്ട് പരിശോധന നടത്തുന്നത്. വീതി കുറഞ്ഞ ഭാഗത്താണ് ഏറെയും പോലീസ് വാഹനം കിടക്കുന്നത്.
വെളിച്ചമില്ലാതെ റോഡിന്റെ വളവില്‍ പോലീസിന്റെ വാഹന പരിശോധന പാടില്ല എന്നു കേരള ഹൈക്കോടതിയുടെയും സംസ്ഥാന ആഭ്യന്തര വകുപ്പിന്റെയും ഉത്തരവ് നിലനിലക്കെയാണ് പുല്ലുവില കല്പിച്ചു കോയിപ്രം പോലീസിന്റെ വാഹനപരിശോധന.
അനാവശ്യ കമന്റുകൾ
പരിശോധനയ്ക്കിടെ ചില പോലീസുകാരുടെ കമന്റുകൾ കുടുംബമായി യാത്ര ചെയ്യുന്നവർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുമുണ്ട്. ആളുകൾക്കു ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലുള്ള ഇത്തരം പരിശോധനകൾ മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ മാത്രമാണ്. ഇതിനിടയിൽ മയക്കുമരുന്നു വ്യാപാരികൾ അടക്കം പോലീസിന്റെ കൺമുന്നിലൂടെ രക്ഷപ്പെട്ടു പോകുന്നുമുണ്ട്.
സാമൂഹ്യവിരുദ്ധശല്യം
കോയിപ്രം പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും വർധിച്ചുവരുന്ന സാമൂഹ്യവിരുദ്ധശല്യത്തെ സംബന്ധിച്ച പരാതികൾ പോലീസ് ഗൗനിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കോയിപ്രം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ പുല്ലാട് ഏഴാം വാര്‍ഡിലുള്ള പഞ്ചായത്ത് സ്റ്റേഡിയത്തില്‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മദ്യപാനവും കഞ്ചാവിന്റെയും മയക്കുമരുന്നുകളുടെയും ഉപയോഗവും വിതരണവും നടക്കുന്നതായി പരാതിയുണ്ട്. ഇതിനെ തിരേ ഇതുവരെ ശക്തമായ യാതൊരു നടപടിയുമുണ്ടായിട്ടില്ല.